ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. 47 റണ്‍സോടെ പീറ്റര്‍ സിഡിലും 11 റണ്‍സുമായി പാറ്റിന്‍സണുമാണ് ക്രീസില്‍. അപരാജിതമായ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 42 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ പരിക്കിന് പുറമെ ആഭ്യന്തര കുഴപ്പംമൂലം അഞ്ച് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ ഫിറോസ് ഷാ കോട്ലയില് മാനം കാക്കാന്‍ ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം മിച്ചല്‍ ജോണ്‍സണും ഹെന്റിക്കറിന് പകരം ഗ്ലെന്‍ മാക്സ്വെല്ലും ബ്രാഡ് ഹാഡിന് പകരം മാത്യു വെയ്ഡും ജെയിംസ് പാറ്റിന്‍സണും ടീമിലെത്തി. ക്ലാര്‍ക്കിന് പകരം ഷെയ്ന് വാട്സനാണ് ടീമിനെ നയിക്കുന്നത്. മൊഹാലിയില്‍ ജയമൊരുക്കിയ ശിഖര്‍ ധവാന് പകരം അജിങ്ക്യ രഹാനെക്ക് ഇന്ത്യ അവസരം നല്കി. ടീമിലെത്തി 16 മാസത്തിനുശേഷമാണ് രഹാനെക്ക് ക്രീസിലിറങ്ങാനുള്ള ഭാഗ്യം ലഭിച്ചത്.
നാല് വിക്കറ്റ് വീഴ്ത്തിയ ആര്. അശ്വിന്‍തന്നെയാണ് വിക്കറ്റുവേട്ടയുടെ ചുക്കാന്‍ പിടിക്കുന്നത്. രണ്ടാം ഓവറില്‍ തന്നെ വാര്‍ണറെ പൂജ്യത്തിന് മടക്കിയ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പര തൂത്തുവാരി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങിനില്ക്കുന്ന ഇന്ത്യയ്ക്കെതിരെ മാനം കാക്കാന്‍ ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യത്തെയും നാലാമത്തെയും സെഷനുകള്‍ ഒഴികെ ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ വീണെങ്കിലും രണ്ടാം വിക്കറ്റില്‍ കോവനും ഹ്യൂസും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും. കൂടാതെ എട്ടാം വിക്കറ്റില്‍ സ്മിത്തും സിഡിലും ചേര്‍ന്ന് 53 റണ്‍സെടുത്തു.
രണ്ടിന് 71 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 7ന് 136 എന്ന നിലയിലേക്ക് ഓസ്ട്രേലിയ തകര്‍ന്നിരുന്നു. പിന്നീട് ഓസ്ട്രേലിയന്‍ സ്കോര്‍ 200 കടത്തിയത് സിഡിലും പാറ്റിന്‍സണും ചേര്‍ന്നാണ്.
നേരത്തെ ഇഷാന്ത് ശര്‍മ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലാണ് വാര്‍ണര്‍ മടങ്ങിയത്. റണ്ണൊന്നുമെടുക്കാതിരുന്ന വാര്‍ണറെ വിരാട് കോഹ്ലി രണ്ടാം സ്ലിപ്പില്‍ പിടികൂടുകയായിരുന്നു. പിന്നീട് ഹ്യൂസും കോവനും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്നും സ്കോര്‍ മെല്ലെ പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ 59 പന്തുകളില്‍ 10 ബൗണ്ടറികളോടെ 45 റണ്‍സെടുത്ത ഹ്യൂസിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. ശര്‍മ്മയുടെ ഒരു ഫുള്‍ലെംഗ്ത് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഹ്യൂസിന്റെ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ ഉരസിയ പന്ത് സ്റ്റാമ്പ് പിഴുതു. പിന്നീട് മുറയ്ക്ക് വിക്കറ്റുകളുടെ വീഴ്ചയായിരുന്നു. സ്കോര്‍ 106-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത കോവനും മടങ്ങി. അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് കോവന് മടങ്ങിയത്. അധികം വൈകും മുന്‍പേ 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷെയ്ന് വാട്സണും മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്താണ് വാട്സണ് പുറത്തായത്. സ്കോര്‍ 4ന് 115. തുടര്‍ന്നെത്തിയ മാത്യു വെയ്ഡിനെ (2) അശ്വിന്റെ പന്തില്‍ മുരളി വിജയ് പിടികൂടി. പിന്നീട് 10 റണ്‍സെടുത്ത മാക്സ്വെല്ലിനെ ജഡേജയുടെ പന്തില്‍ ഇഷാന്ത് ശര്‍മ്മ പിടികൂടിയതോടെ ഓസ്ട്രേലിയ 6ന് 129 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഏഴ് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നതോടെ ഏഴാം വിക്കറ്റും നഷ്ടമായി. മൂന്ന് റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ അശ്വിന് ബൗള്‍ഡാക്കി. സ്കോര്‍ 7ന് 136. പിന്നീട് സ്റ്റീഫന്‍ സ്മിത്തും പീറ്റര്‍ സിഡിലും ചേര്‍ന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് മടങ്ങിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 189-ല്‍ നില്‍ക്കേ 46 റണ്‍സെടുത്ത സ്മിത്തിനെയും കംഗാരുക്കള്‍ക്ക് നഷ്ടമായി. അശ്വിന് 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ജഡേജ 34 റണ്‍സ് വിട്ടുകൊടുത്തും ഇഷാന്ത് ശര്‍മ്മ 35 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
എഡ്കോവന്‍ ബി അശ്വിന് 38, വാര്‍ണര്‍ സി കോഹ്ലി ബി ഇഷാന്ത് 0, ഹ്യൂസ് ബി ഇഷാന്ത് 45, വാട്സണ് സ്റ്റാമ്പ് ധോണി ബി ജഡേജ 17, സ്മിത്ത് സി രഹാനെ ബി അശ്വിന് 46, വെയ്ഡ് സി മുരളി വിജയ് ബി അശ്വിന് 2, മാക്സ്വെല് സി ഇഷാന്ത് ബി ജഡേജ 10, മിച്ചല്‍ ജോണ്സണ് ബി അശ്വിന് 3, പീറ്റര്‍ സിഡില്‍ നോട്ടൗട്ട് 47, പാറ്റിന്സണ് നോട്ടൗട്ട് 11 , എക്സ്ട്രാസ് 12. ആകെ എട്ട് വിക്കറ്റിന് 231.
വിക്കറ്റ് വീഴ്ച
1-4, 2-71, 3-106, 4-115, 5-117, 6-129, 7-136, 8-189.
ബൗളിംഗ്
ഭുവനേശ്വര്‍ കുമാര്‍ 9-1-43-0, ഇഷാന്ത് ശര്‍മ്മ 14-3-35-2, ആര്. അശ്വിന് 30-17-40-4, പ്രഗ്യാന്‍ ഓജ 23-6-67-0, രവീന്ദ്ര ജഡേജ 22-6-34-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: