കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ആദ്യത്തെ മേയറും കായിക, സാമുദായിക, സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ എ.കെ.ശേഷാദ്രി ശതാഭിഷിക്തനാകുന്നു.1932 ജൂലൈ 26ന് പാലക്കാട് ജില്ലയിലെ അയിലൂര്‍ ഗ്രാമത്തിലെ ശേഷാദ്രി കൃഷ്ണയ്യരുടെയും പച്ചനായകി അമ്മാളുടെയും ആറ് മക്കളില്‍ മൂന്നാമനായാണ് എ.കെ.ശേഷാദ്രിയുടെ ജനനം. ‘ലോ കൃഷ്ണയ്യര്‍’ എന്ന് അറിയപ്പെട്ടിരുന്ന അച്ഛന് എ.എസ്.കൃഷ്ണയ്യര്‍ എറണാകുളം ബാറിലെ പ്രഗത്ഭനായ ക്രിമിനല്‍ വക്കീലായിരുന്നു. എറണാകുളം എസ്ആര്‍വി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനും എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്കും ശേഷം എറണാകുളം ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. അച്ഛന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച ശേഷാദ്രി, വളരെ പെട്ടെന്ന് വക്കീല്‍ എന്ന നിലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 1967 നവംബര്‍ ഒന്നിന് കൊച്ചി കോര്പ്പറേഷന് നിലവില്‍ വന്നു. അതിന് തൊട്ടുമുമ്പായി ഒടുവിലത്തെ മുനിസിപ്പല്‍ ചെയര്‍മാനും ഏറ്റവും പ്രായംകുറഞ്ഞ ചെയര്‍മാനുമായിരുന്നു ശേഷാദ്രി. 1975 മുതല്‍ നാല് വര്‍ഷത്തോളം കൊച്ചിയുടെ മേയറുമായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപമുള്ള സ്റ്റേഡിയം നിര്‍മ്മാണത്തിന് തുടക്കമിട്ടതും മട്ടാഞ്ചേരിയിലെ ജംഗാര്‍ സര്‍വീസ് തുടങ്ങിയതും ജിസിഡിഎയുടെ സഹായത്തോടെ മഹാരാജാസ് മിനി സ്റ്റേഡിയം പണിതതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
കേരള ഫുട്ബോള്‍ അസോസിയേഷന്, കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, എറണാകുളം ശിവക്ഷേത്ര സമിതി, എറണാകുളം ലയണ്‍സ് ക്ലബ്ബ്, എറണാകുളം പേച്ചി അമ്മന്‍കോവില്‍, എറണാകുളം ഗ്രാമജന സമൂഹം, കേരള ബ്രാഹ്മണസഭ, കലാഭവന്‍ തുടങ്ങി നിരവധി സംഘടനകളുടെ ഭാവാഹിയായിരുന്നു. ഇപ്പോള്‍ എറണാകുളം ഗ്രാമജന സമൂഹമഠത്തിന്റെ പ്രസിഡന്റ്, കലാഭവന്‍ സെക്രട്ടറി, ശ്രീമുരുകന്കോവില് ടെമ്പിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. ദീര്‍ഘകാലം കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: സ്വര്‍ണ്ണാംബാള്‍. മക്കള്‍: രാധ, ലത, ഡോ. രാമകൃഷ്ണന്. കൊച്ചിയിലെ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ടി.എല്‍.വിശ്വനാഥയ്യര് ചെയര്‍മാനും ടി.കെ.നാരായണസ്വാമി കണ്‍വീനറുമായി 27ന് വൈകിട്ട് 5.30ന് എറണാകുളം ഗ്രാമജന സമൂഹമഠത്തില്‍ പൗരസ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: