കൊച്ചി: ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള മോക്ക്ഡ്രില്ലുകളില് പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘടിപ്പിച്ച അവലോകന യോഗം. വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അപകടകരമായ രാസവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കും മോക്ക് ഡ്രില്ലുകളിലൂടെ ബോധവല്‍ക്കരണം നല്‍കാറുണ്ടെങ്കിലും പൊതുജനം പലപ്പോഴും കാഴ്ചക്കാരാകുകയാണ് പതിവെന്ന് യോഗം ചൂണ്ടിക്കാട്ടി.
രാസാപകടങ്ങളുണ്ടാകുമ്പോള് കൈക്കൊള്ളേണ്ട നടപടികള്‍ക്ക് ഐക്യരൂപം നല്‍കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപങ്കാളിത്തം സംബന്ധിച്ച നിര്‍ദേശമുയര്‍ന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും (ഐ.എല്‍.ഡി.എം) ജില്ല ദുരന്ത നിവാരണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ റവന്യൂ, ആരോഗ്യ വകുപ്പുകള്‍, പോലീസ്, ഫയര്‍ ഫോഴ്സ്, വ്യവസായശാലകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബഹുനില കെട്ടിടങ്ങള്‍ ധാരാളമുള്ള കൊച്ചിയില്‍ ഫയര്‍ ഫോഴ്സിന് സ്കൈലിഫ്റ്റ് സംവിധാനം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് വ്യവസായ ശാല പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വ്യവസായശാലകളിലേക്ക് ടാങ്കറുകളിലും പൈപ്പിലും രാസവസ്തുക്കള്‍ എത്തിക്കുന്നതിനിടയില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഫലപ്രദവും പ്രായോഗികവുമായ പരിശീലനം ജനങ്ങള്‍ക്ക് ലഭിക്കണം. പൊതുനിരത്തുകളിലൂടെ രാസവസ്തുക്കള്‍ കൊണ്ടുപോകുന്ന സാഹചര്യം അപകടസാഹചര്യങ്ങളെ കുറിച്ചുള്ള വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഐ.എല്‍.ഡി.എം മേധാവി ഡോ.കെ.ജി. താര പറഞ്ഞു.
അപകടം സംഭവിച്ചാല്‍ പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ വെള്ളം, ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ഡപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്) സി.സി. ജോസഫ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: