ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഉജ്ജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ പരമ്പര തൂത്തുവാരാനാണ് നാളെ ദല്‍ഹിയില്‍ ഇറങ്ങുന്നത്.
അതേസമയം നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. ഓപ്പണിംഗിലാണ് ഈ പ്രതിസന്ധി. മൂന്നാം ടെസ്റ്റില്‍ ആദ്യ മത്സരത്തിനിറങ്ങി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന് പരിക്കേറ്റതാണ് ധോണിക്ക് തലവേദനയായിരിക്കുന്നത്. ധവാന് നാലാം ടെസ്റ്റില്‍ കളിക്കില്ല. ധവാന് പകരം സുരേഷ് റെയ്നയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ഗംഭീറിനെയാണ് ഉള്‍പ്പെടുത്തിയതെങ്കിലും മഞ്ഞപ്പിത്ത ബാധകണ്ടെത്തിയതിനാല് പിന്നീട് ഗംഭീറിനെ ഒഴിവാക്കി റെയ്നയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സെവാഗും ഗംഭീറും ഇല്ലാത്ത ഇന്ത്യന്‍ ടീമില്‍ നാലാം ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ആദ്യമായി അജിന്‍ക്യ രഹാനെ ഇറങ്ങാനാണ് സാധ്യത.
ഒരു വര്‍ഷത്തിലേറെയായി രഹാനെ ഇന്ത്യന്‍ ടീമില്‍ അംഗമാണെങ്കിലും ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ല. ധവാന്റെ പരുക്കും ഗൗതം ഗംഭീറിന്റെയും സെവാഗിന്റെയും പുറത്താകലും രഹാനെക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഓപ്പണറുടെ റോളില്‍ ഉജ്ജ്വല ഫോമിലുള്ള മുരളി വിജയിനൊപ്പം ചേതേശ്വര്‍ പൂജാര ഇറങ്ങാനാണ് സാധ്യത. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളുമായി മുരളി വിജയ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. പൂജാര ഓപ്പണറുടെ റോളില്‍ വന്നാല്‍ ടീമില്‍ ഉള്‍പ്പെട്ടാലും രഹാനെക്ക് മധ്യനിരയിലായിരിക്കും ഇടംകിട്ടുക. എന്നാല്‍ സുരേഷ് റെയ്നയെ കളിപ്പിക്കാനാണ് ധോണി തീരുമാനിക്കുന്നതെങ്കില്‍ രഹാനെയുടെ കാത്തിരിപ്പ് ഇനിയും നീളും. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ നാളെ ദല്‍ഹിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഹര്ഭജന് സിംഗോ അശോക് ദിന്ഡെയോ അവസാന പതിനൊന്നില്‍ ഉള്‍പ്പെട്ടേക്കും. അങ്ങനെവന്നാല്‍ ഇഷാന്ത് ശര്‍മ്മയും പ്രഗ്യാന്‍ ഓജയും പുറത്തിരിക്കാനാണ് സാധ്യത. മികച്ച ബാറ്റിംഗ്നിരയാണ് ഇന്ത്യയുടെ കരുത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്, മധ്യനിരയിലെ കരുത്തന് വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി എന്നിവര്‍ ഉജ്ജ്വല ഫോമിലാണ് എന്നത് ഇന്ത്യക്ക് നാലാം ടെസ്റ്റിലും ഏറെ മുന്‍തൂക്കം നല്‍കുന്നുണ്ട്. ബൗളര്‍മാരില്‍ ഭുവനേശ്വര്‍കുമാറും, രവീന്ദ്ര ജഡേജയും, അശ്വിനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അതേസമയം ഓസീസ് ടീം പരിക്കിന്റെ പിടിയിലാണ്. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കിനെ തുടര്‍ന്ന് നാലാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉപ്പാണ്. സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു.
അവസാന ടെസ്റ്റിലെങ്കിലും വിജയിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ഓസീസ് ടീമിന്റെ പ്രതീക്ഷയ്ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് സ്റ്റാര്ക്കിനേറ്റ പരിക്ക്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും പരുക്കിന്റെ പിടിയിലാണെങ്കിലും ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം അച്ചടക്ക നടപടിയെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട വൈസ് ക്യാപ്റ്റന്‍ ഷെയ്ന് വാട്സണ് ടീമില്‍ തിരിച്ചെത്തിയത് ഓസീസ് ക്യാമ്പില്‍ ആശ്വാസം പകരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാത്തതുമാണ് ഓസീസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പരിക്ക് ഭേദമായി ക്ലാര്‍ക്ക് കളിച്ചില്ലെങ്കില്‍ ഷെയ്ന് വാട്സനായിരിക്കും ഓസീസ് ടീമിനെ അവസാന ടെസ്റ്റില്‍ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: