പെരുമ്പാവൂര്‍: നഗരസഭയിലെ 2013-14 വര്‍ഷത്തെ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനായി 31.52 കോടി രൂപയുടെ ബഡ്ജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസിലി വര്‍ഗീസ് അവതരിപ്പിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പെരുമ്പാവൂര്‍ നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുമെന്ന് റോസിലി വര്‍ഗീസ് അറിയിച്ചു.
ശുചിത്വത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന നല്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി തുടങ്ങുമെന്നും, സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും ഡെപ്യൂട്ടിചേയര് പേഴ്സണ്‍ അറിയിച്ചു.
മത്സ്യചന്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി 3.25 കോടിയുടെ പദ്ധതി നടപ്പിലാക്കും. ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിനോദസഞ്ചാര പധതിയില്പ്പെടുത്തി ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൈങ്കുളം പുഞ്ചയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് 2 കോടി രൂപയും, കളിസ്ഥല നിര്‍മ്മാണത്തിന് 29 ലക്ഷവും, തോട്ടുങ്കല്‍ റോഡ് വികസനത്തിനായി 85 ലക്ഷവും പെരുങ്കളം പുഞ്ചയില്‍ നിന്ന് കാന നിര്‍മ്മിക്കുന്നതിന് 93 ലക്ഷം രൂപയും, മത്സ്യ ചന്തയിലെ കാനനിര്മ്മാണത്തിന് 26 ലക്ഷം രൂപയും, റ്റിബി റോഡ് റയോണ്‍പുരം റോഡ് വികസനത്തിനായി 61 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭയിലെ ഭൂരഹിത ഭവന രഹിതര്‍ക്ക് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 1.05 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വേലകള്‍ക്കായി 1.75 കോടിയും കുടിവെള്ള വിതരണം സുഗമമാക്കുന്നതിനും, 70 കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, ചികിത്സാ സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമായി ബഡ്സ് സ്കൂളുകളും തുടങ്ങുമെന്നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസിലി വര്‍ഗീസ് അറിയിച്ചു. ചെയര്മാന് കെ.എം.എ.സലാം അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്മേലുള്ള ചര്‍ച്ച ബുധനാഴ്ച രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: