വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ മഴയുടെ അകമ്പടിയോടെ ന്യൂസിലാന്റ് പൊരുതുന്നു. നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിട്ടുണ്ട്. 55 റണ്‍സോടെ വില്ല്യംസണും 41 റണ്‍സുമായി റോസ് ടെയ്ലറുമാണ് ക്രീസില്‍. ഒരു ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ന്യൂസിലാന്റിന് 49 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 465 റണ്‍സെടുത്തിരുന്നു. ന്യൂസിലാന്റ് ഒന്നാം ഇന്നിംഗ്സില്‍ 254 റണ്‍സെടുത്ത് പുറത്തായശേഷം ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു.
77ന് ഒന്ന് എന്ന നിലയില്‍ നാലാം ദിവസം കളി പുനരാരംഭിച്ച ന്യൂസിലാന്റിന് 35 ഓവര്‍ ബാറ്റ് ചെയ്യാനേ കഴിഞ്ഞുള്ളൂ. കനത്ത മഴയെ തുടര്‍ന്നാണ് കളി മുടങ്ങിയത്. എന്നാല്‍ തലേന്നത്തെ സ്കോറിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റ് കിവികള്‍ക്ക് നഷ്ടമായി. 41 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ഫുള്‍ടണ്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ കുക്ക് പിടികൂടിയാണ് ഫുള്‍ടണ്‍ മടങ്ങിയത്. പിന്നീട് വില്ല്യംസണിന് കൂട്ടായെത്തിയ റോസ് ടെയ്ലര് മികച്ച പ്രകടനം നടത്തി. സ്കോര്‍ 162-ല്‍ എത്തിയപ്പോഴേക്കും മഴയും എത്തി. പിന്നീട് ഒരു പന്തുപോലും എറിയാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: