കൊച്ചി: പണ്ഡിറ്റ് കെ.പി.കറുപ്പന്റെ ജാതിക്കുമ്മിയുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശതാബ്ദി പതിപ്പിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മഹാകവി കുമാരനാശാന് ദുരവസ്ഥ എഴുതുന്നതിനു പത്തു വര്‍ഷം മുമ്പേ ജാതിഭേദത്തിന്റെ നിരര്‍ഥകതയെക്കുറിച്ചും നിന്ദ്യതയെക്കുറിച്ചും സുധീരം എഴുതിയ കേരളത്തിന്റെ ആദ്യത്തെ ധീരനായ എഴുത്തുകാരനാണ് പണ്ഡിറ്റ് കെ.പി.കറുപ്പന്. 1912-ലാണ് സമുദായ പരിഷ്കരണത്തിനായി എഴുതിയ ജാതിക്കുമ്മി എന്ന കവിത പ്രസിദ്ധീകരിച്ചത്. അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് അടിമത്തത്തില്‍ കഴിഞ്ഞുകൂടിയ മനുഷ്യരുടെ മോചനത്തിനായാണ് പണ്ഡിറ്റ് കറുപ്പന് തന്റെ കാവ്യജീവിതം സമര്‍പ്പിച്ചത്.
ഇന്ന് വൈകീട്ട് ആറിന് മരട് മാങ്കായി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശതാബ്ദി ആഘോഷങ്ങളും ശതാബ്ദിപതിപ്പിന്റെ പ്രകാശനവും നിര്‍വഹിക്കും. സാംസ്കാരികമന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി കെ.ബാബു ആദ്യപ്രതി ഏറ്റുവാങ്ങും. പി.എസ്.സി. ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. അക്കാദി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്, മരട് നഗരസഭാധ്യക്ഷന്‍ അഡ്വ. ടി.കെ. ദേവരാജന്‍,വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, കൗണ്‍സിലര്‍ ജിന്സണ് പീറ്റര്‍ , അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. അക്കാദമി പ്രസിദ്ധീകരിച്ച നവോത്ഥാനകാല-ദളിത്പക്ഷ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതോടൊപ്പമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: