മൊഹാലി: മികച്ച തുടക്കത്തിനുശേഷം ഓസ്ട്രേലിയക്ക് വീണ്ടും തകര്‍ച്ച. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലാണ് നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഓസ്ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ക്ക് കഴിയാതെ പോയത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 7 വിക്കറ്റിന് 273 റണ്‍സ് എന്ന നിലയിലാണ്. ഒന്നിന് 139 എന്ന നിലയില്‍ നിന്നാണ് ഓസ്ട്രേലിയ 7ന് 273 എന്ന നിലയിലേക്ക് തകര്‍ന്നത്. 58 റണ്‍സോടെ സ്റ്റീഫന്‍ സ്മിത്തും 20 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ആദ്യ ദിവസം മഴയത്ത് ഒലിച്ചുപോയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ടീമില്‍ നിന്ന് പുറത്തായ ഓപ്പണര്‍ സെവാഗിന് പകരം ശിഖിര്‍ ധവാനും കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ഹര്ഭജന് പകരം പ്രഗ്യാന്‍ ഓജയുമാണ് ടീമില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിഭിന്നമായി ഉജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ കോവനും വാര്‍ണറും ചേര്‍ന്ന് ഓസ്ട്രേലിയക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പരമ്പരയില്‍ ആദ്യമായാണ് ഓസീസ് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. സ്കോര്‍ 139-ല്‍ എത്തിയശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞത്. 71 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ ധോണിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഓസ്ട്രേലിയയുടെ തകര്‍ച്ചയും തുടങ്ങി. ഇതേ സ്കോറില്‍ തന്നെ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്കും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി സ്റ്റാമ്പ് ചെയ്താണ് മൈക്കല്‍ ക്ലാര്‍ക്ക് മടങ്ങിയത്. ജഡേജക്ക് തന്നെയാണ് വിക്കറ്റ്. പിന്നീട് സ്കോര്‍ 151-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 31 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത ഹ്യൂഗ്സിനെ പ്രഗ്യാന്‍ ഓജ ധോണിയുടെ കൈളിലെത്തിച്ചു. പിന്നീട് കോവനും സ്മിത്തും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 198-ല്‍ എത്തിയപ്പോള്‍ അശ്വിനിലൂടെ ഇന്ത്യ വീണ്ടും ആഞ്ഞടിച്ചു. 86 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോവനെ അശ്വിന്റെ പന്തില്‍ വിരാട് കോഹ്ലി പിടികൂടിയതോടെ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സ്വന്തമായി. സ്കോര്‍ 4ന് 198. പിന്നീട് ഹാഡിനും സ്മിത്തും ചേര്‍ന്ന് സ്കോര്‍ 244-ല്‍ എത്തിച്ചു. എന്നാല്‍ മൂന്ന് പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ ആഞ്ഞടിച്ചു. 21 റണ്‍സെടുത്ത ഹാഡിനെയും റണ്ണൊന്നുമെടുക്കാതിരുന്ന ഹെന്റിക്വസിനെയും ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ് 6ന് 244 എന്ന നിലയിലായി. സ്കോര്‍ 251-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഓസീസിന് നഷ്ടമായി. 14 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന സിഡിലിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഇതിനിടെ സ്മിത്ത് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. പിന്നീട് സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 56 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റും ഇഷാന്ത് ശര്‍മ്മ 41 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: