ജെയിനെവ: അവസാനം ഹിഗ്സ് ബോസോണ്‍ അഥവാ ദൈവകണത്തെ കണ്ടെത്തിയതായി ശാസ്ത്രലോകം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയ മൗലിക കണങ്ങളുടെ വന്കൂട്ടിയിടിയിലൂടെ ഉണ്ടായത് ഹിഗ്സ് ബോസോണ്‍ അഥവാ ദൈവകണമാണെന്ന് ഇന്നലെ ശാസ്ത്രജ്ഞന്മാര് ഉറപ്പിച്ചു.
ദി യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) ആണ് ഇത് സംബന്ധിച്ച സംശയകരമായ ചോദ്യങ്ങളുയര്‍ത്തിയത്. ഭൗതിക ശാസ്ത്രം പറയുന്ന കണങ്ങളുടെ ഏറ്റവും സൂക്ഷ്മമായ അടിസ്ഥാന മാതൃക ഇതുതന്നെയാണോ അതോ ചില സിദ്ധാന്തങ്ങളില്‍ ചൂണ്ടിക്കാട്ടുന്ന പോലെ കനംകുറഞ്ഞ കണത്തെയാണോ കണ്ടെത്തിയതെന്നായിരുന്നു സംശയം. 2012ലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ലഭിച്ചത് ഹിഗ്സ് ബോസോണ്‍ ആണെന്നു തന്നെയാണ് പ്രാഥമിക ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ഏതുതരം ഹിഗ്സ് ബോസോണാണിതെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് സേണിലെ ഭൗതികശാസ്ത്രജ്ഞന്‍ ജോ ഇന്കാന്ഡല പറഞ്ഞു.
ഇറ്റലിയില്‍ ഇന്നലെ നടന്ന മോറിയോണ്ട് സമ്മേളനത്തില്‍ കഴിഞ്ഞവര്‍ഷം അവസാനം കണ്ടെത്തിയ കണങ്ങളെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണ ഫലം അവതരിപ്പിച്ചു. ജൂലൈയില്‍ നടന്ന ഗവേഷണ പ്രഖ്യാപനങ്ങളെക്കാളും രണ്ടിരട്ടിയലധികം വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പുതിയ കണങ്ങള്‍ ഹിഗ്സ് ബോസോണുമായി കൂടുതല്‍ ചേര്ച്ചയുള്ളതാണെന്ന് വെളിപ്പെടുത്തിയത്. ഈ കണങ്ങളാണ് മൗലികകണങ്ങള്‍ക്ക് ഭാരം നല്‍കുന്നതെന്ന് ശാസ്ത്രം പറയുന്നു.
എന്തായാലും ഇത് ഹിഗ്സ് ബോസോണായാലും അല്ലെങ്കിലും ശരി മറ്റ് കണങ്ങളുമായി എങ്ങനെ ഇടപഴകുന്നു, ഇതിന്റെ അനുപാത ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നിവ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ഹിഗ്സ് ബോസോണ്‍ കണം കറങ്ങുകയില്ലെന്നാണ് കരുതപ്പെടുന്നത്. ഇതേക്കുറിച്ച് നിരവധി പരിശോധനകളും ശാസ്ത്രലോകം നടത്തി. ഈ കണം ഭ്രമണം ചെയ്യുന്നില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. ഇതിനെ മറ്റ് കണങ്ങളുമായി താരതമ്യപഠനം നടത്തിയതിലും ഇത് ഹിഗ്സ് ബോസോണ്‍ ആണെന്നാണ് മനസ്സിലാകുന്നത്.
മനോഹരമായ ഈ ഗവേഷണ ഫലം നിരവധിപേരുടെ ആത്മാര്‍ഥമായ കഠിന പ്രയത്നത്തിന്റെ ഫലമാണ്. ശാസ്ത്രലോകത്തിന്റെ വക്താവ് ഡേവ് ചാള്ട്ടണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: