ബാഴ്സലോണ: ചരിത്ര വിജയവുമായി സ്പാനിഷ് കരുത്തരായ ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പ്രതിരോധത്തിന്റെ ഉരുക്കുക്കോട്ടയുമായി എത്തിയെ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ തകര്‍ത്താണ് ബാര്‍സ ക്വാര്‍ട്ടറില്‍ കടന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് ബാഴ്സയുടെ പടയോട്ടം. അസാധ്യമെന്ന് തോന്നിപ്പിച്ച പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദ മത്സരത്തിലാണ് സൂപ്പര്‍താരം മെസിയും കൂട്ടരും നൗകാമ്പില്‍ മിലാന്റെ കഥകഴിച്ചത്.
ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടശേഷം ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും ബാഴ്സക്ക് ഇതോടെ സ്വന്തമായി. രണ്ട് ഗോളുകളുമായി കളം നിറഞ്ഞ സൂപ്പര്‍ താരം ലയണല്‍ മെസ്സിതന്നെയാണ് ഇന്നലത്തെ പോരാട്ടത്തിലും ബാഴ്സയെ തകര്‍പ്പന്‍ വിജയത്തിലേക്കും ക്വാര്‍ട്ടര്‍ ഫൈനലിലേക്കും നയിച്ചത്. ഈ രണ്ട് ഗോളുകളോടെ മെസ്സി മറ്റൊരു നേട്ടവും കൈവരിച്ചു. ചാമ്പ്യന്‍സ് ലീഗ് ഗോളുകളില്‍ രണ്ടാമന് എന്ന പദവിയാണ് മെസ്സി പേരിലാക്കിയത്. 56 ഗോളുകള്‍ നേടിയ നെതര്‍ലന്റ് താരം റൂഡ് വാന്‍ നീല്‍സ്റ്റര്‍ റൂയിയെയാണ് 58 ഗോളുമായി മെസി മറികടന്നത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മെസ്സിപ്പട വിജയം സ്വന്തമാക്കിയത്.
ഫെബ്രുവരി 20ന് മിലാന്റെ മൈതാനമായ സാന്സിരിനോയില് നടന്ന ആദ്യപാദത്തില്‍ കെവിന് പ്രിന്‍സ്, ബോട്ടെങ്ങ് സുള്ളി മുണ്ടാരി എന്നീ ഘാനക്കാരുടെ ഗോളില്‍ ബാഴ്സലോണയെ കെട്ടുകെട്ടിച്ച എസി മിലാന്റെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ പുലര്‍ച്ചെ ബാഴ്സയുടെ തട്ടകമായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന വന്‍ മത്സരങ്ങളില്‍ തോല്‍വിയേറ്റതോടെ ബാഴ്സ നിറം മങ്ങിയെന്ന് തോന്നിപ്പിച്ചെങ്കിലും തൊണ്ണൂറായിരത്തോളം കാണികളുടെ പിന്തുണയുമായി കളത്തിലിറങ്ങിയ അവരുടെ വിശ്വരൂപമാണ് കണ്ടത്. ക്വാര്‍ട്ടറിലെത്താന്‍ വ്യക്തമായ വിജയം വേണമെന്ന കണക്കുകൂട്ടലിലിറങ്ങിയ ബാഴ്സ പദ്ധതി വിജയകരമായി നടപ്പാക്കുകയായിരുന്നു.
കിക്കോഫ് മുതല്‍ മെക്സിക്കന്‍ തിരമാലകണക്കെ ആര്‍ത്തലച്ച ആരാധകര്‍ക്ക് മുന്നില്‍ ബാഴ്സയുടെ മാസ്മരിക മുന്നേറ്റങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഞ്ചാംമിനിറ്റില്‍ ലയണല്‍മെസ്സി ബാഴ്സയുടെ ആദ്യ ഗോള്‍ നേടി. സാവി നല്കിയ പന്ത്സ്വീകരിച്ച മെസ്സി തന്നെ തടയാനെത്തിയ രണ്ട് പ്രതിരോധക്കാര്‍ക്ക് ഇടയിലൂടെ ബോക്സിന് തൊട്ടടുത്ത് നിന്ന് ഉതിര്‍ത്ത തകര്‍പ്പന്‍ ഇടംകാലന്‍ വോളി മിലാന് ഗോളിയെ തീര്‍ത്തും നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറുകയായിരുന്നു (1-0). ഇതോടെ മിലാന് തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബാഴ്സയുടെ കേളീമികവിന് മുന്നില്‍ അതെല്ലാം വിഫലമാവുകയായിരുന്നു.
മധ്യനിരയില്‍ ഇനിയേസ്റ്റയും സാവിയും അരങ്ങുതകര്‍ത്ത് കളിച്ച് മെസ്സിക്കും വിയയ്ക്കും യഥേഷ്ടം പന്തെത്തിച്ചതോടെ മിലാന് ഗോള്‍മുഖം തുടര്‍ച്ചയായി പ്രകമ്പനം കൊണ്ടു. മെസിയില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന മിലാന് താരങ്ങളെയാണ് മൈതാനത്ത് കാണാന്‍ കഴിഞ്ഞത്. ഇതിനിടെ 37-ാം മിനിറ്റില്‍ മൈതാന മധ്യത്ത് നിന്ന് ലഭിച്ച പന്തുമായി കുതിച്ച മിലാന് താരം നിയാങ്ങ് ബാഴ്സയുടെ ഗോളി വിക്ടര്‍ വാല്‍ഡസിനെ മറികടന്ന് ഷോട്ട് പായിച്ചെങ്കിലും പന്ത് പോസ്റ്റില്‍ തട്ടിതെറിച്ചു. ആദ്യപകുതിയില്‍ മിലാണ് ലഭിച്ച ഏക സുവര്‍ണാവസരവും ഇതായിരുന്നു. ഇതിന് പുറമെ ആദ്യപാദത്തില്‍ കളംനിറഞ്ഞുകളിച്ച മിലാന്റെ കെവിന് പ്രിന്‍സ് ബോട്ടെങ്ങ് ചില മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ബാഴ്സ പ്രതിരോധനിരയിലെ വന്മതിലുകളായ ജെറാര്‍ഡ് പിക്വെയും മസ്കാരാനോയും സമര്‍ത്ഥമായി തടഞ്ഞു. നാല്പതാം മിനിറ്റില്‍ വീണ്ടും മെസി വീണ്ടും ഗോള്‍ നേടി. പന്തുമായി മുന്നേറിയ ഇനിയേസ്റ്റയെ തടയുന്നതില്‍ അംബ്രോസിനിക്ക് പറ്റിയ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ഇനിയേസ്റ്റ ബോക്സിനടുത്തുവച്ചു മെസിക്ക് പന്ത് കൈമാറി. പന്ത് ലഭിച്ച മെസ്സി നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ മിലാന് ഗോളിയെ കീഴ്പ്പെടുത്തി വല കുലുക്കി (2-0).
രണ്ടാംപകുതിയിലും ബാഴ്സയുടെ ആധിപത്യമാണ് കണ്ടത്. രണ്ടാം പകുതി ആരംഭിച്ച പത്താം മിനിറ്റില്‍ അവര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇനിയേസ്റ്റ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സാവിയിലേക്ക്. സാവിയില്‍ നിന്ന് ഡേവിഡ് വിയക്ക്. ബോക്സില്‍ കടന്ന ഡേവിഡ് വിയ ഉജ്വലമായ ഷോട്ടിലൂടെ ബാഴ്സയുടെ മൂന്നാം നേടി (3-0). സമനിലയില്‍ നിന്നു വിജയവഴിയില്‍ തിരിച്ചെത്തിയ ബാഴ്സയെയാണ് പിന്നെ കണ്ടത്.
ഇതിനിടെ എസി മിലാന് അംബ്രോസിനിയെ പിന്‍വലിച്ച് ബ്രസീലിയന്‍താരം റൊബീഞ്ഞോ ഇറക്കിയെങ്കിലും മിലാന് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. പിന്നീടും ബാഴ്സ നിരവധി ആക്രമണങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും ലീഡ് ഒഴിഞ്ഞുനിന്നു. ഒടുവില്‍ ഇഞ്ച്വറി സമയത്താണ് ബാഴ്സയുടെ നാലാം ഗോള്‍ പിറന്നത്. മൈതാനമധ്യത്തുനിന്ന് മെസി അലക്സിസ്് സാഞ്ചിസിന് പന്ത് നല്കി. സാഞ്ചിസ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജോര്‍ഡി അല്ബയ്ക്കും. പന്ത് പിടിച്ചെടുത്ത ജോര്‍ഡി ആല്‍ബ ഒന്ന് കുതിച്ചശേഷം വെടിയുണ്ടകണക്കെ നിറയൊഴിച്ച പന്ത് ബിലാന് ഗോളി ആബിയാട്ടിയെ നിഷ്പ്രഭനാക്കി വലയില്‍ പതിച്ചു.
ആദ്യപാദ മത്സരത്തില്‍ ലഭിച്ച രണ്ട് ഗോളുകളുടെ മുന്‍തൂക്കത്തില്‍ ബാഴ്സയെ പ്രതിരോധത്തിലൂടെ മറികടക്കാമെന്നു കരുതിയ മിലാനു തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. മികച്ച ചില മുന്നേറ്റങ്ങള്‍ ബോട്ടെങ്ങും മുണ്ടാരിയും ഉള്‍പ്പെട്ട താരങ്ങള്‍ ബാഴ്സ ഏരിയയിലേക്ക് നടത്തിയെങ്കിലും കരുത്തുറ്റ പ്രതിരോധത്തിന് മുന്നില്‍ അവയെല്ലാം നിഷ്ഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: