കൊച്ചി: മദ്യക്കുപ്പികളിലെ ഹോളോഗ്രാം ലേബലിങ് സംവിധാനം എക്സൈസ് വകുപ്പിന്റെ പൂര്ണനിയന്ത്രണത്തിലാക്കുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു. സംസ്ഥാന എക്സൈസ് വകുപ്പ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ നാഷണല്‍ സര്‍വീസ് സ്കീമുമായി സഹകരിച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സെക്യൂരിറ്റി ഫീച്ചറുകളടങ്ങിയ ഹോളോഗ്രാഫിക് സെക്യൂരിറ്റി ലേബലുകളുടെ ഡിസൈന്‍, പ്രിന്റിങ്, വിതരണം അടക്കമുള്ളവ വകുപ്പിന്റെ നിയന്ത്രണത്തിലാക്കും. ഇതിനായി 80 പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2002-ല്‍ ഏര്‍പ്പെടുത്തിയ ഹോളോഗ്രാം സംവിധാനത്തില്‍ വകുപ്പിന് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും നേരിട്ട് ഇത് അച്ചടിക്കണമെന്നും അക്കൗണ്ടന്റ് ജനറലിന്റെ ശുപാര്ശയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.ഇതിനാവശ്യമായ മാസ്റ്ററിങ് സംവിധാനം സി-ഡിറ്റ് അല്ലെങ്കില്‍ കെല്‍ട്രോണ്‍ സജ്ജമാക്കും. 23 കെ.എസ്.ബി.സി. വെയര്‍ഹൗസുകളിലും സി.സി.ടി.യു. സംവിധാനമേര്‍പ്പെടുത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സെക്യൂരിറ്റി ലേബല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തരനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, ഡോമനിക് പ്രസന്റേഷന് എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ മേരി മെറ്റില്‍ഡ, എം.ജി.സര്‍വകലാശാല പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സാബുക്കുട്ടന്‍, മഹാരാജാസ് കോളേജ് പ്രോഗ്രാം ഓഫീസര്‍ വിനോദ്കുമാര്‍ കല്ലോലിക്കല്‍, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് വി.അജിത്ലാല്‍, സ്റ്റാഫ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.കെ.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. വെള്ളനാട് കരുണസായി ഡീ-അഡിക്ഷന് സെന്ററിലെ ഡോ.എല്‍.ആര്. മധുജന് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ സ്വാഗതവും ബോധവല്‍ക്കരണ പരിപാടി കോ-ഓര്‍ഡിനേറ്ററായ ജോയിന്റ് എക്സൈസ് കമ്മിഷണര്‍ പി.വി.മുരളികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: