കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം മരവിക്കുന്നു. വ്യാജപാസ്പോര്‍ട്ടും വിസയുമായി ആയിരക്കണക്കിന് സ്ത്രീകളെയാണ് വിദേശരാജ്യങ്ങളിലേക്ക് കടത്തിവിട്ടത്. ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമടങ്ങിയ വന്‍ റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇങ്ങനെ കയറ്റി അയക്കപ്പെടുന്ന സ്ത്രീകളില്‍ പലരും സെക്സ് റാക്കറ്റിന്റെ കൈകളിലാണ് അകപ്പെട്ടിരുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടെത്തിയ സ്ത്രീകള്‍ നല്കിയ വെളിപ്പെടുത്തലുകളിലാണ് സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്നാണ് പോലീസ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
എമിഗ്രേഷന്‍ വിഭാഗത്തിലുണ്ടായിരുന്ന ഒരു കോണ്‍സ്റ്റബിളിനെയും ഒരു ട്രാവല്‍ ഏജന്‍സി ജീവനക്കാരനെയും അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. എസ്പി റാങ്കിലുണ്ടായിരുന്നവര് അടക്കം ഉന്നതര്‍ ഉള്‍പ്പെട്ട കേസ് അന്വേഷിക്കുന്നത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ടുതന്നെ അന്വേഷണം എങ്ങുമെത്തില്ലെന്നത് വ്യക്തമായിരുന്നു. കേരള പോലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ പോലീസിലെ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാലുള്ള ഗതിയെന്താകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നു.
വിദേശങ്ങളിലെ വന്റാക്കറ്റ് ഉള്‍പ്പെട്ട ഈ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാതെ തെളിയാന്‍ പോകുന്നില്ല. എമിഗ്രേഷനിലിരുന്ന് വേരു പിടിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ തെളിവുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പിടിയിലായിട്ടുള്ള ഒരു കോണ്സ്റ്റബിളിലും ട്രാവല്‍ ഏജന്‍സി ജീവനക്കാരനിലുമായി അന്വേഷണം പരിമിതപ്പെടുത്താനാണ് ഉദ്ദേശം. എമിഗ്രേഷന്റെ ചുമതല ഐബി ഏറ്റെടുത്തതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റി തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഐബി പരിശീലനവും നല്‍കുന്നുണ്ട്. എന്നാല്‍ ഐബിയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പോലീസില്‍ നിന്ന് ഡപ്യൂട്ടേഷനിലാണ് ഉദ്യോഗസ്ഥരെ ഏടുക്കുന്നത്. ഇത് എമിഗ്രേഷന്‍ വിഭാഗത്തില്‍ അഴിമതിക്ക് ഇട നല്‍കിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ഏറെ ഒച്ചപ്പാടുണ്ടാക്കിയ മനുഷ്യക്കടത്ത് അന്വേഷണം എങ്ങുമെത്താത്തതിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: