പരിമിതമായ അംഹബുദ്ധിയോടുകൂടിമാത്രം വസ്തുക്കളെ നിങ്ങള്‍ നോക്കിക്കാണുന്നേടത്തോളം കാലം ജീവിതപരിതസ്ഥിതികളുമായി ഇണങ്ങിജീവിക്കുകയെന്നത്, എളുപ്പമൊന്നുമല്ല. വിശ്വസമസ്തഭാവത്തെ മാനവസമുദായങ്ങളുടെ ആകമാനത്തെ – വിശ്വപ്രശ്നങ്ങളെ സുവിസ്തൃതിയെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുക! ഈ സമഗ്രവീക്ഷണത്തിന് മുമ്പില്‍ നിങ്ങളുടെ വ്യക്തിപരമായ പ്രശ്നം കേവലം നിഷ്പ്രഭവവും നിസാരവുമായിത്തീരുന്നു; നിങ്ങളുടെ ശക്തിയേറിയ വിവേകത്തിന്റെയും പ്രബലമായ വിശ്വമനസ്സിന്റെയും മുമ്പില്‍ അത് ഒരു ‘ചുണ്ടെലിയുടെ കളി’ മാത്രമായി പരിണമിക്കുകയും ചെയ്യുന്നു.
ഒരു പ്രത്യേക പരിതോവസ്ഥയുടെ അധീശത്വം നേടാന്‍ നിങ്ങള്ക്കാവുന്നില്ലെന്ന് തോന്നുമ്പോഴൊക്കെ വിധിയെ ശപിക്കുകയോ, ‘ഞാന്‍ കൊള്ളരുതാത്തവനായി പോയെ’ന്ന അപകൃഷ്ടതാബോധത്തോടെ വര്‍ത്തിക്കുകയോ അല്ല വേണ്ടത്. ഒരു ‘വയലിന്’ വായനക്കാരന് തന്റെ സംഗീതയന്ത്രത്തില്നിന്ന് ഒരപസ്വരം പുറപ്പെടുമ്പോള്‍, സരസ്വതീദേവിയേയോ സ്വന്തം ഗുരുനാഥനേയോ സദസിനെയോ കുറ്റം പറയാന്‍ നില്‍ക്കാതെ, തന്റെ ‘വില്ല്’ താഴെവച്ച്, വയലിന്റെ താക്കോല്‍ അയയ്ക്കുകയോ മുറുക്കുകയോ ചെയ്തുകൊണ്ട് വീണ്ടും സ്വരത്തെ ക്രമപ്പെടുത്തുന്നതുപോലെ ജീവിതത്തിന്റെ ഗാനമേളാശാലയില് നാമും ആത്മവിശ്വാസത്തോടുകൂടിയ ശാന്തനും അചഞ്ചലനും പ്രാപ്തനുമായ ഒരു ‘വയലിന് ഭാഗവത’രാവുകയാണ് വേണ്ടത്.
ആനന്ദത്തിന്റെയും വിജയത്തിന്റെയും രാഗധാര നിങ്ങളില്‍നിന്നും അവ്യാഹതമായി ഒഴുകുന്നില്ലെങ്കില്‍ നിങ്ങളുടെതന്നെ സ്വഭാവത്തിലെ ലഘുതന്ത്രികള് എന്തോ അല്‍പ്പം അയഞ്ഞുപോയിട്ടുള്ളതായി മനസ്സിലാക്കണം. ഹ്രസ്വവീക്ഷണം ജീവിതത്തിലെ ഒരു ദുരന്തമാണ്; ജീവിതത്തെ സമചിത്തതയോടെ വീക്ഷിക്കാന്‍ പഠിക്കുക; അങ്ങനെ നിങ്ങളുടെ ദിവ്യാവകാശം നേടുന്നതില്‍ വിജയികളും സന്തുഷ്ഠരുമായി ജീവിക്കുക.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: