ന്യൂദല്‍ഹി: പ്രതിരോധ മേഖലയും സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ തുറന്നിടുന്നു. ഹെലികോപ്ടര്‍ കോഴ ഇടപാടിന്റെ പശ്ചാത്തലത്തിലാണിത്. ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കാന്‍ നിലവിലുള്ള കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് നീക്കം. സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് പ്രതിരോധ മേഖലയിലെ കരാറില്‍ ഏര്‍പ്പെടാന്‍ ഇതു വഴിയൊരുക്കും.
നിലവില്‍ പ്രതിരോധ വകുപ്പിലെ കരാറുകള്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് വര്‍ഷങ്ങള്‍ നീളുന്ന നടപടി ക്രമങ്ങളിലൂടെയാണ് നല്‍കുക. ബഹുരാഷ്ട്ര കമ്പനികളും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളുമാണ് കരാറില്‍ ഏര്‍പ്പെടുക. വിദേശ കമ്പനികളാണെങ്കില്‍ കരാര്‍ തുകയുടെ നിശ്ചിത ശതമാനം ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നുമുണ്ട്. ഇതെല്ലാം ഒഴിവാക്കി നേരിട്ട് സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനാണ് പ്രതിരോധ വകുപ്പിന്റെ നീക്കം.
കരാര്‍ വ്യവസ്ഥകള്‍ സുതാര്യമാക്കുന്നുവെന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍, പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് മുമ്പില്‍ തുറന്നിടുകയാണ് ലക്ഷ്യം.
ഹെലികോപ്ടര്‍ കോഴയെ തുടര്‍ന്ന് വിദേശ കമ്പനികളുമായുള്ള കരാറുകള്‍ ഒഴിവാക്കി തദ്ദേശീയമായി പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കാര്യം മന്ത്രി എ.കെ.ആന്റണി പ്രസ്താവിച്ചിരുന്നു. ഇടപാടിലെ കോഴയ്ക്ക് പുറമേ അവശ്യ സാധനങ്ങള്‍ ലഭിക്കാനുള്ള കാലതാമസവുമാണ് ഇതിനു കാരണമായി ആന്റണി പറഞ്ഞത്.
വിവിധ പ്രതിരോധ കരാറുകള്‍ ലഭ്യമാക്കുന്നതിനായി സ്വകാര്യ കമ്പനികളുടെ 300 ഓളം അപേക്ഷകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ കെട്ടികിടക്കുന്നുണ്ട്. വര്‍ഷങ്ങളായി തീരുമാനമെടുക്കാത്ത അപേക്ഷകളിന്മേല് ഉടന്‍ നടപടി സ്വീകരിക്കാനാണ് നീക്കം. നികുതി ഇളവ് ഉള്‍പ്പെടെ നല്കി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്കുന്ന തരത്തിലായിരിക്കും വ്യവസ്ഥകളില്‍ ഇളവു വരുത്തുക.
പ്രതിരോധ വകുപ്പുമായി 300 കോടിയലധികം രൂപയുടെ കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ കരാറിന്റെ 30-50 ശതമാനം തുക ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. സാവധാനം ഇന്ത്യയില്‍ തന്നെ ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയെന്നതായിരുന്നു ഈ വ്യവസ്ഥയുടെ ലക്ഷ്യം.
എന്നാല്‍ ഇത് ഫലപ്രദമല്ലെന്നാണ് യാഥാര്‍ത്ഥ്യം. പ്രതിരോധ വകുപ്പിന്റെ പ്രധാന കരാറുകളെല്ലാം തന്നെ ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിമാനങ്ങള്‍, റോക്കറ്റ്, വെടിയുണ്ട, മിസെയിലുകള്‍ തുടങ്ങിയവയുടേതാണ്. കരാറില്‍ ഏര്‍പ്പെടുന്ന വിദേശ കമ്പനികള്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിക്ഷേപം ഇറക്കാറില്ല. പകരം കരാര്‍ പ്രകാരം ഇന്ത്യയില്‍ നിക്ഷേപിക്കേണ്ട തുക നട്ടും ബോള്‍ട്ടും പോലെയുള്ള ചെറിയ സാധനങ്ങള്‍ക്കായി ചിലവഴിക്കുകയാണ് പതിവ്. കൂടുതല്‍ സ്വകാര്യ കമ്പനികള്‍ കൂടി രംഗത്തെത്തിയാലും ഇതിനപ്പുറമൊന്നും ഉണ്ടാവുമെന്ന് കരുതേണ്ടതില്ല.
പ്രതിരോധ വകുപ്പിന് ആവശ്യമായ സാധനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ടുതന്നെ ചെയ്യാമെന്നിരിക്കെ കരാര്‍ സുതാര്യമാക്കുന്നത്തിന്റെ പേരില്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് ഭാവിയില്‍ ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: