കൊച്ചി: എറണാകുളം ജില്ലയെ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ-ജില്ലയായി പ്രഖ്യാപിക്കും. ടൗണ്‍ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മേയര്‍ ടോണി ചമ്മണി, ജില്ലയില്‍ നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.ടി വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്, ഐ.ടി മിഷന് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ജില്ല പദ്ധതിയില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകളെയും 124 വില്ലേജ് ഓഫീസുകളെയും 165 അക്ഷയകേന്ദ്രങ്ങളെയുമാണ് ബ്രോഡ് ബാന്‍ഡ് ശൃംഖലയില്‍ കോര്‍ത്തിണക്കുന്നത്. കേബിള്‍ സൗകര്യമില്ലാത്ത ചേലാമറ്റം വില്ലേജ് ഓഫീസിനെ വൈ മാക്സ് സംവിധാനത്തിലും ഓണ്‍ലൈനിലാക്കും.
സംസ്ഥാന ഐ.ടി മിഷന്റെ ആഭിമുഖ്യത്തിലാണ് ഇ ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുന്നത്. ജാതിസര്‍ട്ടിഫിക്കറ്റ് മുതല്‍ പോക്കുവരവ് രേഖ വരെ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ പതിനാല് ജില്ലകളിലും നിലവില്‍ വരും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇരുപത് രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്. ഇതില്‍ പത്തുരൂപ സര്‍ക്കാറിനും പത്ത് രൂപ അക്ഷയ കേന്ദ്രത്തിനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: