അങ്കമാലി: ഏറെ ഗതാഗത കുരുക്ക് നേരിടുന്ന അങ്കമാലിയിലേക്ക് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുമ്പനത്തുനിന്നും കളമശ്ശേരി വരെ എത്തിനില്‍ക്കുന്ന സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ട വികസനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ നേരത്തെയുള്ള അലൈന്മെനൃ പ്രകാരം മൂന്നാം ഘട്ടമായി അങ്കമാലി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അങ്കമാലി റെയില്‍വേ സ്റ്റേഷന് വഴി കരയാംപറമ്പ് എത്തിച്ചേരുന്ന വിധത്തിലാണ് മൂന്നാം ഘട്ട പ്രവര്‍ത്തനം നടത്താവുന്ന വിധത്തിലാണ് അന്ന് പ്രഖ്യാപനം നടന്നത്. എന്നാല്‍ ഇതുവരെയും ഇതിന്റെ യാതൊരു നടപടി ക്രമങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. റെയില്‍വേ ലൈനിന്റെ സൈഡില്‍ക്കൂടി അങ്കമാലി വരെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നീട്ടിയാല്‍ ഈ പ്രദേശത്ത് കൂടുതല്‍ പുറംമ്പോക്ക് സ്ഥലം ഉള്ളതുകൊണ്ട് ചെലവ് കുറഞ്ഞ രീതിയില്‍ റോഡ് പണികഴിപ്പിക്കാന്‍ കഴിയും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏറ്റവും അടുത്ത പട്ടണമാണ് അങ്കമാലിയെങ്കിലും അങ്കമാലിയില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് കണക്ട് ചെയ്തുകൊണ്ട് നല്ലൊരു റോഡ് ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് അങ്കമാലി വരെ നീട്ടിയാല്‍ ട്രെയിന്‍ വഴി വരുന്ന വിമാനയാത്രക്കാര്‍ക്ക് അങ്കമാലിയില്‍ ഇറങ്ങി എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. മാത്രവുമല്ല, ഇത്തരത്തില്‍ ഒരു റോഡ് വന്നാല്‍ വടക്കന്‍ ജില്ലകളില്‍നിന്നും വാഹനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാനും തിരിച്ചുപോകാനും കഴിയും. ഇത് കൂടാതെ എം.സി. റോഡിനും ദേശീയപാത 47നും ബദലായി സമാന്തര ഹൈവേയായി ഈ റോഡ് ഉപയോഗിക്കാന്‍ കഴിയും. മാത്രവുമല്ല അങ്കമാലി ജംഗ്ഷനിലെ ഗതാഗതകുരുക്കും ദേശീയപാത 47ലെയും എംസി റോഡിലേയും വാഹനങ്ങളുടെ തിരക്കും ഒഴിവാക്കാന്‍ സാധിക്കും. എയര്‍പോര്‍ട്ടിനെയും സീപോര്‍ട്ടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാത അങ്കമാലി വരെ നീട്ടുന്നത് വടക്കന്‍ ജില്ലകളില്‍നിന്നും തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള കയറ്റുമതി, ഇറക്കുമതി വ്യാപാരത്തിന് സഹായിക്കും. അതിനിടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനോടനുബന്ധിച്ചുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരിയാറിന് കുറുകെ നിര്‍മ്മിക്കുന്ന രണ്ട് പാലങ്ങളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചൊവ്വര തൂമ്പാകടവില്നിന്നും തുരുത്തിലേക്കും തുരുത്തില്‍നിന്ന് തോട്ടുമുഖം മഹിളാലയത്തിലേക്കുമുള്ള പുതിയ പാലങ്ങളുടെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായി വരുന്നത്. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം താമസിയാതെ തന്നെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: