തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയം പേരൂര്‍ ബോട്ടിലിങ്ങ് പ്ലാന്റില്‍ വിതരണത്തിന് തയ്യാറാക്കിയ പുത്തന്‍ ഗ്യാസ്സിലിണ്ടറുകളുടെ വാല്‍വ് മുറുകാതെ പാചകവാതകം ചോര്‍ന്ന സംഭവത്തില്‍ ഐഒസി അധികൃതര്‍ പരിശോധന നടത്തിയില്ല.
അതെസമയം, ചോര്ച്ചകാണപ്പെട്ട അപകടാവസ്ഥയിലുള്ള സിലിണ്ടറുകള്‍ വിതരണത്തിനയക്കാന് ലോറിയില്‍ കയറ്റാതിരുന്ന 20 ഓളം കരാര്‍ തൊഴിലാളികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ കരാര്‍ ഉടമയുടെ നടപടി തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
കര്‍ണാടകത്തില്‍ നിന്നും ബുധനാഴ്ച ഉദയം പേരൂര്‍ പ്ലാന്റില്‍ എത്തിച്ച 900ത്തോളം സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ച് വിതരണത്തിനായി കൊണ്ടുപോകാന്‍ തൊഴിലാളികള്‍ ലോറിയില്‍ കയറ്റുമ്പോഴാണ് വാതക ചോര്‍ച്ച കണ്ടത്. ഇതേതുടര്‍ന്ന് 3 ലോറികളില്‍ കയറ്റേണ്ട മുഴുവന്‍ സിലിണ്ടറുകളും കമ്പനിയില്‍തന്നെ ഇറക്കിവെച്ചിരിക്കുകയാണ്. വാല്‍വ് മുറുക്കാതെ ഗ്യാസ് ചോര്ച്ചതടയാനാവില്ല. സിലിണ്ടറുകളില്‍ നിന്ന് വാതകം മാറ്റാതെ വാല്‍വ് മുറുക്കാനും കഴിയില്ല എന്നതാണ് അവസ്ഥ.
നിര്‍മ്മാണ കമ്പനിയില്‍ പുതുതായി ഉണ്ടാക്കുന്ന സിലിണ്ടറുകളുടെ സുരക്ഷാ പരിശോധന കാര്യക്ഷമമല്ലെന്ന് ചോര്‍ച്ച കാണപ്പെട്ട സംഭവം വെളിപ്പെടുത്തുന്നു. ബുധനാഴ്ച ഉണ്ടായ ഗുരുതരമായ സ്ഥിതിക്കുശേഷം അതിന്റെ വിശദവിവരം പരിശോധിക്കാന്‍ ശനിയാഴ്ചവരെ ഐഒസി അധികൃതരാരും എത്തിയില്ല. സിലിണ്ടറുകള്‍ എത്തിക്കുന്നതും, കൊണ്ടുപോകുന്നതുമെല്ലാം കരാറുകാരുടെ ചുമതലയെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. ഉദയം പേരൂര്‍ പ്ലാന്റ് മാനേജരാകട്ടെ സംസ്ഥാനത്തിന് പുറത്താണെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: