കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകും. ഇതിനുമുന്നോടിയായി മാര്‍ച്ച് 31-നകം ജില്ലയില്‍ അക്കൗണ്ടില്ലാത്ത എല്ലാവര്ക്കും അക്കൗണ്ട് തുടങ്ങാന്‍ ഊര്‍ജിത നടപടി തുടങ്ങി. ഇതോടൊപ്പം നിലവില്‍ അക്കൗണ്ടുള്ളവരുടെ ആധാര്‍ നമ്പര്‍ കൂടി അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. ബാങ്ക് വികസനവുമായി ബന്ധപ്പെട്ട ജില്ലാതല ഉപദേശക സമതിയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ ഉള്‍പ്പടെയുള്ള 50 വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരാണ് സമതിയോഗത്തില് പങ്കെടുത്തത്.
ജില്ല നൂറു ശതമാനവും ബാങ്ക് അക്കൗണ്ട് എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും വിട്ടുപോയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ കൂടി ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ബാങ്ക് ശാഖകള്‍ സേവനമേഖല കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ വോട്ടര്‍ പട്ടിക, പഞ്ചായത്തുകളില്‍ നിന്നുള്ള വീടുകളുടെ പട്ടിക എന്നിവയുമായി ഒത്തുനോക്കി വിട്ടുപോയവരെ കണ്ടെത്താന്‍ നടപടിയെടുക്കും. എല്ലാ ബാങ്കുകളും ഇക്കാര്യം സമയബന്ധിതമായി ചെയ്യുന്നുവെന്നുറപ്പാക്കാന് രണ്ടു നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.
ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന് ബാങ്ക് ഇക്കാര്യം ആഴ്ചതോറും അവലോകനം ചെയ്ത് നടപടികള്‍ സ്വീകരിക്കും. ബ്ലോക്ക്തല ബാങ്കേഴ്സ് സമതിയിലെ മൂന്നുപേരെ അതത് ബ്ലോക്കുകളില്‍ ഇവയുടെ ശാഖാതല പ്രവര്‍ത്തനം പരിശോധിക്കാനായി ചുമതലപ്പെടുത്തും.
സമയബന്ധിതമായി അക്കൗണ്ട് തുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി ബ്ലോക്കുതല കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ ശാഖകള്‍ സന്ദര്‍ശിക്കും. സാമൂഹ്യ സുരക്ഷ പെന്ഷന് പദ്ധതികള്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കായി ഇതിനകം തന്നെ ഗുണഭോക്താക്കളുടെ മികച്ച വിവരശേഖരം ഉണ്ട്. കൃഷി വകുപ്പിന്റെ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ വിവരം ഇപ്പോള്‍ ശേഖരിച്ചുവരികയാണ്. വിട്ടുപോയവരെ കണ്ടെത്താന്‍ ഈ വിവരങ്ങളും പ്രയോജനപ്പെടുത്തും. ഇതോടൊപ്പം പഞ്ചായത്ത് തലത്തില്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരശേഖരമുള്ള മൃഗസംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, ഐ.ടി.മിഷന്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ വിവരശേഖരവും വിട്ടുപോയവരെ കണ്ടെത്താനായി ഉപയോഗിക്കും. യോഗത്തില്‍ ജില്ല ലീഡ് ബാങ്ക് മാനേജര്‍ കെ.ആര്.ജയപ്രകാശ്, റിസര്‍വ് ബാങ്ക് എ.ജി.എം. കെ.ഡി.ജോസഫ് ഉള്‍പ്പടെ 23 ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: