കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി മൂലംമ്പിള്ളി, ചേരാനല്ലൂര്‍, ഏലൂര്‍, മുളവുകാട്, വടുതല, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, കോതാട്, കളമശ്ശേരി നോര്‍ത്ത് എന്നീ പ്രദേശങ്ങളില്‍നിന്ന് വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങള്‍ ഫെബ്രുവരി 13 ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചു ചെയ്യുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലും സമര സഹായസമിതി ചെയര്മാന് സി.ആര്.നീലകണ്ഠനും പത്രക്കുറിപ്പില്‍ അറിയിച്ചു.
പദ്ധതിക്കുവേണ്ടി അഞ്ചുവര്‍ഷം മുമ്പ് വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങള്‍ പുനരധിവാസമില്ലാതെ നട്ടംതിരിയുന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. വല്ലാര്‍പാടം പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനുസമര്പ്പിച്ചിട്ട് രണ്ടു വര്‍ഷം തികയുകയാണ്. പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ 18 കുടുംബങ്ങള്‍ മാത്രമാണ് ഭാഗികമായി ഇതുവരെ പുനരധിവസിക്കപ്പെട്ടിട്ടുള്ളത്.
പാക്കേജ് പ്രകാരം സ്ഥലം വിട്ടുകൊടുക്കേണ്ടിവന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുക, നാമമാത്രമായ നഷ്ടപരിഹാരത്തുകയില്‍നിന്ന് പുനരധിവാസ ഉത്തരവിനുവിരുദ്ധമായി വസൂലാക്കിയ 12% കേന്ദ്ര വരുമാന നികുതി പലിശ സഹിതം തിരിച്ചുനല്‍കുക, പുനരധിവാസത്തിനായി അനുവദിച്ചിട്ടുള്ള ചതുപ്പുനിലങ്ങളില്‍ വീടുനിര്‍മ്മിക്കാനായി വായ്പ അനുവദിക്കുക, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചിന് എംഎല്‍എ എസ്.ശര്‍മ്മ, സമരസഹായ നേതാക്കളായ സി.ആര്.നീലകണ്ഠന്, എസ്.ബുര്‍ഹാന്‍, എം.ഷാജര്‍ഖാന്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ഗോപിനാഥ്, ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ. അഗസ്റ്റിന് വട്ടോളി, പി.ജെ.സെലസ്റ്റിന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: