അവസാനം പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിനെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനുമതിയോടെ തൂക്കിലേറ്റി. സങ്കീര്‍ണമായ സിനിമാക്കഥ പോലെയാണ് പാര്‍ലമെന്റ് ആക്രമണവും അനുബന്ധസംഭവങ്ങളും അത് ആസൂത്രണം ചെയ്ത അഫ്സല് ഗുരുവിന്റെ ജീവിതവും. 2001ലെ നനുത്ത മഞ്ഞുമൂടിയ ഡിസംബര്‍ മാസത്തിലെ 13-ാം തീയതി തന്നെ ഭീകരാക്രമണത്തിന് തെരഞ്ഞെടുത്തത് പ്രത്യേക ഉദ്ദേശ്യങ്ങളോടെയാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വാഴ്ത്തപ്പെടുന്ന പാര്‍ലമെന്റ് ആക്രമിക്കാന്‍ ആയുധസജ്ജരായി പരിശീലനം നേടിയ ഭീകരവാദികള്‍ അന്നുച്ചയ്ക്ക് 12 മണിയോടെ ശ്രമിക്കുന്നു. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒരു തോട്ടക്കാരന്റെയും ജീവന് ബലികൊടുക്കേണ്ടി വന്നു. എന്നാല്‍ ആക്രമണകാരികളെ അമര്‍ച്ച ചെയ്യാനും അതുവഴി മഹത്തായ ഭരണഘടനാ സ്ഥാപനവും അതിനുള്ളിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സര്‍വോപരി രാഷ്ട്രത്തിന്റെ അഭിമാനവും രക്ഷിക്കാന്‍ നമ്മുടെ സുരക്ഷാഭടന്മാര്ക്ക് സാധിച്ചു. ആക്രമണകാരികളുടെ വെടിവയ്പ്പില്‍ മാരകമായി മുറിവേറ്റ ഒരു പത്രപ്രവര്ത്തകന് ഏതാനും മാസങ്ങള്‍ക്കു ശേഷം മരിച്ചിരുന്നു.
പഴക്കച്ചവടക്കാരനില്‍ നിന്നും പാര്‍ലമെന്റ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുകയെന്ന റോളിലേക്കുള്ള അഫ്സല് ഗുരുവിന്റെ യാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എംബിബിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കാശ്മീര്‍ വിമോചനത്തിന് ആയുധമേന്താന്‍ തയ്യാറായ നിമിഷം മുതല്‍ ഗുരു രാജ്യദ്രോഹികളുടെ പട്ടികയില്‍ ഇടം നേടി. ആക്രമണത്തിന് ഗൂഢാലോചന നടത്തുകയും ഭീകരവാദികള്‍ക്ക് താവളമൊരുക്കുകയും ചെയ്തതിലൂടെ അഫ്സല് ഗുരു ആണവശക്തിയായ ഇന്ത്യയെയും അയല്‍രാജ്യമായ പാക്കിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചു. നിരോധിത ഇസ്ലാമിക ഭീകരസംഘടനയായ ജെയ്ഷെ ഇ മൊഹമ്മദിന്റെ സജീവാംഗമായ അഫ്സല് ഗുരു കാശ്മീരിനെ ഇന്ത്യയുടെ പരമാധികാരത്തില്‍ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേര്‍ക്കാന്‍ പ്രയത്നിച്ചവരില്‍ പ്രധാനിയാണ്.
ദല്‍ഹി സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഷൗക്കത്ത് ഹുസൈന്, ന്യൂദല്‍ഹിയിലെ തന്നെ കോളേജധ്യാപകന് എസ് എ ആര് ഗിലാനി എന്നിവരോടൊപ്പം അറസ്റ്റുചെയ്യപ്പെട്ട ഗുരുവിനും കേസ് വിചാരണയ്ക്കൊടുവില് കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ച് വധശിക്ഷ വിധിച്ചു. എന്നാല്‍ ഗിലാനി അപ്പീല്‍പോയി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. അഫ്സല് ഗുരുവിന്റെ ഭാര്യ അഫ്സാന് ഗുരുവിന്, ആക്രമണവിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിലറിയിച്ചില്ലെന്ന കുറ്റത്തിന് കോടതി അഞ്ചുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയ അവര്‍ പിന്നീട് ശിക്ഷയില്‍ നിന്ന് ഇളവ് നേടി.
2005 ആഗസ്ത് നാലിന് പുറപ്പെടുവിച്ച 271 പേജുള്ള വിധിന്യായത്തില്‍ ഡിവിഷന് ബെഞ്ച് ജഡ്ജിമാരായ പി.വി.റെഡ്ഡിയും പി.പി.നായലേക്കറും അഫ്സല് ഗുരുവിന്റെ ഭീകരബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനത്തിന്റെ അതി പൈശാചികമായ പ്രകൃതമെന്നാണ് അഫ്സല് ഗുരുവിന്റെ പ്രവൃത്തിയെ അവര്‍ ചൂണ്ടിക്കാട്ടുന്നത്. ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ യാതൊരു പിഴവും കൂടാതെ കൃത്യത പാലിച്ചിരിക്കുന്നതായും കോടതി അന്ന് വ്യക്തമാക്കി. എല്ലാ തെളിവുകളും അഫ്സല് ഗുരുവിന് ആക്രമണ പദ്ധതിയിലുള്ള അനിഷേധ്യമായ പങ്ക് വ്യക്തമാക്കുന്നവയായിരുന്നു. സ്ഫോടകവസ്തുക്കളുപയോഗിച്ച് പാര്‍ലമെന്റ് അപ്പാടെ തകര്‍ക്കാനായിരുന്നു ഇവരുടെ നീക്കം. ഘോര പാപമായ ക്രൂരതയുടെ മായാത്ത ഭീതിജനകമായ ഓര്‍മകളാണ് ഈ ആക്രമണത്തിലൂടെ ഉണ്ടായതെന്ന് കോടതി വിലയിരുത്തി. രാഷ്ട്രത്തിനെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണിതെന്ന് വിശേഷിപ്പിച്ച കോടതി ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയ ഗുരു സമൂഹത്തിന്റെ സമാധാനത്തിന് എന്നെന്നും ഭീഷണിയായിയിരിക്കുമെന്നും ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ഷൗക്കത്തിനും ഗുരുവിനും ഗിലാനിക്കും വധശിക്ഷ വിധിച്ചെങ്കിലും അഫ്സല് ഗുരു ഒഴിച്ചുള്ളവര്‍ അപ്പീല്‍ നല്കി രക്ഷപ്പെടുകയാണുണ്ടായത്.
** പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: