ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അത്യധികം ഗുരുതരമായ സ്ഥിതിയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിനും താഴേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ജിഡിപി അനുദിനം താഴേക്ക് യാത്ര ചെയ്യുന്നതായി വസ്തുതാപരമായ വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലാണ് ഇന്ത്യ എത്തിപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിലേക്ക് എത്തിച്ച ഭരണകൂടമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടേത്. എന്‍ഡിഎ ഭരണത്തിലേറുമ്പോള്‍ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കും വിദേശനാണ്യശേഖരത്തില്‍ ഏറ്റവും കുറഞ്ഞ നിലയുമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. വിലക്കയറ്റവും ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും അന്ന് ഇന്ത്യയെ ഗ്രസിച്ചിരുന്ന ഗുരുതരമായ പ്രശ്നങ്ങളായിരുന്നു. നാണയപ്പെരുപ്പവും കറന്‍സിയുടെ വിലയിടിവുംകൊണ്ട് നട്ടം തിരിയുന്ന പരിതസ്ഥിതിയിലാണ് ബിജെപി ദല്‍ഹിയില്‍ അധികാരമേറ്റെടുത്തത്. എന്‍ഡിഎ ഭരണഘട്ടമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സുവര്ണ്ണകാലമെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്.
ബിജെപി അധികാരത്തിലെത്തിയതിനുശേഷം നടന്ന ആദ്യ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലു സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെടാനിടയായത് വിലക്കയറ്റ പ്രശ്നത്തിന്റെ പേരിലായിരുന്നു. ഉള്ളിയുടെ വിലക്കയറ്റവും സാമ്പത്തിക ദുരിതങ്ങളും എണ്ണിയെണ്ണി പറഞ്ഞ് കോണ്‍ഗ്രസ്സ് ബിജെപിക്കെതിരെ അന്ന് ജനവികാരം ആളിക്കത്തിക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം ദീര്‍ഘകാലം കൈയ്യില്‍ വെച്ചാസ്വദിച്ച കോണ്‍ഗ്രസ്സിന്റെ തെറ്റായ നയങ്ങള്‍കൊണ്ടാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നതെന്ന സത്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു. അധികാരത്തില്‍ കയറി നടുനിവര്ത്തിയൊന്നു ഇരിക്കാനുള്ള സമയംപോലും ലഭിക്കുന്നതിനു മുമ്പാണ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്കുചുറ്റും വലയം സൃഷ്ടിച്ചത്. വിലക്കയറ്റം കോണ്‍ഗ്രസ്സ് ഭരണത്തിന്റെ ദുഷ്ചെയ്തിയുടെ ദുരനുഭവമാണെന്ന സത്യം ജനമനസ്സുകളിലേക്ക് എത്തിപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിച്ചവെച്ചു നടക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ പിന്നീട് വ്യക്തമായ ആസൂത്രിത നടപടികളിലൂടെ ബിജെപി ഭരണകൂടം ഭക്ഷ്യ ദൗര്‍ലഭ്യം ഇല്ലാതാക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ഇന്ത്യയെ ഭക്ഷ്യക്കയറ്റുമതി രാജ്യമാക്കുകയും ചെയ്തു.
അധികാരമേറ്റ് രണ്ടുകൊല്ലത്തിനുള്ളില് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശരിയായ ദിശയിലെത്തിക്കാനും വികസനോന്മുഖമാക്കാനും ബിജെപി ഭരണകൂടത്തിന് കഴിഞ്ഞു. 2003-2004 ആകുമ്പോഴേക്കും ‘ജിഡിപി ഗ്രോത്ത്’ എട്ട് ശതമാനത്തിനപ്പുറം കടത്താന്‍ വാജ്പേയി സര്‍ക്കാരിന് സാധിച്ചു. തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അത് 9 ശതമാനത്തോളം എത്തുകയുണ്ടായി. ബിജെപി സര്‍ക്കാരിന്റെ കാലം മൊത്തത്തിലെടുത്താല്‍ ശരാശരി സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമാണ്. ശ്രദ്ധേയമായ ഈ നേട്ടമിപ്പോള്‍ യുപിഎ കളഞ്ഞുകുളിച്ചിരിക്കുന്നു.
2004 ല്‍ ജനവിധി ബിജെപിയ്ക്ക് എതിരാവുകയും ഭരണം മന്‍മോഹന്‍സിംഗിന്റെ കീഴിലുള്ള യുപിഎ കൈയ്യാളുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുസ്ഥിരവും വികസനോന്മുഖവുമായിരുന്നുവെന്ന സത്യം യുപിഎയുടെ കന്നി ബജറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് നടത്തിയിട്ടുള്ള ആദ്യകാലങ്ങളിലെ നയപ്രഖ്യാപന പ്രസംഗങ്ങളിലും ആസൂത്രണ കമ്മീഷന്റെ പ്രഖ്യാപനങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിനപ്പുറം എത്തിക്കുമെന്ന് അവര്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ സാമ്പത്തിക വളര്‍ച്ച ഓരോ കൊല്ലവും പടവലങ്ങയുടെ വളര്ച്ചപോലെയായി അനുഭവപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ത്രൈമാസ റിപ്പോര്‍ട്ടില്‍ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമായി താഴേക്കുപോയിരിക്കുന്നു. ബിജെപി അധികാരമേറ്റ ഘട്ടത്തില്‍ അമേരിക്കയും ജപ്പാനുമുള്‍പ്പെടുന്ന ലോക സമ്പദ്വ്യവസ്ഥ താഴോട്ടുപോക്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തിന്‍കീഴില്‍ സാമ്പത്തിക വളര്‍ച്ചയെ 9 ശതമാനത്തിലെത്തിച്ച ഭരണ നേട്ടം ജനങ്ങള്‍ക്ക് മനസ്സിലാക്കാനോ അവരെ മനസിലാക്കിപ്പിക്കാനോ ഇടയായില്ല എന്നതാണ് ദു:ഖസത്യം.
ഏറ്റവും ഒടുവിലത്തെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് അനുമാനമനുസരിച്ച് സമസ്ത മേഖലകളിലും വളര്‍ച്ചാ നിരക്ക് താഴോട്ടുപോക്കിലാണുള്ളത്. ഉല്പാദന-കാര്‍ഷിക-സേവന മേഖലകളിലെ ഏറ്റവും മോശപ്പെട്ട പ്രകടനത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വളര്‍ച്ച 2012 ല്‍ 1.8 ശതമാനമായി കുറയുമെന്ന് സിഎസ്ഡി അനുമാനം പറയുന്നു. 2011-12 ല്‍ ഇത് 3.6 ശതമാനമായിരുന്നു. ഒരാഴ്ചമുമ്പ് റിസര്‍വ്വ് ബാങ്ക് നടത്തിയ പണവായ്പ സംഖ്യ അവലോകനത്തില്‍ രാജ്യം 5.5 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ അത് 5 ശതമാനത്തിലും താഴുമെന്ന് സിഎസ്ഒ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഗവണ്മെന്റ് നല്‍കിയിരുന്ന വളര്‍ച്ചാ അനുമാനം 7.6 ശതമാനമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ സാമ്പത്തിക അനുമാനങ്ങളെല്ലാം ഹിമാലയന്‍ മണ്ടത്തരങ്ങളും ബുദ്ധിശൂന്യതയുടെ സൃഷ്ടികളുമാണെന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്നു. സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം 10 ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ 5 ശതമാനത്തിലേക്കുള്ള താഴ്ചയേക്കുറിച്ചും മൗനികളാണ്. ‘ഗരീബി ഹഠാവോ” മുദ്രാവാക്യമുയര്‍ത്തി 1971 ല്‍ വന്‍ വിജയം കൊയ്ത ഇന്ദിരാഗാന്ധി പിന്നീട് ജനങ്ങളെ ചതിച്ചതിന്റെ ചരിത്രം ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ രണ്ട് ഭരണകൂടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1977 ലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും 1999 മുതല്‍ 2004 വരെ ഇന്ത്യ ഭരിച്ച വാജ്പേയി ഭരണകൂടവും. 2000-2004 കാലഘട്ടത്തില്‍ വിലക്കയറ്റമെന്നൊരാക്ഷേപം പാര്‍ലമെന്റിനകത്തോ പുറത്തോ ആര്ക്കുമുന്നയിക്കേണ്ടതായി വന്നിട്ടില്ല. ഇതൊരു മികച്ച നേട്ടമാണ്. വിദേശനാണ്യശേഖരവും ഭക്ഷ്യ ഉല്പാദനവും സര്‍വ്വകാല റിക്കാര്‍ഡിലേക്ക് അക്കാലത്ത് കൊണ്ടെത്തിച്ചിരുന്നു. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഉയര്‍ത്താനും നാണയപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താനും ബിജെപി സര്‍ക്കാരിന് കഴിഞ്ഞു. ഇതൊന്നും ജനമദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെയും മാധ്യമമേഖലയുടേയും ഏറ്റവും വലിയ പോരായ്മ. റേഷന്‍ ഷോപ്പിലെ വില നിരക്കില്‍ പൊതു വിപണിയില്‍ അരിയും പഞ്ചസാരയും കിട്ടിയ വാജ്പേയ്ജിയുടെ കാലം നാടു മറക്കാന്‍ പാടില്ലായിരുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഇന്നത്തെ ദുരവസ്ഥ കാണുമ്പോള്‍ 1991 ഡിസംബര്‍ 18 ന് അന്നത്തെ ധനകാര്യമന്ത്രി ഡോ: മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ നടത്തിയ കുറ്റസമ്മതപ്രസംഗമാണ് ഓര്‍മ്മയിലെത്തുക. ബിജെപിയുടെ രാജ്യസ്നേഹം കോണ്‍ഗ്രസ്സ് ചൂഷണം ചെയ്ത കഥയാണത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പിന്നിട്ട 44 കൊല്ലത്തെ പരാജയം ഏറ്റുപറയുകയും “പ്രസന്റ് എക്കണോമിക്ക് സിറ്റുവേഷന്” അപകടകരമാണെന്നുംസമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് വാജ്പേയിയും പ്രതിപക്ഷവും സഹായിക്കണമെന്നുമായിരുന്നു മന്‍മോഹന്‍സിംഗ് അപേക്ഷിച്ചത്. പാര്‍ട്ടി താല്‍പ്പര്യത്തേക്കാള്‍ രാജ്യതാല്‍പ്പര്യം കണക്കിലെടുക്കുന്ന രാഷ്ട്രതന്ത്രജ്ഞനായ വാജ്പേയി മന്‍മോഹന്‍സിംഗിന്റെ അഭ്യര്‍ത്ഥന മാനിച്ചു. ഇന്നിതാ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും ഇന്ത്യ സാമ്പത്തിക തകര്‍ച്ചയിലെത്തിയിരിക്കുന്നു. ഇനിയെങ്കിലും കോണ്‍ഗ്രസ്സിന്റെ കപടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: