ഏത് സമുദായത്തിലാണ് തിന്മകളില്ലാത്തത്? എന്റെ നാട്ടുകാരേ, ഈ അവസരമുപയോഗിച്ച് ഞാന്‍ പറയുന്നു. ലോകത്തില്‍ എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞ വിഭിന്നവംശങ്ങളെയും വിഭിന്ന ജനതകളെയും തുലനംചെയ്യുമ്പോള്‍, ആകെക്കൂടി നോക്കിയാല്‍, നമ്മുടെ ആളുകളാണ് കൂടുതല്‍ സന്മാര്‍ഗനിഷ്ഠരും കൂടുതല്‍ ഈശ്വരപരരും. അതുപോലെ, ആസൂത്രണത്തിലും ലക്ഷ്യത്തിലും നമ്മുടെ വ്യവസ്ഥിതികളാണ് മനുഷ്യവര്‍ഗത്തിന് ഏറ്റവും സുഖോദര്ക്കം. അതിനാല്‍ പരിഷ്കാരമൊന്നും എനിക്കാവശ്യമില്ല. എന്റെ ആദര്‍ശം വള ര്‍ച്ചയും വികസനവും ജനതയുടേതായ മാര്‍ഗങ്ങളിലൂടെയുള്ള പരിപുഷ്ടിയുമാണ്. എന്റെ നാടിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍, ലോകത്തിലുള്ള മറ്റൊരു രാജ്യവും മനുഷ്യമനസ്സിന്റെ മേന്മയ്ക്കുവേണ്ടി ഇത്രമാത്രം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഞാന്‍ കാണുന്നു.
അതിനാല്‍ എന്റെ ജനതയ്ക്കെതിരായി ഭര്‍ത്സനങ്ങള്‍ മുഴക്കാന്‍ എനിക്ക് വാക്കു കിട്ടുന്നില്ല. അവരോട് ഞാന്‍ പറയുന്നതിങ്ങനെയാണ് ‘ചെയ്തത് നന്നായി; കൂടുതല്‍ നന്നായി ചെയ്യാന്‍ ശ്രമിക്കൂ.” ഈ രാജ്യത്ത് പണ്ട് വമ്പിച്ച കാര്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. ഭാവിയില്‍ അതിലും വമ്പിച്ച കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടത്ര സമയവും അവസരവും ഉണ്ടുതാനും. നമുക്ക് അനങ്ങാതിരിക്കുക സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് എനിക്ക് നന്നായറിയാം. നിശ്ചലത വന്നാല്‍ നാം മരിക്കയായി. ഒന്നുകില്‍ നമുക്ക് മുന്നോട്ടുപോകണം, അല്ലെങ്കില്‍ പിന്നോട്ട് പോകണം; ഉത്കര്‍ഷം അല്ലെങ്കില്‍ അപകര്‍ഷം. നമ്മുടെ പൂര്‍വികര്‍ മഹത്തായ പലതും പണ്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ നിറവുറ്റ ഒരു ജീവിതത്തിലേക്ക് നാം വളരണം. അവരുടെ വമ്പിച്ച നേട്ടങ്ങള്‍ക്കും അപ്പുറത്തേക്ക് നമുക്ക് കടക്കണം.
ഇനിയെങ്ങനെയാണ് നാം പിമ്പോട്ടുപോവുക, സ്വയം കീഴ്ക്കിടയിലേക്ക് വഴുതി വീഴുക? അത് സാധ്യമല്ല. അതരുത്. പിന്മടക്കം ജനതയുടെതന്നെ അപക്ഷയത്തിലും നാശത്തിലും കലാശിക്കും. അതിനാല്‍ നമുക്ക് മുന്നേറാം; മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാം. ഇതാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: