ചോദ്യം: ആറന്മുള പാടത്ത് കുറെ മണ്ണട്ടയും മാക്രിയും മാത്രമേയുള്ളൂവെന്നും അത് നികത്തിയാല്‍ ഒരു പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാവില്ലെന്നുമുളള സ്ഥലം എംഎല്‍എയായ ശിവദാസന്‍നായരുടെ പ്രസ്താവന ശരിയാണോ?
-ഡോ.സോമശേഖരന്‍ നായര്‍, ആറന്മുള.
ഉത്തരം: കമ്പനിയുടെ വക്കാലത്തുമായി നടക്കുന്നവര്‍ പച്ചക്കള്ളം വിളിച്ചുപറയുന്നത് സ്വാഭാവികം മാത്രം. അവര്‍ക്ക് ജനമല്ല, കമ്പനി മുതലാളിമാരാണ് വലുത്. തന്റെ വാദഗതിക്ക് ഉപോദ്ബലകമായ പഠന റിപ്പോര്‍ട്ടോ ഗവേഷണ ഫലങ്ങളോ കാണിക്കാന്‍ അദ്ദേഹം തയ്യാറല്ല. വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒട്ടേറെ സസ്യങ്ങള്‍, ഔഷധച്ചെടികള്‍, മരങ്ങള്‍, ജീവികള്‍ തുടങ്ങിയവ ഈ വലിയ സമുച്ചയത്തിലുണ്ടെന്ന് മുന്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ.വി.എസ്.വിജയന്റെ നേതൃത്വത്തില്‍ ദീര്‍ഘനാള്‍ പഠനം നടത്തിയ അഞ്ചംഗ ശാസ്ത്രജ്ഞ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കാവുകള്‍, നീര്‍ത്തടം, നെല്‍വയല്‍, നീര്ച്ചാല്, ക്ഷേത്രങ്ങള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ് പദ്ധതിപ്രദേശം. ഇവ നശിപ്പിച്ചാല്‍ അഞ്ച് തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു.
1) സമീപമുള്ള കുന്ന് ഇടിച്ച് മണ്ണെടുക്കുന്നതുമൂലം മലയിടിച്ചില്‍ ഉണ്ടാകാനിടയുണ്ട് 2) കുടിവെള്ളക്ഷാമം രൂക്ഷമാകും 3) പമ്പാനദിയിലെ മഴ വെള്ളം വിന്യസിക്കാന്‍ സ്ഥലമില്ലാതായാല് നദിയില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകും. 4) ഭൂഗര്‍ഭജലവിതാനം താഴും. 5) പമ്പാനദി വറ്റിവരണ്ട് പോകും. നിയമസഭാ പരിസ്ഥിതി കമ്മറ്റിയും ഇതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് സ്ഥലം എംഎല്‍എയുടെ അഭിപ്രായത്തിന് ശാസ്ത്ര സമ്മതിയില്ല, ജനപിന്തുണയില്ല, അംഗീകാരമില്ല.
ചോദ്യം: എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വിമാനത്താവളമുണ്ടാക്കുന്നതെന്ന് കമ്പനി പറയുന്നു. എങ്കില്‍ എങ്ങനെ അതിനെ എതിര്‍ക്കാനാവും?
– വി.എസ്.ജോര്‍ജ്ജ്, നാരങ്ങാനം.
ഉത്തരം: തങ്ങള്‍ പാലിച്ച ഒരു നിയമത്തിന്റെ പേരെങ്കിലും പറയാന്‍ കമ്പനിക്ക് കഴിയില്ലെന്നതാണ് വാസ്തവം. കമ്പനി പദ്ധതിയുമായി വന്ന നാള് മുതല്‍ നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ് നടന്നുവരുന്നത്. നിലവിലുള്ള ഭൂനിയമങ്ങളില്‍ പ്രധാനപ്പെട്ട ഭൂപരിഷ്ക്കരണ നിയമവും ഭൂപരിധിനിയമവും ഭൂവിനിയോഗ നിയമവും പരസ്യമായി കമ്പനി ലംഘിച്ചു. നിയമപ്രകാരം കമ്പനിക്ക് 15 ഏക്കര്‍ മാത്രമേ കൈവശം വയ്ക്കാവൂ. 270 ഏക്കര്‍ വിലയ്ക്ക് വാങ്ങി പേരില്‍ കൂട്ടി എടുത്തു. പൈതൃക ഗ്രാമകര്മ്മ സമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് പേരില്‍ കൂട്ടിയ നടപടി റദ്ദ് ചെയ്തു.
സ്വന്തമായി വളരെ കുറച്ച് ഭൂമി മാത്രമേ കമ്പനിക്ക് ഇപ്പോഴുള്ളൂ. തണ്ണീര്‍ത്തടവും നെല്‍വയലും സംരക്ഷിക്കാന്‍ വേണ്ടി നിര്‍മിച്ച ആക്ട് (2008) അനുസരിച്ച് ഒരിഞ്ച് നിലംപോലും നികത്താനാവില്ല. നീര്ച്ചാല് നികത്തിയത് ജല-ജലസേചന സംരക്ഷണ നിയമ(2003)ത്തിന്റെ ലംഘനമാണ്. പാരിസ്ഥിതിക സംരക്ഷണ നിയമം (1984) പ്രകാരം പ്രകൃതിക്ക് കോട്ടം തട്ടുന്നതൊന്നും ചെയ്യാന്‍ പാടില്ല. വ്യോമയാന നിയമ പ്രകാരം വിമാനത്താവളങ്ങള്‍ തമ്മില്‍ നിശ്ചയിച്ചിട്ടുള്ള വ്യോമദൂര പരിധി 150 കി.മീറ്ററാണ്. അത് കണക്കിലെടുത്താല്‍ ആറന്മുളയില് വിമാനത്താവളം നിര്‍മിക്കാനാവില്ല. പൈതൃകഗ്രാമമായി പ്രഖ്യാപിച്ച യുഎന്‍ഡിപി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവയുടെ നിബന്ധനകളും കമ്പനി ധ്വംസിച്ചിരിക്കുന്നു. വലിയൊരു കൂട്ട നിയമ ലംഘനമഹാമഹമാണ് ആറന്മുളയില് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: