ജന്മഭൂമി വായനക്കാര്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ച് ഉന്നയിച്ച വിവിധ സംശയങ്ങള്‍ക്ക് പ്രക്ഷോഭം നയിക്കുന്ന ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി നല്കുന്ന ഉത്തരങ്ങള്‍ ഇന്നുമുതല്‍
ചോദ്യം: ആറന്മുളയില് ഒരു വിമാനത്താവളം നിര്‍മിച്ചാല്‍ നാട്ടില്‍ വികസനം ഉണ്ടാവില്ലേ?
– പി. ബാലകൃഷ്ണന്, കോഴഞ്ചേരി.
ഉത്തരം: നാടിന്റെ വികസനം വിമാനത്താവളത്തിലധിഷ്ഠിതമാണെന്ന വാദം വികലവും വസ്തുതാവിരുദ്ധവുമാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമ്പന്ന വര്‍ഗ്ഗത്തിന് പ്രയോജനം കിട്ടുമെന്നത് ശരി തന്നെ. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ വളരെ നേരിയ ശതമാനം മാത്രമേയുള്ളൂ. ഇവര്‍ക്ക് നെടുമ്പാശ്ശേരിയിലോ തിരുവനന്തപുരത്തോ പോകുന്നതുമൂലം യാത്രക്ക് വേണ്ടിവരുന്ന പണവും സമയവും ആറന്മുള വിമാനത്താവളംവഴി യാത്രചെയ്താല്‍ ലാഭിക്കാനാവും. അതുകൊണ്ട് ആറന്മുള വികസിക്കുന്നതെങ്ങനെ? സാധാരണക്കാരന് വേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. റോഡ്, റയില്‍, ആഹാരം, കൃഷി, തൊഴില്‍ തുടങ്ങി പൊതുജന സമൂഹത്തെ ദൈനംദിനം ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിംഗ് മാളും വിമാനത്താവളവും വന്നാല്‍ വികസനമാകുമെങ്കില് കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഉണ്ടായ വികസനമെന്തെല്ലാമെന്ന് വികസന വാദികള്‍ വ്യക്തമാക്കട്ടെ. മറ്റ് നാടുകളില്‍ നിന്ന് വിമാനത്തില്‍ എത്തുന്നവര്‍ വന്‍ വ്യവസായങ്ങള്‍ ആറന്മുളയില് തുടങ്ങുമെങ്കില്‍, തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വന്നിറങ്ങി അവര്‍ക്ക് ആ വക സംരംഭങ്ങള്‍ തുടങ്ങാവുന്നതേയുളളൂ. മറ്റു സംസ്ഥാനങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത് വിമാനത്താവളം നിര്മിച്ചല്ല. 600 കി.മീ. മാത്രം നീളമുള്ള കേരളം വികസിക്കാന്‍ നാല് വിമാനത്താവളം പോരെ? കേരളത്തിന്റെ അത്രയും വലിപ്പമുള്ള മുംബൈയില്‍ വിമാനത്താവളം രണ്ട് എണ്ണമേയുള്ളൂ. ഒരു ഇന്റര്‍നാഷണലും ഒരു ഡൊമസ്റ്റിക്കും. വികസിത സംസ്ഥാനമായ ഗുജറാത്തിന് കേരളത്തിന്റെ മൂന്ന് ഇരട്ടി വലിപ്പമുണ്ട്. പക്ഷേ അന്താരാഷ്ട്ര വിമാനത്താവളം അവിടെ ഒരെണ്ണമേയുള്ളൂ. ഡൊമസ്റ്റിക് 4 എണ്ണവും.
ചോദ്യം: പൈതൃകഗ്രാമത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് വളര്‍ച്ചയുടെ ലക്ഷണമല്ലേ? – പി.പി.അശോകന്, തിരുവല്ല.
ഉത്തരം: പൈതൃകഗ്രാമം തനിപഴഞ്ചനും വ്യവസായ മേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. പൈതൃകം എന്നത് കൃത്രിമമായി ഉണ്ടാക്കിയതല്ല. അത് തലമുറകള്‍ കൈമാറി ഇന്നത്തെ സമൂഹത്തിന് ലഭിച്ച വരപ്രസാദമാണ്. പണവും സമ്പത്തും കൊണ്ട് മാത്രം നാട് നിലനില്‍ക്കില്ല. സംസ്ക്കാരവും പാരമ്പര്യവും വഴി ഹൃദയാന്തരാളങ്ങളില്‍ ജ്വലിക്കുന്ന അഭിനിവേശവും വികാരവുമാണ് ഒരു ജനതയുടെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നത്. ആറന്മുളയുടെ സമ്പത്ത് നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലുകളും പമ്പാനദിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയുമാണ്. ഇവയില്‍ ജനങ്ങളുടെ വികാരവും വിശ്വാസവും തുടികൊട്ടുന്നു. വ്യവസായ മേഖലയില്‍ വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണും മാത്രമേയുള്ളൂ. നെല്‍വയലും നീര്‍ത്തടവും ഒരു സംസ്കൃതിയുടെ കളിത്തൊട്ടിലുകളാണ്. വ്യവസായ മേഖല ഉപഭോഗതൃഷ്ണയുടെ കുപ്പത്തൊട്ടിയും! പഴയതിനെ നശിപ്പിക്കുന്നതല്ല പരിഷ്ക്കാരം, മറിച്ച് നന്മയെ സ്വീകരിച്ച് വളര്‍ച്ച പ്രാപിക്കലാണ്. വയലിന്റെ നന്മയെ മണ്ണിട്ടുമൂടി നാടിന് മുഴുവന്‍ വരള്‍ച്ച സംഭാവന ചെയ്യുന്നത് ഒരു വ്യവസായമായി കാണുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. മണ്ണ് തുരന്ന് വെള്ളമെടുത്ത് കുപ്പിയിലാക്കി വില്‍ക്കുന്നത് വ്യവസായമാണ്. അതേസമയം, ഇടതൂര്‍ന്ന മരങ്ങളും കാവുകളും നീര്‍ത്തടവും കൊണ്ട് പ്രകൃതി ഭൂമിയുടെ ജലവിതാനം സമ്പന്നമാക്കുന്നതാണ് നമ്മുടെ പൈതൃകം. ഇതാണു വ്യവസായവും പൈതൃകവും തമ്മിലുള്ള വ്യത്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: