വ്യവഹാരങ്ങളില്‍ കുടുങ്ങി ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരുവാര്ത്തയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന ഒരു ഉദ്ഘാടനം. മലബാര്‍ ജില്ലകള്‍ക്കായി കോഴിക്കോട്ട് സ്ഥിരം ലോക് അദാലത്ത് ആരംഭിച്ചിരിക്കുകയാണ്. വ്യവഹാരങ്ങളുടെ പിന്നാലെ പോയി ജീവിതത്തിന്റെ സുവര്‍ണകാലം നഷ്ടമായാലും ഫലമില്ലാത്ത ഒരവസ്ഥയാണിന്നുള്ളത്. അങ്ങനെ കേസും കൂട്ടവുമായി ഉള്ളതെല്ലാം വിറ്റുപെറുക്കി അനാഥാവസ്ഥയില്‍ ആയിപ്പോയ ഒട്ടേറെ കുടുംബങ്ങളുണ്ട്. പ്രതീക്ഷപോലും അസ്തമിച്ച അത്തരം കുടുംബങ്ങളുടെ ദയനീയ കഥകള്‍ വേദനിപ്പിക്കുന്നതാണ്. എത്രകാലം കഴിഞ്ഞാലും ഒഴിയാബാധപോലെ വ്യവഹാരങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുമെന്നാണ് അനുഭവം. ഇതിനൊരു പോംവഴിയാണെന്ന് പറയാനാവില്ലെങ്കിലും ലോക് അദാലത്തുവഴി അല്പം ആശ്വാസം കിട്ടുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
കഴിഞ്ഞദിവസം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യപ്പെട്ട ലോക്അദാലത്ത് ഇക്കാര്യത്തില്‍ സുപ്രധാനമായ ഒരു കാല്‍വെപ്പാണ്. ഹൈക്കോടതി ജഡ്ജി കെ.എം ജോസഫ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. വ്യവഹാരങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരാന്‍ ലോക് അദാലത്തുകള്‍ക്ക് കഴിയുന്നുണ്ടെന്നും സാധാരണ കോടതികളുടെ ജോലിഭാരം കുറയ്ക്കാന്‍ ഇത് സഹായകമാണെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിത്യേനെ ഉയരുന്ന വ്യവഹാരങ്ങള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ ഇത് കൈകാര്യം ചെയ്യാനുള്ള ജീവനക്കാര്‍ തുലോം പരിമിതമാണ്. അങ്ങനെവരുമ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒട്ടേറെ സമയമെടുക്കും. കോടതി വരാന്തകയറിയിറങ്ങി കക്ഷികള്‍ക്ക് മനം മടുക്കുകയും ചെയ്യും.
പുതിയ സംവിധാനം ഫലപ്രദമാവുമ്പോള്‍ ഈ മേഖലയില്‍ വിവരിക്കാന്‍ പറ്റാത്ത തരത്തിലുളള മാറ്റങ്ങളാണുണ്ടാവുക. ആദ്യത്തെകാര്യം സമയം തന്നെ. വ്യവഹാരത്തിന്റെ പിന്നാലെ പോയി വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാവില്ല. രണ്ടാമത്തേത് സാമ്പത്തികനഷ്ടമാണ്. ബ്ലേഡ് പലിശക്ക് പണം കടം വാങ്ങിപ്പോലും കേസു നടത്തേണ്ട ഇന്നത്തെ രീതിക്ക് സമൂലമായ മാറ്റമുണ്ടാവും. അങ്ങനെ വരുമ്പോഴുള്ള ആശ്വാസം തന്നെ കേസ് പകുതി ജയിച്ചതിനു തുല്യമാവും. സാമ്പത്തിക ചെലവില്ലാതെ ലോക് അദാലത്തിനെ സമീപിച്ചാല്‍ അത് സാധാരണ കോടതി ഉത്തരവുകള്‍ പോലെ സാധുതയുള്ളതാവുമോ എന്ന സംശയം ഉയര്‍ന്നുവരാവുന്നതാണ്. എന്നാല്‍ അക്കാര്യവും കെ.എം. ജോസഫ് അര്ത്ഥശങ്കക്കിടവരാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിക്കു തത്തുല്യമായ അധികാരമുള്ളതായിരിക്കും ലോക് അദാലത്ത് സംവിധാനം വഴിയുള്ള ഉത്തരവുകള്‍.
സംസ്ഥാനത്തെ വിവിധ കോടതികളിലായി മൂന്നു കോടിയിലേറെ കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നറിയുമ്പോഴാണ് ലോക് അദാലത്തിന്റെ പ്രാധാന്യം നമുക്കു മനസ്സിലാവുന്നത്. കണ്ണീരും കിനാവും കൂടിക്കലര്‍ന്നുകിടക്കുന്ന കോടിക്കണക്കിനുള്ള വ്യവഹാരങ്ങള്‍ നിര്‍ധാരണം ചെയ്ത് വിധിവരുമ്പോഴേക്ക് തലമുറകള്‍തന്നെ പലതു കഴിഞ്ഞിട്ടുണ്ടാവും. വ്യവഹാരം കൊടുത്തവര്‍ക്ക് അതിന്റെ ഗുണം കിട്ടില്ലെന്നുമാത്രമല്ല മാനസികമായ ബുദ്ധിമുട്ടുകള്‍ അനേകം സഹിക്കേണ്ടിയുംവരും. പൊതുജനത്തിന് വളരെവേഗം പരിഹരിക്കേണ്ട തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ലോക് അദാലത്തുവഴി കഴിയുമെന്നത് വളരെയേറെ ആശ്വാസം പകരുന്നതാണ്. സാധാരണകോടതികളില്‍ നിന്നും നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നവരുടെ മുമ്പില്‍ ഫലപ്രദമായ മാര്‍ഗമാണ് ലോക് അദാലത്ത്.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോഴിക്കോട് ജില്ലാ ലീഗല്‍ അതോറിറ്റി എന്നിവ സംയുക്തമായാണ് ലോക് അദാലത്ത് സ്ഥിരം വേദി സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് കോഴിക്കോട്ടെ ലോക് അദാലത്തില്‍ സഹായം തേടാവുന്നത്. 10 ലക്ഷം രൂപവരെ മൂല്യമുള്ളവ സംബന്ധിച്ച തര്‍ക്കങ്ങളും നിയമപ്രകാരം ഒത്തുതീര്‍ക്കാന്‍ കഴിയുന്ന ക്രിമിനല്‍ കേസുകളും ലോക് അദാലത്തിനു പരിഹരിക്കാം എന്നതുകൊണ്ടുതന്നെ ആയിരക്കണക്കിന് കക്ഷികള്‍ക്ക് ആശ്വാസത്തിന്റെ സുപ്രധാനമായ മാര്‍ഗമാണ് തുറന്നു കിട്ടുന്നത്. കോടതി വിധിയുടെ അതേസാധുത ലോക് അദാലത്ത് വിധികള്ക്കുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ സംശയിച്ചു നില്‍ക്കേണ്ട ആവശ്യവുമില്ല.
വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കുതുല്യമാണെന്ന് പറയാറുണ്ട്. ഇപ്പോള്‍ മിക്ക നീതികളും ഇങ്ങനെ നിഷേധിക്കപ്പെട്ട അനുഭവമാവാന്‍ കാരണം ഒരിക്കലും അവസാനിക്കാത്ത നീതി നിര്‍വഹണ നടപടിക്രമങ്ങളാണ്. അതിനൊരു മാറ്റം വരുന്നു എന്നത് എല്ലാം കൊണ്ടും ശ്ലാഘനീയമാണ്. മനുഷ്യപ്രയത്നവും സാമ്പത്തികവും സമയവും നഷ്ടമാകുന്നതിലൂടെ തികച്ചും നിസ്സഹായ ജന്മമാവുന്ന സ്ഥിതിക്കാണ് സമൂലമായ മാറ്റം വരുന്നത്.
വ്യവഹാരമില്ലാത്ത ലോകമാണ് സ്വപ്നം കാണുന്നതെങ്കിലും അത് ഒരിക്കലും നടക്കാത്ത മനോഹരസ്വപ്നമാണെന്ന് നമുക്കറിയാം. എന്നാല്‍ വ്യവഹാരങ്ങളുടെ എണ്ണം കുറയ്ക്കാനും ഉള്ളവയുടെ നിര്വ്വഹണസമയം ചുരുക്കാനും കഴിഞ്ഞാല്‍ അതുതന്നെയാണ് വ്യവഹാരമില്ലാത്ത ലോകത്തേക്കുള്ള ആദ്യ ചുവട്. ആ ചുവടാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെച്ചത്. ഇത് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല ബന്ധപ്പെട്ടവര്‍ക്കുണ്ട്. അതു സംബന്ധിച്ച് ജനങ്ങളില്‍ വേണ്ടത്ര അവബോധം ഉണ്ടാക്കുന്ന പ്രചാരണപരിപാടികള്‍ വേണം. സംശയങ്ങളും ഭീതിയും നീക്കാനും യുക്തമായ നടപടിക്രമങ്ങള്‍ ഉണ്ടാവണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങുമെന്നാണ് പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: