സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് രാഷ്ട്രപതി ഒപ്പുവച്ച ഓര്‍ഡിനന്‍സിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാതെ വയ്യ. പാര്‍ലമെന്റ് ചേരാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവിശേഷിക്കവെ നേരെ നിയമനിര്‍മ്മാണത്തിലേക്ക് പോകാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായതുതന്നെയാണ് സംശയാസ്പദമാകുന്നത്. പല്ലും നഖവുമുള്ള നിയമനിര്‍മ്മാണമാണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍ പുറംവാതിലിനെ ആശ്രയിക്കാതെ ബില്ലുമായി പാര്‍ലമെന്റിലെത്തുകയായിരുന്നു ചെയ്യേണ്ടത്. അതിനുമുതിരാതെയുള്ള ഓര്‍ഡിനന്‍സ് യുപിഎ സര്‍ക്കാരിന്റെ സഹജമായ ഒളിച്ചുകളിയുടെ ഭാഗമാണെന്ന് പറയേണ്ടി വരുന്നു. പ്രതികളെ ദീര്‍ഘകാലം ജയിലടയ്ക്കുന്നതിനുള്ള വ്യവസ്ഥകളും അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ വധശിക്ഷ നല്കുന്നതിനുമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിലവില്‍ ഏഴ് വര്‍ഷം വരെ തടവ് നല്‍കിയിരുന്ന ബലാത്സംഗത്തിന് 20 വര്‍ഷം വരെ ജയില്‍ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷവും ശിക്ഷയുണ്ടാകും.
ബലാത്സംഗത്തിനിടയില്‍ മരണപ്പെടുക പോലെ അത്യപൂര്‍വ്വ കുറ്റ കൃത്യങ്ങളിലാണ് വധശിക്ഷ പറയുന്നത്. അത് പുതിയ ഓര്‍ഡിനന്‍സില്‍ വലിയ കാര്യമായി കാണാനാവില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലകേസുകളിലെ പ്രതികള്‍ക്ക് ഇപ്പോള്‍ തന്നെ വധശിക്ഷ നല്‍കാറുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 21നാണ് തുടങ്ങുന്നത്. കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം പാര്‍ലമെന്റില്‍ പാസാക്കുമെന്നായിരുന്നു ആദ്യസൂചന. എന്നാല്‍ പൊതുവികാരം കണക്കിലെടുത്തു മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശുപാര്‍ശ ചെയ്യുകയാണെന്നാണ് വ്യാഖ്യാനം.
ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ സ്ഥിരം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്. ഇത് രണ്ടും എപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ്.
ഓര്‍ഡിനന്‍സിന് ആറുമാസത്തെ ആയുസ്സേയുള്ളൂ. അതിനിടയില്‍ പാര്‍ലമെന്റില്‍ നിയമമാക്കണം. പാര്‍ലമെന്റ് ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന സ്ഥിതിയല്ല ഉള്ളത്. ഗൗരവപൂര്‍വ്വം പാര്‍ലമെന്റിനെ കാണാന്‍പോലും ആരും തയ്യാറാകുന്നില്ല. മാത്രമല്ല പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ വരുമ്പോള്‍ ആരോപണ വിധേയനായ ഒരാള്‍ ഒരു പക്ഷേ അധ്യക്ഷപദവിയില്‍ തുടരുന്ന സാഹചര്യം എത്രമാത്രം നാണക്കേടാണ് ഉണ്ടാക്കുക ? മാനഭംഗത്തിനു വധശിക്ഷ വിധിക്കുന്നത് അപകടകരമാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍. ഇരയെ വധിച്ചു തെളിവുനശിപ്പിക്കാന്‍ പ്രതികള്‍ മടിച്ചേക്കില്ല എന്നതായിരുന്നു കാരണം. എന്നാല്‍, 20 വര്‍ഷംമുതല്‍ ജീവിതാന്ത്യം വരെ തടവുശിക്ഷ നല്കാന് സമിതി നിര്‍ദേശിച്ചിരുന്നു. ദല്‍ഹിയില്‍ പെണ്‍കൂട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭത്തിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. ബലാത്സംഗത്തില്‍ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ നല്കാവുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവുനിയമം എന്നിവ ഭേദഗതിചെയ്താണ് പുതിയ ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സില്‍ ബലാത്സംഗത്തിന് പകരം ‘ലൈംഗികാതിക്രമം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികമായ സകല കുറ്റകൃത്യങ്ങളും ഇതിലുള്‍പ്പെടും. സ്ത്രീകളുടെ പിറകെ നടക്കുക, ഒളിഞ്ഞുനോക്കുക, ആസിഡ് ആക്രമണം നടത്തുക, അശ്ലീല ആംഗ്യം കാട്ടുക, അശ്ലീല സംസാരം, അശ്ലീലസ്പര്‍ശം എന്നിവയ്ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. ഇപ്പോഴത് ഒരുവര്‍ഷത്തെ തടവുമാത്രമാണ്.വിവാഹബന്ധത്തിനുള്ളിലെ ബലാത്സംഗം നിയമപരിധിയില്‍ കൊണ്ടുവരണമെന്ന വര്‍മ കമ്മീഷന്റെ ശുപാര്‍ശ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം എന്തുതന്നെ പറഞ്ഞാലും പ്രതികളുടെ രാഷ്ട്രീയവും സ്വാധീനവുംമൂലം രക്ഷപ്പെട്ടുപോകാന്‍ സാധിക്കുന്നു എന്നതാണ് നിലവിലുള്ള സാഹചര്യം. അതിന്റെ ഒന്നാംതരം തെളിവാണ് സൂര്യനെല്ലി കേസ്. ഈ കേസില്‍ ഇരയായ പെണ്‍കുട്ടി സംശയലേശമെന്യേ ഉന്നയിച്ച പേരാണ് പി.ജെ. കുര്യന്റേത്. പതിനേഴ് വര്‍ഷമായി ഒരു സ്വാധീനത്തിനും വഴങ്ങാതെ ഈ പെണ്‍കുട്ടി പി.ജെ. കുര്യന്റെ പേര് ആവര്‍ത്തിക്കുന്നു. എന്നാല്‍ കുര്യന് നിരപരാധിയാണെന്ന് രാഷ്ട്രീയ നേതൃത്വം ഒരന്വേഷണത്തിനും മുതിരാതെ പ്രസ്താവിക്കുന്ന വിചിത്രമായ കാഴ്ചയാണുള്ളത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രി സഭ അംഗീകരിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഞായറാഴ്ച ഒപ്പുവച്ച ഓര്‍ഡിനന്‍സില്‍ പറയുന്നത് പീഡനത്തിനിരയാവരുടെ മൊഴിയുടെ അടിസ്ഥാത്തില്‍ വിചാരണ നടത്താമെന്നാണ്. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ മഷി ഉണങ്ങും മുമ്പാണ് കേന്ദ്രമന്ത്രിമാരും കേരളത്തിലെ ഭരണക്കാരും ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് പറയുന്നത്. പി.ജെ. കുര്യന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് വാദം. ഈ വിഷയത്തില്‍ പെണ്‍കുട്ടി പറയുന്നത് തന്നെയാവണം തെളിവ്. അല്ലാതെ സാക്ഷികളെ നിര്‍ത്തി ആരെങ്കിലും ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയുന്നതല്ലെ. കേസ് കൈകാര്യം ചെയ്യുന്നതില്‍ വ്യക്തിതാല്പര്യവും കക്ഷി പരിഗണനയും കടന്നുവരാന്‍ പാടില്ല. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതെല്ലാമാണ്. അതുകൊണ്ടുതന്നെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയതിലടിക്കം ഒളിച്ചുകളിയുണ്ടെന്ന സംശയം ഉടലെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: