കേരളത്തിലൊഴികെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാവപ്പെട്ട ജനവിഭാഗങ്ങള്ക്കിടയിലേക്ക് ഉന്നതവിദ്യാഭ്യാസം ഇനിയും എത്തുന്നില്ലെന്നത് ഖേദകരമായ വസ്തുതയാണ്. ഭാരതത്തില്‍ 33000 കോളേജുകളും അഞ്ച് ദശലക്ഷം അദ്ധ്യാപകരും ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടെങ്കിലും ഈ കോട്ടം നികത്തുവാന്‍ രാജ്യത്തിനായിട്ടില്ല. കേരളത്തിലാണെങ്കില്‍ ഓരോ ദിവസം ചെല്ലുംതോറും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാര ശോഷണം സംഭവിച്ചുകൊണ്ടിരിക്കയാണ്. മിക്കവാറും സര്‍വകലാശാലകളും കോളേജുകളും മികവ് പുലര്‍ത്തുന്നതില്‍ വളരെയേറെ പരാജയമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജുകളിലും രാഷ്ട്രീയം നിരോധിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം കോളേജുകളുടെ ഗുണനിലവാരം തകര്‍ത്തുകൊണ്ടിരിക്കയാണ്. സര്‍വകലാശാലാ തലത്തില്‍ സ്ഥാനമാനങ്ങള്‍ ജാതി നോക്കിയും രാഷ്ട്രീയം നോക്കിയുമാണ് പങ്കുവയ്ക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സ്ഥാനത്തിരിക്കുന്നവരാകട്ടെ ഉദ്ദിഷ്ട കാര്യം സാധിച്ചതിന് ഉപകാര സ്മരണയെന്നോണം ജാതിക്കാരുടേയും രാഷ്ട്രീയക്കാരുടേയും ചട്ടുകങ്ങളായി മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരായി ജോസഫ് മുണ്ടശേരിയെപ്പോലെയുള്ള വിദ്യാഭ്യാസ വിചഷണന്മാരെ കണ്ട കേരളം ഇന്ന് ആ സ്ഥാനങ്ങളില്‍ വരുന്നവരെ കാണുമ്പോള്‍ നെടുവീര്‍പ്പിടുകയാണ്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ മൂല്യച്യുതി ഇവിടെനിന്ന് തുടങ്ങുന്നു.
സര്‍വകലാശാലകളുടെ മാനം കളയുന്ന രീതിയില്‍ തീരുമാനങ്ങളെടുക്കുന്ന സിന്റിക്കേറ്റുകള്‍ ഗുണനിലവാരം അട്ടിമറിയ്ക്കുന്ന മറ്റ് വിദഗ്ദ്ധ സമിതികള്‍, അക്കാദമിക ബോഡികള്‍ എന്നിവയെല്ലാം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ശോഭ കെടുത്തുകയാണ്. ഇതുകൊണ്ട് തന്നെ സിലബസ് നിശ്ചയിക്കലില്‍ തുടങ്ങി റിസള്‍ട്ട് വരുന്നതുവരെയുള്ള സര്‍വകലാശാലയുടെ ദൈനംദിന ചുമതലകളില്‍ വീഴ്ച വരുത്തുന്നതിലും കാലതാമസം ഉണ്ടാക്കുന്നതിലും ഇടവരുത്തുന്നു.
പ്രതികാരവും വൈരാഗ്യവും മൂലം വിഷം തുപ്പുന്ന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും യൂണിയനുകള്‍ ആദര്‍ശശുദ്ധിയുള്ള നേതാക്കളുടെ അഭാവത്താല്‍ ലക്ഷ്യബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയെല്ലാം ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. മൂന്നു വര്‍ഷംകൊണ്ട് അവസാനിയ്ക്കേണ്ട ഡിഗ്രി കോഴ്സുകള്‍ നാല് വര്‍ഷം കൊണ്ട് അവസാനിക്കുന്ന അവസ്ഥ.
രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍ മൂന്ന് വര്ഷംകൊണ്ടും തീരുന്നില്ല. സര്‍വകലാശാലകളില്‍നിന്നും റിസള്‍ട്ട് വരുന്നതും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരുന്നതും കാത്ത് വേഴാമ്പലിനെപ്പോലെ കഴിയേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥി സമൂഹം. പരീക്ഷകള്‍ തുടങ്ങുന്നതിന് മുമ്പ് സിലബസ് തീര്‍ക്കുന്ന പഴയ രീതി കോളേജുകളില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ജോലി ഭാരത്താല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനും പ്രവര്‍ത്തി പരിചയത്തിനും ഒട്ടും സമയം കിട്ടാത്ത അവസ്ഥ സിലബസ് സെറ്റ് ചെയ്യുന്നതിലെയും പഠന രീതികളുടെയും വൈകല്യം മൂലം ഗതികേടിലാകുന്നത് കുട്ടികളാണ്. യുജിസി വേതനം ലഭിക്കുന്നുണ്ടെങ്കിലും വലിയ ഒരുപറ്റം അദ്ധ്യാപകര്‍ ഇപ്പോഴും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഷെയര്‍ മാര്‍ക്കറ്റിലും മറ്റു ധനാഗമമാര്ഗ്ഗങ്ങളിലും സജീവമാണെന്നുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമാണ്. പഠനസൗകര്യങ്ങള്‍ വേണ്ടവിധമില്ലാത്ത സര്‍ക്കാര്‍ കോളേജുകള്‍, അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ നിയമനത്തിനായി ലേലം വിളി നടത്തുന്ന മാനേജ്മെന്റ് കോളേജുകള്‍, സ്വന്തം ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്താത്ത അദ്ധ്യാപക സമൂഹം എന്നിവരെല്ലാം നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിറം കെടുത്തിയതിന് ഉത്തരവാദികളാണ്.
രാഷ്ട്രീയ അതിപ്രസരം സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ മൊത്താമായും ഗ്രസിച്ചു കഴിഞ്ഞു. ഇത് നിലവാരമില്ലാത്ത ബിരുദക്കാരെയും ബിരുദാനന്തരബിരുദക്കാരെയും പിഎച്ച്ഡിക്കാരെയും സൃഷ്ടിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു. ‘സ്മാര്‍ട്ട്’ കുട്ടികളെ സൃഷ്ടിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസരംഗം പരാജയപ്പെട്ടിരിക്കുന്നു. ജോലി ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടാക്കുന്നതിലും അറിവുള്ള കുട്ടികളെ സൃഷ്ടിക്കുന്നതിലും അദ്ധ്യാപക സമൂഹവും മികവു കാണിക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹവും പുറകോട്ടു പോയിരിക്കുന്നു. എന്നാല്‍ അക്കാദമിക മികവു കാട്ടുന്ന ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്ത് ഇല്ലാതില്ല. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും മികവിന്റെ കാര്യത്തില്‍ പുറകോട്ടടിച്ചിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റില്‍ സംസ്ഥാനത്തെ കുട്ടികള്‍ കരകയറാത്തതിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ച വലിയ അളവുവരെ കാരണമാകുന്നുണ്ട്. ചെറിയ ജോലികള്‍ക്ക് ബിരുദാനന്തര ബിരുദക്കാരും പിഎച്ച്എഡിക്കാരുടേയും തള്ളിക്കയറ്റമാണ് കേരളത്തില്‍. തൂപ്പു ജോലിയ്ക്ക് പോലും പിഎച്ച്ഡിക്കാര്‍ അപേക്ഷിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. ലക്ഷങ്ങള്‍ കോഴ കൊടുക്കാനും അങ്ങനെ വാങ്ങിയ ജോലിയില്‍ നിരുത്തരവാദപരമായി ജോലി ചെയ്യുന്നതും കേരളത്തില്‍ പതിവാണ്. സാമൂഹ്യ സമത്വം ആവശ്യപ്പെടുകയും ടിവിയ്ക്ക് മുമ്പില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും കളിക്കുകയും ചെയ്യുന്ന പല സാമൂഹ്യ സംഘടനകളുടെയും മാനേജ്മെന്റുകള്‍ അധ്യാപക നിയമനത്തിന് ലക്ഷക്കണക്കിന് രൂപയാണ് കോഴയായി ആവശ്യപ്പെടുന്നത്. യുജിസി നെറ്റ് വേണമെന്ന കോളേജ് നിയമനത്തിലെ കടമ്പ മാത്രമാണ് ലേലം വിളിക്കാര്‍ക്ക് തടസ്സമാകുന്നത്. അദ്ധ്യാപക നിയമനത്തിന് കോളേജിന്റെ വികസന ഫണ്ടിലേയ്ക്കെന്ന വ്യാജേന നടത്തുന്ന പകല്‍ കൊള്ള ഒരുപരിധിവരെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുറകോട്ടടിക്കുന്നതിന് കാരണമായിട്ടുണ്ട്.
സംസ്ഥാനം മാറി മാറി ഭരിച്ച മുന്നണി ഭരണത്തിന് മാനേജ്മെന്റുകളുടെ ഇഷ്ടാനുസരണം ചുവട് മാറ്റി ഭരണം നടത്തിയെന്നല്ലാതെ ഈ സാമൂഹ്യ അനീതിയ്ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഭരണക്കാര്‍ക്ക് കഴിഞ്ഞില്ല. യൂണിവേഴ്സിറ്റി അഫിലിയേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജുകളും അഫിലിയേഷന്റെ പേരില്‍ യൂണിവേഴ്സിറ്റികളില്‍നിന്നും യാതന അനുഭവിക്കുന്നവരാണ്. അഫിലിയേഷന്റെ പേരിലുള്ള ഫീസ്, പരിശോധന,സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം, കോഴ്സുകള്‍ അനുവദിക്കുന്നതിലെ രാഷ്ട്രീയം, അക്കാദമിക സ്വാതന്ത്ര്യം എന്നീ കാര്യങ്ങളിലെല്ലാം ബുദ്ധിമുട്ടുന്ന അവസ്ഥ നിലവിലുണ്ട്. സംസ്ഥാനത്തിന് പുറത്ത് അഫിലിയേഷന്റെ പേരില്‍ ലക്ഷങ്ങളുടെ പിരിവാണ് സര്‍വകലാശാലകള്‍ നടത്തുന്നത്. അഫിലിയേഷന് സമ്പ്രദായത്തിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ യുജിസി 2008 ല്‍ മദ്രാസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.എസ്.പി.ത്യാഗരാജന് കമ്മറ്റിയെ പ്രശ്നം പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി നിയമിച്ചിരുന്നു. ഓരോ സര്‍വകലാശാലകളിലെയും ക്രമാതീതമായ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ദുഷ്ക്കരമാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ മേന്മ കുറയുന്നതിന് ഇത് കാരണമായി. അക്കാദമിക മികവ് ഇടിഞ്ഞു. കോളേജ് നടത്തിപ്പ് മാനേജ്മെന്റുകള്‍ കച്ചവടമാക്കി. സര്‍വകലാശാലകള്‍ പരീക്ഷ നടത്തിപ്പിന്റെ കേന്ദ്രം മാത്രമായി ചുരുങ്ങി. കോളേജുകളുടെ സ്വയംഭരണ അധികാരത്തില്‍ സര്‍വകലാശാലകള്‍ കടന്നു കയറി. സമൂഹത്തിലെ എല്ലാ തട്ടിലെ ആളുകള്‍ക്കും വിദ്യാഭ്യാസം ലഭിക്കുകയെന്നത് അഫിലിയേഷന് സിസ്റ്റത്തില്‍ ദുഷ്ക്കരമായി.
പ്രൊഫ.ത്യാഗരാജന് കമ്മറ്റി കണ്ടെത്തിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ പോരായ്മകളാണിതെല്ലാം. എന്നാല്‍ കോളേജുകള്‍ അതിരുകടക്കാതിരിക്കാന്‍ സര്‍വകലാശാലകളുടെ ഒരു മേല്‍നോട്ടം ആവശ്യമാണെന്നും ചെലവ് കുറഞ്ഞ വിദ്യാഭ്യാസം ഗ്രാമങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും പ്രത്യേകിച്ചും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതിനും അഫിലിയേഷന് സമ്പ്രദായത്തിന് കഴിയുന്നുണ്ടെന്നും പ്രൊഫ.ത്യാഗരാജന് കമ്മറ്റിയ്ക്ക് കണ്ടെത്താനായി.
ഒരു സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യേണ്ട കോളേജുകളുടെ എണ്ണം നിജപ്പെടുത്തണമെന്നും കൂടുതല്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കണമെന്നും കൂടുതല്‍ കോളേജുകള്‍ക്ക് അക്കാദമിക സ്വയംഭരണം നല്‍കണമെന്നും കോളേജുകളുടെ മികവ് പഠന വിഷയമാക്കണമെന്നും ഗുണനിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്ക് കൂടുതല്‍ യുജിസി ഫണ്ട് ലഭ്യമാക്കണമെന്നും പ്രൊഫ.ത്യാഗരാജന് കമ്മറ്റി യുജിസിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നും ഇനിയും നടപ്പാക്കുവാന്‍ യുജിസിയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലൂടെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും അടിസ്ഥാന സൗകര്യവികസനത്തിനുമായി രാജ്യവ്യാപകമായി രാഷ്ട്രീയ ഉശ്ചാതര്‍ ശിക്ഷാ അഭിയാന് (റുസ) പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍, കോളേജുകള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഈ പദ്ധതിയുടെ കീഴില്‍ വരും.
പദ്ധതിപ്രകാരം രാജ്യത്ത് നാക് എ ഗ്രേഡും കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സും ലഭിച്ച കോളേജുകള്‍ക്ക് സ്വയംഭരണ അവകാശം നല്കി സര്‍വകലാശാലകളായി ഉയര്‍ത്തുക, സന്ധ്യാ കോളേജുകള്‍ കൂടുതല്‍ സര്‍വകലാശാലകള്‍ എന്നിവ സ്ഥാപിക്കുക, ബിരുദ കോഴ്സുകളും ബിരുദാനന്തര കോഴ്സുകളും സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് ബിരുദങ്ങള്‍ നല്‍കുക, നിലവിലുളള സ്ഥാപനങ്ങളില്‍ കൂടുതല്‍ സീറ്റ് നല്കി കൂടുതല്‍ പേര്‍ക്ക് പഠന സൗകര്യം ഒരുക്കുക, ക്ലസ്റ്റര്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുക, എല്ലാവര്ക്കും കോളേജ് വിദ്യാഭ്യാസം ലഭ്യമാക്കുക, വിദ്യാര്‍ത്ഥിനികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കും സാമ്പത്തിക സഹായം കൂടുതല്‍ ലഭ്യമാക്കുക. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പഠനനിലവാരം ഉയര്‍ത്തുവാന്‍ പഠന മികവ് പുലര്‍ത്താത്തവര്‍ക്ക് പ്രത്യേകം പരിഹാര ക്ലാസുകള്‍ നടത്തുക, നിലവാരമുള്ള മികവ് പുലര്‍ത്തുന്നവരെ അദ്ധ്യാപകരായി കണ്ടെത്തുക, ഇത്തരം അദ്ധ്യാപകരെ വിദ്യാഭ്യാസരംഗത്തെത്തിക്കുവാന് അദ്ധ്യാപക തസ്തികകള്‍ ആകര്‍ഷകമാക്കുക. പാഠ്യപദ്ധതികള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുക, സര്‍വകലാശാലകളുടെ അഫിലിയേഷന് മൂലമുള്ള ഭാരം കുറയ്ക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിനോടൊപ്പം ജോലികള്‍ക്കുള്ള സാമര്‍ത്ഥ്യവും പ്രാപ്തിയും ഉറപ്പാക്കുക. മികവനുസരിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് ഫണ്ട് നല്‍കുക തുടങ്ങി കര്‍ശനമായ പരിഷ്ക്കരണ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര മാനവ വികസന മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്. പദ്ധതി ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാരും 35 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും. രാഷ്ട്രീയ ഉശ്ചാതര്‍ ശിഷാ അഭിയാന് (റുസ) പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടണം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവ് തുടങ്ങിയിട്ടും പതിനൊന്നാം പദ്ധതി തീരാതെ തുടരുന്ന ഈ സാഹചര്യത്തില്‍ റുസ എന്ന് നടപ്പാകുമെന്ന് കണ്ടറിയണം. പന്ത്രണ്ടാം പദ്ധതിയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും നിലവിലെ അധ്യാപക കോഴ സമ്പ്രദായവും രാഷ്ട്രീയ അതിപ്രസരവും ഉന്നതവിദ്യാഭ്യാസ രംഗത്തെ വിട്ടുമാറാതെ ഉന്നത വിദ്യാഭ്യാസ രംഗം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. അടുത്ത തലമുറയെ രാജ്യം ഭരിക്കുവാനും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുവാനും വേണ്ടി പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസരംഗം റുസ വഴിയെങ്കിലും രക്ഷപ്പെടണം. കഴിവുള്ളവരും അക്കാദമിക മികവുള്ളവരും പുറത്ത് നില്‍ക്കുകയും മൂന്നാംതരവും നാലാംതരവുമായവരുടെ കൈകളില്‍ ഉന്നത വിദ്യാഭ്യാസരംഗം എത്തിപ്പെടുകയും ചെയ്യുന്നത് നാടിനാപത്താണ്. സംസ്ഥാനത്ത് സര്‍വകലാശാലകളുടെ ഭാരം കുറയ്ക്കണം. മികവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിഗ്രി കൊടുക്കുവാന്‍ അനുവാദം നല്കുന്ന തരത്തില്‍ നിയമഭേദഗതി വരണം. വിദ്യാഭ്യാസം കച്ചവടമാക്കരുത്. ഗുണനിലവാരമുള്ള വിദ്യാസമ്പന്നരെ ഒരുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയിക്കണം അത് ഈ നാടിന്റെ ശരിയായ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
** ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: