സ്ത്രീപീഡന കേസുകള്‍ പരിഗണിക്കാന്‍ ഒരു ഡിവിഷന് ബെഞ്ചും ഒരു സിംഗിള്‍ ബെഞ്ചും ഹൈക്കോടതിയില്‍ രൂപീകരിച്ചു. ജസ്റ്റിസുമാരായ പി.ആര്.രാമചന്ദ്രന് നായര്‍, എ.പി.രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചും ജസ്റ്റിസ് ഭവദാസന്‍ ഉള്‍പ്പെടുന്ന സിംഗിള്ബെഞ്ചുമാണ്. സ്ത്രീകള്‍ക്കെതിരായ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി ഇന്ത്യയ്ക്ക് മാതൃകയായി. സ്ത്രീപീഡന കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും വിചാരണ മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ഉത്തരവിറക്കാനിരിക്കെയാണ് കേരളത്തിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും തടയുന്നതിനുള്ള നിയമം ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കാനുള്ള കരടുബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയും ചെയ്തു. “വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണബില്‍ 2013” വനിതകള്‍ക്കെതിരായ ഗാര്‍ഹികവും സാമൂഹികവുമായ പീഡനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കും എതിരെ നടപടി ഉറപ്പുവരുത്താനും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. പീഡനത്തിന് ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ നല്‍കും. പീഡനം മൂലം സ്ത്രീ മരിക്കാനിടയായാല്‍ ജീവപര്യന്തവും പിഴയുമാണ് ശിക്ഷ. പീഡിപ്പിക്കപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്ക് ശിക്ഷ ലഭിക്കും. ബോധപൂര്‍വവും അപമര്യാദയോടെയുള്ള, വനിതകളുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവൃത്തിയും പീഡനമായി കണക്കാക്കും. വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് ഉപകരണത്തിലൂടെയോ പ്രലോഭിപ്പിക്കുന്നതും ലൈംഗിക ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും പീഡനത്തിന്റെ നിര്‍വചനത്തില്‍ വരും.
അശ്ലീല വസ്തുക്കളോ, അശ്ലീല സാഹിത്യമോ കാണിക്കുക, അപമാനിക്കാന്‍ വേണ്ടി ശരീരഭാഗങ്ങളെപ്പറ്റി കമന്റ് പറയുക, എസ്എംഎസ്, ഫോണ്‍ കോള്‍, വീഡിയോഗ്രാഫി തുടങ്ങിയവയിലൂടെ ശബ്ദമോ ചിത്രമോ ശബ്ദരേഖയോ ശേഖരിച്ച് മോര്‍ഫിംഗ് നടത്തി പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിക്കും. പൊതു വാഹനത്തില്‍ പീഡനം നടന്നാല്‍ വാഹനത്തിന്റെ ചുമതലയുള്ളയാള്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ മൂന്നുമാസം വരെ തടവും പിഴയും ശിക്ഷ വിധിക്കാം. പോലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കുമ്പോള്‍ വനിതാ ഓഫീസര്‍ എഴുതി എടുക്കണം. പീഡനോദ്ദേശ്യത്തോടെ ഫോട്ടോകളോ, ശബ്ദരേഖയോ പോലുള്ളവ കൈവശം വച്ചാലും ശിക്ഷാര്‍ഹമാണ്. ഇരകളുടെ ഇഷ്ടപ്രകാരമുള്ള സ്ഥലത്തുവച്ചുമാത്രം കുറ്റാന്വേഷണവും വിചാരണയും സ്വകാര്യമായി നടത്തേണ്ടതാണ്. ശിക്ഷ വിധിക്കുമ്പോള്‍ നഷ്ടപരിഹാരം, ഇരയായ വനിതയ്ക്കോ അവകാശിക്കോ നല്കാന് ഉത്തരവിടാം മുതലായ നിര്‍ദ്ദേശങ്ങളാണ് കരടുബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭയില്‍ ഈ ബില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. പ്രത്യേക കോടതി സ്ഥാപിക്കുക, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക മുതലായ നടപടി വഴി കേരളം ചരിത്രത്തിലിടം നേടുകയാണ്. സ്ത്രീപീഡനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് സ്വന്തം വീട്ടിലോ പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ ഒന്നും സുരക്ഷിതത്വമില്ലാത്ത അവസ്ഥ സംജാതമായിരിക്കെ ഇങ്ങനെ ഒരു നിയമം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: