ക്രൈസ്തവ സഭകളുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന ആവശ്യത്തിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ട്. ഭരണഘടന 25-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എ അനുസരിച്ച് മതങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതത്തിനന്യമായ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതിന് രാഷ്ട്രത്തിന് അധികാരം ലഭിക്കുന്നു. 26-ാം വകുപ്പ് ഡി ഉപവകുപ്പ് അനുസരിച്ച് മതങ്ങളുടെ പൊതുസമ്പത്ത് ഭരിക്കേണ്ടത് നിയമമനുസരിച്ചാണ്.
ഇന്ന് ക്രൈസ്തവ സഭാ വിഭാഗങ്ങളൊഴിച്ച് ഇന്ത്യയിലെ മേറ്റ്ല്ലാ മതങ്ങളുടേയും സാമ്പത്തികകാര്യങ്ങള്‍ രാഷ്ട്രം നിര്‍മിച്ച നിയമത്തിലൂടെയാണ് നടത്തപ്പെടുന്നത്. വഖഫ് ആക്ട് മുസ്ലീമുകള്‍ക്കും വിവിധ ദേവസ്വം നിയമങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണത്തിനും ഗുരുദ്വാരാ നിയമം സിഖ് മതസ്ഥരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിനും ആധാരമായി നിര്‍മിച്ചിട്ടുണ്ട്. ഭാരതത്തിലെ മേറ്റ്ല്ലാ മതങ്ങളുടേയും പൊതു സമ്പത്ത് ഭരിക്കാന്‍ നിയമം ഉണ്ടാക്കിയ ഗവണ്മെന്റ് ക്രൈസ്തവ മതത്തെ മാത്രം നിയമത്തിന് കീഴില്‍ കൊണ്ടുവരാത്തത് തികച്ചും വിവേചനമാണ്. അതുകൊണ്ട് ഭരണഘടന അനുസൃതമായി ക്രൈസ്തവരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം അനിവാര്യമാണ്.
യേശുവിന്റെ പ്രബോധനങ്ങളും അപ്പസ്തോലന്മാരുടെ പഠനങ്ങളുമാണല്ലോ സഭയുടെ അടിത്തറ. യേശു അവതരിച്ചത് ദൈവരാജ്യം സ്ഥാപിക്കുന്നതിനാണ്. ഈ ദൈവരാജ്യമാകട്ടെ മറ്റു രാഷ്ട്രങ്ങളെപ്പോലെ അധികാരാധിഷ്ഠിതമല്ല. അവിടെ ഒന്നാമനാകുന്നവന്‍ എല്ലാവരുടേയും ദാസനാണ്. അവിടുന്നു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് ഈ ലോകത്തില്‍ നിയമാധിഷ്ഠിതമായ ഒരു സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. ജനാധിപത്യം സഭയ്ക്ക് അന്യമല്ല. ഏകാധിപത്യം സഭയുടെ ഭരണക്രമം ആകണമെന്ന് യേശുവോ അപ്പോസ്തലന്മാരോ പറഞ്ഞിട്ടില്ല.
പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അവരവരുടേതായ പാരമ്പര്യങ്ങളുണ്ട്. പൗരസ്ത്യ ദേശത്തെ സഭകളില്‍ ഒരുപക്ഷെ അന്ത്യോഖ്യ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ സഭ ഭാരതസഭയാണ്. ഈ സഭയുടെ പാരമ്പര്യങ്ങളെ പൂര്‍ണമായും പുനരുദ്ധരിക്കുന്നതിന് വത്തിക്കാന്‍ കൗണ്‍സില്‍ അനുവാദം നല്‍കുന്നുണ്ട്. അങ്ങനെ ഭാരത ഭരണഘടനയും അപ്പോസ്തലന്മാരും സഭാ സുനഹദോസും സമ്മതംമൂളിയിട്ടുള്ളതാണ് ഭാരത ക്രൈസ്തവരുടെ പാരമ്പര്യമനുസരിച്ച് പൊതുസമ്പത്ത് ഭരിക്കുന്നതിനുള്ള വ്യവസ്ഥ.
പാശ്ചാത്യ സഭയുടെ ഇടപെടല്‍ മൂലം ഭാരതസഭയുടെ നിയമാനുസൃതമായ ആരാധനാക്രമങ്ങളും ശിക്ഷണങ്ങളും തമസ്ക്കരിച്ചു. ഇത് പുനരുദ്ധരിക്കുന്നതിനുള്ള അവകാശം അതത് സഭകളുടേതാണ്. സാര്‍വത്രികസഭയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പ് ഉണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇന്നുള്ളത്. മറിച്ച് പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അപ്പസ്തോലിക പാരമ്പര്യമനുസിരിച്ച് അവരുടേതായ ശിക്ഷണക്രമങ്ങളുണ്ട്. ആ ശിക്ഷണക്രമങ്ങള്‍ പാശ്ചാത്യ ഇടപെടല്‍ മൂലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുനഃസ്ഥാപിക്കുന്നതിന് പരിശ്രമിക്കേണ്ടത് ഓരോ സഭയുടേയും കടമയാണ്. ഇത് ചെയ്യേണ്ടിയിരുന്നത് ഇവിടുത്തെ മെത്രാന്മാരാണ്. എന്നാല്‍ നമ്മുടെ പാരമ്പര്യത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് വത്തിക്കാന്‍ രചിച്ച പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ പാശ്ചാത്യ സഭയുടെ ഭരണസമ്പ്രദായം സഭയ്ക്കുള്ളില്‍ ഉള്‍പ്രവേശിച്ചിരിക്കുകയാണ്. ഇത് വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.
മറ്റൊരു പ്രശ്നം കാനോന്‍ നിയമം പാശ്ചാത്യ സഭകള്‍ക്ക് മാത്രമായി 1917 ല്‍ രൂപം കൊടുത്തതാണ്. 1991 വരെ സീറോ-മലബാര്‍ സഭയിലും സീറോ-മലങ്കര സഭയിലും കാനോന്‍ നിയമം ഇല്ലായിരുന്നു. ഈ കാനോന്‍ നിയമം ഭൗതിക സമ്പത്തുകള്‍ ഭരിക്കുന്നതിനുംകൂടി രൂപം കൊടുത്തിട്ടുള്ളതാണ്. ഇന്ത്യയിലെ ഭൗതിക സമ്പത്തിന്റെ ഭരണം ഇന്ത്യന്‍ നിയമത്തിനനുസരിച്ചായിരിക്കണം എന്നത് ഭരണഘടനാപരമായി ആവശ്യമാണ്. കാരണം ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. പരമാധികാര രാഷ്ട്രമായ ഇന്ത്യയിലെ ഭൗതിക സമ്പത്തുകളുടെ ഭരണത്തിന് നിയമങ്ങള്‍ നിര്‍മിക്കേണ്ടത് പരമാധികാര രാഷ്ട്രമായ ഇന്ത്യയാണ്. ഈ അവകാശം വേറെ ഏതെങ്കിലും രാഷ്ട്രത്തിന് വിട്ടുകൊടുത്താല്‍ ഇന്ത്യയുടെ പരമാധികാരം “വാചകമടി” മാത്രമായിത്തീരുന്നു. ഇന്ന് ഇന്ത്യയില്‍ കോടാനുകോടി രൂപയുടെ സ്വത്ത് കത്തോലിക്കാ സഭയ്ക്കും മറ്റു സഭകള്‍ക്കുമുണ്ട്. ഇത് ഭരിക്കേണ്ടത് ഏത് നിയമമനുസരിച്ചാണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ഇന്ത്യന്‍ ഭരണ നിയമമനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഭൗതിക സ്വത്തുക്കള്‍ സമ്പാദിക്കുന്നുവെങ്കില്‍ അതിന്റെ ഭരണാവകാശം അയാളില്‍തന്നെ നിക്ഷിപ്തമാണ്. ആ അവകാശം വേറൊരാള്‍ക്കും നിയമാനുസൃതമായിട്ടല്ലാതെ ഏറ്റെടുക്കാന്‍ അവകാശമില്ല. ഉദാഹരണത്തിന് പാലാ പള്ളി അതിപുരാതനമായ ഒരു പള്ളിയാണ്. ആ പള്ളിക്ക് ധാരാളം സ്ഥാവര-ജംഗമ വസ്തുക്കളുണ്ട്. ഈ വസ്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു പ്രഖ്യാപനത്തിലൂടെ ഏറ്റെടുക്കാന്‍ അവകാശമുണ്ടോ? ഇന്ത്യന്‍ പ്രസിഡന്റിനും പാര്‍ലമെന്റിനുപോലും നിയമാനുസൃതമല്ലാതെ മറ്റുള്ളവരുടെ സമ്പത്ത് ഭരിക്കാന്‍ അവകാശമില്ല എന്നതാണ് ഇന്ത്യയിലെ നിയമം. ഈ നിയമത്തിന് വിരുദ്ധമായിട്ടാണ് വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പ ഇന്ത്യയിലെ പള്ളികളുടെ ഭൗതിക സമ്പത്ത് ഭരിക്കുന്നതിനുള്ള അവകാശം സ്വയം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ന് ലോകത്തില്‍ ഒരു ഭരണാധികാരിക്കും നിയമനിര്‍മാണാവകാശവും ഭരണ നിര്വഹണാവകാശവും നീതിന്യായ നടത്തിപ്പിനുള്ള അവകാശവും ഒരുമിച്ച് നല്‍കുന്നില്ല. ഭരണപരമായ ഈ മൂന്ന് കര്‍ത്തവ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിക്ഷിപ്തമാക്കിയാണ് ജനാധിപത്യത്തിന്റെ മൂല്യസംരക്ഷണം ലോകമെമ്പാടും നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ കോടാനുകോടി രൂപ വിലവരുന്ന സ്വത്തുക്കളും വരുമാനവും റോമന്‍ മാര്‍പാപ്പാ നിയമിക്കുന്ന മെത്രാന്മാര് സര്‍വതന്ത്ര സ്വതന്ത്രമായി ഭരിക്കുന്നു. ഈ സ്വത്ത് മുഴുവന്‍ വിശ്വാസികളുടേതാണ്.
ചര്‍ച്ച് ആക്ട് വേണം എന്നുപറയുമ്പോള്‍ അതിനെതിരായ വാദഗതികള്‍ ഉണ്ട് എന്നുള്ളതും മറച്ചു വയ്ക്കേണ്ടതിന്റെ ആവശ്യമില്ല. കാലാകാലങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ യാഥാസ്ഥിതിക മനസ്സ് എന്നും എതിര്‍ത്തിട്ടുണ്ട് എന്നോര്‍ക്കുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ചര്‍ച്ച് ആക്ടിന് വിരുദ്ധമായി ഉയര്‍ത്തിപ്പിടിക്കുന്ന വാദങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇതര രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കാനോന്‍ നിയമം സഭയുടെ നിയമമായി രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ സഭയുടെ പൊതുസമ്പത്തിന്റെ ഭരണത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേകമായി ഒരു നിയമം ഉണ്ടാക്കുന്നതിന് ആഗോളതലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായേക്കാം.
ഒരു കാലത്ത് ക്രൈസ്തവ രാഷ്ട്രങ്ങളായിരുന്ന യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ സഭാ ഭരണത്തില്‍ കാനോന്‍ നിയമത്തെ അടിസ്ഥാന പ്രമാണമാക്കിയിട്ടുണ്ടെങ്കില്‍ അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കോണ്‍സ്റ്റന്റൈന്റെ കാലം മുതല്‍ പൗരസ്ത്യ പാശ്ചാത്യ സഭകള്‍ രാജകീയ ഭരണത്തെ അംഗീകരിക്കുകയും ആ ഭരണനിയമത്തിന്റെ മൂശയില്‍ നിയമങ്ങള്‍ കോര്‍ത്തിണക്കുകയും ചെയ്തിരുന്നു. കാനോന്‍ നിയമം സഭയുടെ ആഭ്യന്തര നിയമമായി പ്രഖ്യാപിച്ചത് 1917,18 കാലഘട്ടത്തിലാണ്. കാനോന്‍ നിയമം പുരോഹിതര്‍ക്ക് നല്‍കിയിരുന്ന പല അവകാശങ്ങളെയും രാഷ്ട്രനിയമം റദ്ദാക്കിയിട്ടുണ്ട്. ഉദാഹരണം ഡിവോഴ്സ്. സഭ ഡിവോഴ്സിനെ ശക്തമായി എതിര്‍ത്തു.
പക്ഷേ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയും ഇന്ന് കാനോന്‍ നിയമ വ്യവസ്ഥയെ അനുസരിക്കുന്നില്ല. കാനോന്‍ നിയമ വ്യവസ്ഥ അനുസരിച്ചുള്ള വിവാഹത്തെ പല കത്തോലിക്കാ രാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. വിവാഹം കൂദാശയാണെന്ന് സഭയ്ക്ക് പറയാം. എന്നാല്‍ രണ്ട് വ്യക്തികളുടെ അവകാശങ്ങള്‍ പങ്കുവയ്ക്കുന്ന വിവാഹം ഒരു സിവില്‍ ആക്ടായിട്ടാണ് എല്ലാ രാഷ്ട്രങ്ങളും കരുതിയിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങള്‍ കാനോന്‍ നിയമം അംഗീകരിച്ചിട്ടുണ്ടോ എന്ന് പറയാന്‍ ആകില്ല. സഭയുടെ സ്വത്ത് ഭരിക്കുന്നതിന് ഇന്ത്യ ഒരു നിയമം ഉണ്ടാക്കിയാല്‍ അതിനെ വിദേശ രാഷ്ട്രങ്ങള്‍ എതിര്‍ക്കും എന്നുള്ള വാദം തികച്ചും മിഥ്യാ വാദമാണ്.
ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ തന്നെ സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടുകയില്ല എന്നതിന് എന്താണ് ഉറപ്പ്?
സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടും എന്നതല്ല ചര്‍ച്ച് ആക്ടിന് കാരണമായി കാണേണ്ടത്. മറിച്ച് യേശുവിന്റെ കല്പ്പനകള്ക്കനുസൃതമല്ല കാനോന്‍ നിയമം എന്നുളളതാണ്. മെത്രാന്മാരും പുരോഹിതരും അപ്പോസ്തല പിന്‍ഗാമികളാണെന്നാണല്ലോ സഭയുടെ കാഴ്ചപ്പാട്. പന്ത്രണ്ട് ശിഷ്യന്മാരും ചേര്‍ന്ന ആദ്യത്തെ സൂനഹദോസില്‍ മൂപ്പന്മാര് ഭൗതിക ഭരണത്തില്‍നിന്നും മാറിനില്‍ക്കണമെന്ന് തീരുമാനിക്കുകയുണ്ടായി. (അപ്പോ.പ്രവ.6:1-6) ഇന്ന് സഭയില്‍ പണം അപഹരിക്കപ്പെടുന്നപക്ഷം അതിനെക്കുറിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അതിന്റെ ഉടമസ്ഥരായ വിശ്വാസികള്‍ക്ക് കഴിയുകയില്ല. നേരെമറിച്ച് ഒരു ചര്‍ച്ച് ആക്ട് ഉണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാം.
ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ ഗവണ്മെന്റിന് സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം കൊടുക്കുകയല്ലേ?
അല്ല. കാരണം, നിയമം നിര്‍മിക്കുമ്പോള്‍ ഈ നിയമ നടത്തിപ്പിനായി ഗവണ്മെന്റിനെ ആശ്രയിക്കേണ്ടതില്ല എന്ന വകുപ്പ് എഴുതിച്ചേര്‍ക്കേണ്ടിവരും. അങ്ങനെ പൊതുമുതലിനെ പൊതുമുതലായിക്കണ്ട് പൊതു നിയമംകൊണ്ട് ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടാകണം.
ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഈ മതേതര രാഷ്ട്രത്തില്‍ ഒരു മതത്തിനുമാത്രം അവരുടെ ഭൗതിക വസ്തുക്കള്‍ ഭരിക്കാനുള്ള അവകാശം പുരോഹിതര്‍ക്ക് വിട്ടുകൊടുക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ സങ്കല്പ്പത്തിന് വിരുദ്ധമാണ്. ഇക്കാര്യത്തെക്കുറിച്ച് വിപുലമായ ചര്‍ച്ച ആവശ്യമാണ്.
** ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: