മലപ്പുറത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവം ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ജനപങ്കാളിത്തംകൊണ്ടും സംഘടനാ മികവുകൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായ മേളയായി അത് മാറുകയായിരുന്നു. ഏറെ ആശങ്കകള്‍ മാധ്യമങ്ങള്‍ പങ്കുവെച്ചെങ്കിലും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ അവയെല്ലാം വൃഥാവിലായി. സമരം മേളയുടെ പകിട്ടു കുറക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും സമരം തീര്‍ന്നതോടെ സംഘടനകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങി സമയത്തെ തോല്‍പ്പിക്കുകയായിരുന്നു.
ഏകദേശം 12000 മത്സരാര്‍ത്ഥികള്‍, 5000 -ഓളം സംഘാടകര്‍, 4000-ളം പോലീസ്, 2000 വളണ്ടിയേര്‍സ്, 1500 മാധ്യമപ്രവര്‍ത്തകര്‍, ഓരോ ദിവസവും രണ്ട് ലക്ഷത്തോളം കാണികള്‍ ഇങ്ങനെ ഏകദേശം രണ്ടരലക്ഷത്തോളം വരുന്നവര്‍ക്ക് ക്ഷേമസൗകര്യങ്ങള്‍ ഒരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്ത എന്ടിയുവിനായിരുന്നു. ഈ ദൗത്യം സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ച എന്‍ടിയുവിന് ഈ മേളയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ഡോ.കെ.ടി.ജലീല്‍ എംഎല്‍എ ചെയര്‍മാനും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് കണ്‍വീനറുമായ കമ്മറ്റിയാണ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആരോഗ്യവകുപ്പും പോലീസ് അസോസിയേഷനും ഫയര്‍ഫോഴ്സും മുനിസിപ്പാലിറ്റിയും എക്സൈസ് വകുപ്പും വാട്ടര്‍ അതോറിറ്റിയും ജെആര്‍സി, എന്‍എസ്എസ് വളണ്ടിയേഴ്സും സേവാഭാരതിയും അദ്ധ്യാപകരും എംഇഎസ് മെഡിക്കല്‍ കോളേജ്, മിംസ് ഹോസ്പിറ്റല്‍ കോട്ടക്കല്‍ എന്നിവയും കൂടിച്ചേര്‍ന്ന് എംഎസ്പി പോലീസിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനവും ചരിത്രമാവുകയായിരുന്നു.
സ്വാഗതസംഘം രൂപീകരിച്ചതിനുശേഷം വിവിധ വകുപ്പ് മേധാവികളുടേയും അദ്ധ്യാപകരുടേയും രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടനകളുടേയും യോഗം വിളിച്ച് വെല്‍ഫെയര്‍ കമ്മറ്റി പ്രത്യേക സ്വാഗതസംഘം വിളിച്ചിരുന്നു. ഓരോ വകുപ്പും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അവര്‍ രൂപരേഖ തയ്യാറാക്കി മീറ്റിംഗില്‍ അവതരിപ്പിച്ചു. പോരായ്മകള്‍ നികത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. അദ്ധ്യാപകര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശില്‍പ്പശാല നടത്തി. എട്ടാം തീയതി വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിച്ചു. 8-ാം തീയതി മുതല്‍ സമരമായതിനാല്‍ വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. എന്‍ടിയു അദ്ധ്യാപകര്‍ സമരത്തിന്റെ പാതയിലായി. സമരം പിന്‍വലിച്ചപ്പോള്‍ 11-ാം തീയതി മുതല്‍ വീണ്ടും സജീവമായി. 12-ാം തീയതി അവസാനത്തെ അവലോകന യോഗം ചേര്‍ന്നു. അദ്ധ്യാപകര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്കി. വെല്‍ഫെയര്‍ കമ്മറ്റി ഈ കലോത്സവത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം “മലപ്പുറം നഗരി കലോത്സവനഗരി, മാലിന്യ മുക്ത നഗരി” എന്നുള്ളതായിരുന്നു. ഈ മുദ്രാവാക്യമുയര്‍ത്തി കമ്മറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വസന്ദേശ യാത്ര നടത്തി. ഇത് ശ്രദ്ധേയമായിരുന്നു. 13-ാം തീയതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മെഡിക്കല്‍, കുടിവെള്ളം, സാനിറ്റേഷന്‍, ശുചീകരണം, ഫയര്‍ഫോഴ്സ് & എക്സൈസ് ഇങ്ങനെ അഞ്ച് മേഖലകളിലായിട്ടാണ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം നടന്നത്.
പ്രധാന വേദിയായ എംഎസ്പി പരേഡ് ഗ്രൗണ്ടിന്റെ പരിസരത്ത് ഒരുക്കിയ വിശാലമായ മെഡിക്കല്‍ പവിലിയനും വെല്‍ഫെയര്‍ കമ്മറ്റി ഓഫീസും കമ്മറ്റി ചെയര്മാന് ഡോ.കെ.ടി.ജലീല്‍ എംഎല്‍എ, ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ശ്രീരാമകൃഷ്ണന് എംഎല്‍എ, അബ്ദുറഹിമാന് രണ്ടത്താണി എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. 17 വേദികളിലും മെഡിക്കല്‍ എയ്ഡ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. പ്രധാനവേദിയായ എംഎസ്പി സ്റ്റേഡിയത്തില്‍ എംഇഎസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണയുടെ മിനി ഹോസ്പിറ്റല്‍ സംവിധാനം ഒരുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിരുന്നു. മത്സരം കഴിയുന്നതുവരെ മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനായി കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിരവധി കുട്ടികള്‍ എത്തിയിരുന്നു. കോട്ടപ്പടി സ്റ്റേഡിയം, സെന്റ് ജമാസ് എച്ച്എസ് എന്നീ വേദികളിലും ഈ മൂന്ന് മെഡിക്കല്‍ ബൂത്തുകളും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. സെന്റ് ജമാസ് എച്ച്എസില്‍ മിംസ് ഹോസ്പിറ്റല്‍ കോട്ടക്കലിന്റെ മിനി ഐസിയു സംവിധാനവും ഒരുക്കിയിരുന്നു. ബാക്കി 14 വേദികളിലും മെഡിക്കല്‍ സഹായ ബൂത്തുകളും പ്രവര്‍ത്തിച്ചിരുന്നു. ആറ് ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കിയിരുന്നു.
സേവാഭാരതിയുടെ ആംബുലന്‍സിന്റെ സേവനം ഏറ്റവും ശ്രദ്ധേയമായിരുന്നു. രണ്ട് ആംബുലന്‍സുകളാണ് ഉണ്ടായിരുന്നത്. സേവാഭാരതി പ്രവര്ത്തകന് വളാഞ്ചേരി കെ.വി.ഉണ്ണികൃഷ്ണന് ഡ്രൈവറായ ആംബുലന്‍സിന്റെ സേവനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏതെങ്കിലും വേദിയില്‍ കുട്ടികള്‍ തളര്‍ന്നുവീണാല്‍ നിമിഷനേരംകൊണ്ട് ഉണ്ണികൃഷ്ണന്റെ സേവാഭാരതി ആംബുലന്‍സിന്റെ സേവനം ലഭ്യമായിരുന്നു.
മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വെല്‍ഫെയര്‍ കമ്മറ്റി ശുഷ്ക്കാന്തി കാണിച്ചിരുന്നു. നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമെ എംഎസ്പി സ്റ്റേഡിയത്തിലും കോട്ടപ്പടി സ്റ്റേഡിയത്തിലും ഭക്ഷണശാലക്കടുത്തും 13-ഓളം അധികം ടോയ്ലറ്റുകളും വെള്ള ടാങ്കുകളും നിര്‍മിച്ചിരുന്നു. ഇവിടേക്ക് എംഎസ്പിയുടെ ടാങ്കര്‍ ലോറിയിലാണ് വെള്ളമെത്തിച്ചത്. ഓരോ സ്ഥലത്തും വെള്ളത്തിന്റെ പ്രശ്നം നേരിട്ടപ്പോള്‍ എന്‍ടിയു അദ്ധ്യാപകര്‍ ഓടിയെത്തി പ്രശ്നം പരിഹരിച്ചിരുന്നു.
ശുചിത്വ പ്രവര്‍ത്തനത്തിലും മാതൃകയായിരുന്നു വെല്‍ഫെയര്‍ കമ്മറ്റി വേദികളിലും പരിസരങ്ങളില്‍ സദാ ജാഗരൂകരായി മുനിസിപ്പാലിറ്റി ജീവനക്കാരും എന്‍എസ്എസ്, ജെആര്‍സി, തണല്‍ കൂട്ട് വളണ്ടിയര്‍മാരും സേവാഭാരതി വളണ്ടിയര്‍മാരും ഉണ്ടായിരുന്നു. മറ്റ് ജീവനക്കാരും വളണ്ടിയര്‍മാരും പകല്‍ വേദികള്‍ വൃത്തിയാക്കിയപ്പോള്‍ രാത്രി 8 മണി മുതല്‍ മത്സരം കഴിയുന്ന മുറക്ക് ഓരോ വേദികളും വൃത്തിയാക്കുന്നതിനായി സേവാഭാരതി വളണ്ടിയര്‍മാരുണ്ടായിരുന്നു. രാത്രി രണ്ട് മണിവരെ ഇവരുടെ സേവനം ലഭിച്ചിരുന്നു. ലക്ഷങ്ങള്‍ വന്നുപോയിട്ടും വേദികളും പരിസരങ്ങളും ശുചിയായി സൂക്ഷിച്ചതില്‍ സേവാഭാരതി പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമായിരുന്നു. കലോത്സവ നഗരി ശുചിത്വനഗരിയായി സൂക്ഷിക്കുന്നതില്‍ വെല്‍ഫെയര്‍ കമ്മറ്റി വിജയിച്ചത് ഇവരുടെ സന്നദ്ധത കൊണ്ടായിരുന്നു.
ഫയര്‍ഫോഴ്സിന്റെ സേവനം എല്ലാ വേദികളിലും ലഭ്യമാക്കിയിരുന്നു. എംഎസ്പി ഗ്രൗണ്ട്, കോട്ടപ്പടി ഗ്രൗണ്ട്, ഭക്ഷണശാല എന്നിവിടങ്ങളില്‍ ഫയര്‍ എഞ്ചിന് സ്ഥിരമായി നിര്‍ത്തിയിട്ടിയിരുന്നു. കൂടാതെ ഫയര്‍ എക്സിഗ്യൂഷറുകള് എല്ലാ വേദിയിലും സ്ഥാപിച്ചിരുന്നു. ബൈക്ക് വാട്ടര്‍ മിസ്റ്റ് സംവിധാനവും ഉപയോഗപ്പെടുത്തി. പൊടി പാറാതിരിക്കാന്‍ വേദികളില്‍ നിരന്തരം വെള്ളം തളിച്ചിരുന്നു. ഇതിന് എംഎസ്പി വെള്ള ടാങ്കറിന്റെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പൂര്‍ണമായും ലഹരി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അവരുടെ ലഹരിവിരുദ്ധ പ്രദര്‍ശന സ്റ്റാളും എക്സിബിഷന് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ വിഭാഗങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. കമ്മറ്റി ജോയിന്റ് കണ്‍വീനര്‍മാരായ എ.ബാലകൃഷ്ണന്, എന്‍.സത്യഭാമ, കെ.എസ്.രാജേന്ദ്രന് നായര്‍, സി.ജീജാ ഭായ്, കെ.വിവേകാനന്ദന്, പ്രദീപ് എം പ്രേംകുമാര്‍ എന്നിവര്‍ വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കെ.ദാമോദരന്‍, കെ.വിശ്വനാഥന്, സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സേവാഭാരതിയും സജീവമായി. എന്നാല്‍ മേള ചില ദുഷ്പ്രവണതകള്‍ക്കും സാക്ഷ്യം വഹിച്ചു. പതിവുപോലെ ഇത്തവണയും ലീഗ് മന്ത്രിമാര്‍ നിലവിളക്ക് കൊളുത്തിയില്ല. ബാങ്ക് വിളിയോടെ ആരംഭിച്ച ഭരതനാട്യത്തിന് ഒന്നാംസ്ഥാനം നല്കി വിധികര്‍ത്താക്കള്‍ ‘മലപ്പുറം മോഡല്‍’ വിധി നിര്‍ണയം നടത്തി. ഇതിനെതിരെ പ്രതികരണങ്ങളും ഉണ്ടായി.
മേള അരങ്ങൊഴിഞ്ഞപ്പോള്‍ സംഘടനാ മികവില്‍ എന്‍ടിയു പ്രാഗത്ഭ്യവും തെളിയിച്ചു. കഴിഞ്ഞവര്‍ഷം തൃശ്ശൂരിലാണ് സംസ്ഥാന കലോത്സവത്തില്‍ ആദ്യമായി എന്‍ടിയുവിന് കമ്മറ്റിയുടെ കണ്‍വീനര്‍ സ്ഥാനം ലഭിച്ചത്. അവിടെ മേള വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍ടിയു പ്രശംസ പിടിച്ചുപറ്റിയിരുന്നു. മലപ്പുറം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച വെല്‍ഫെയര്‍ കമ്മറ്റി പ്രശംസ പിടിച്ചുപറ്റി. എന്‍ടിയു അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച വെല്‍ഫെയര്‍ കമ്മറ്റി ശില്‍പ്പശാലയില്‍ പങ്കെടുത്തുകൊണ്ട് മേളയുടെ ജോയിന്റ് കോഓര്‍ഡിനേറ്ററായ എം.ഐ സുകുമാരന്‍ പറഞ്ഞു. “വെല്‍ഫെയര്‍ കമ്മറ്റി സ്വയം മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം മറ്റ് കമ്മറ്റികള്‍ക്ക് ആവശ്യപ്പെടാതെ തന്നെ സഹായം നല്കി മാതൃകയായിരിക്കുന്നു.” ഈ അംഗീകാരം നമുക്ക് സംഘടനയെ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കണം.
>> വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: