ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നു. അതോടൊപ്പം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരായ ഒരു കുറ്റപത്രം കൂടിയാണെന്ന് പറയേണ്ടിയിരിക്കുന്നു. ദല്‍ഹി പോലീസ് കമ്മീഷണറെ ആഭ്യന്തര സെക്രട്ടറി പ്രകീര്‍ത്തിച്ചത് തന്നെ ഞെട്ടിപ്പിച്ചുവെന്നും കമ്മീഷന് തുറന്നു പറഞ്ഞിരിക്കുന്നു. ആഭ്യന്തരവകുപ്പില്‍ സമര്‍പ്പിച്ച കമ്മീഷന് റിപ്പോര്‍ട്ട് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പൗരനെന്ന നിലക്കുള്ള ക്ഷമാപണമാണെന്നു പറഞ്ഞ ജസ്റ്റിസ് ജെ.എസ് വര്‍മ്മ യഥാര്‍ത്ഥത്തില്‍ ജനവികാരം തന്നെയാണ് പ്രകടിപ്പിച്ചത്. പുതിയ നിയമങ്ങളല്ല,അധികാരികളില്‍ നിന്ന് മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പോലീസിനെ നവീകരിക്കുന്നതിനുള്ള സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും കമ്മീഷന് പറഞ്ഞത് കേന്ദ്രത്തിന്റെ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. മാനഭംഗത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ ജനങ്ങളെ ശാന്തമാക്കാന്‍ മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷയോ ഷണ്ഡീകരണമോ നല്‍കുന്നത് പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും വേണ്ട, ജീവപര്യന്തം മതിയെന്നാണ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ ശിശുക്ഷേമ മന്ത്രാലയവും ഇതേ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്ത്രീപീഡന കേസുകള്‍ വനിതാ ജഡ്ജിമാര്‍ കേള്‍ക്കുകയും വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. പുതിയ നിയമങ്ങള്‍ക്കു പകരം നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കണം. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ഡിസംബര്‍ 23നാണ് സമിതി രൂപീകരിച്ചത്. ഏകദേശം 80,000 നിര്‍ദേശങ്ങള്‍ സമിതിക്ക് ലഭിച്ചു. 29 ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ മന്ത്രാലയങ്ങളുടെ പ്രതികരണം തണുപ്പനായിരുന്നെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ജസ്റ്റിസ് വര്‍മ പറഞ്ഞത് ഗൗരവമേറിയതാണ്. ചുരുങ്ങിയ ദിവസംകൊണ്ട് നാനാവിധമായ വിഷയങ്ങളില്‍ സമഗ്ര പരിശോധന നടത്തുകയും അവ സജീവമായി പരിഗണിക്കുകയും ചെയ്യ്തുകൊണ്ടുള്ള കമ്മീഷന് പ്രവര്‍ത്തനം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. കമ്മീഷനുകള്‍ പലതും കാലാവധി നീട്ടിക്കിട്ടാനും പണം തട്ടിയെടുക്കാനും പറ്റിയ ഉപാധിയായി മാറ്റുന്നു എന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സ്ത്രീകളുടെ സുരക്ഷാ ചുമതല നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് കമ്മീഷന് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ദല്‍ഹി പൊലീസ് കമീഷണറെ പ്രശംസിച്ചത് അതിനേക്കാള്‍ ഞെട്ടിച്ചതാണെന്നും കമ്മീഷന് തുറന്നു പറഞ്ഞിരിക്കുന്നു. ദല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണത്തില്‍ വന്ന വന്‍ പാളിച്ചകളും ഡിസംബര്‍ 16ന് നടന്ന കൂട്ട ബലാത്സംഗത്തിന് കാരണമായിട്ടുണ്ട്. ദല്‍ഹി സംഭവത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം അവസരോചിതമായിരുന്നു. എന്നാല്‍, അതിനെ തല്ലിയൊതുക്കാന്‍ ശ്രമിച്ച പൊലീസ് നടപടി അപലപനീയവും. പ്രതിഷേധക്കാര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നത് അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന് വിലയിരുത്തിയിരിക്കുകയാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപഹസിക്കുംവിധം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ആദ്യം ശക്തമായ നടപടി വേണ്ടത്. ഒളിഞ്ഞുനോട്ടക്കാര്, യാത്രയ്ക്കിടയില്‍ ശല്യംചെയ്യുന്നവര്‍ എന്നിവരെ സ്ത്രീപീഡനകേസ് ചുമത്തി വിചാരണചെയ്യണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ലിംഗവിവേചനം അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിഎജി മാതൃകയില്‍ ഭരണഘടനാ സ്ഥാപനം രൂപീകരിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസ് നേരിടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ സ്വമേധയാ സ്ഥാനമൊഴിയണം. ജാതിപഞ്ചായത്തുകളെ തകര്‍ക്കണം.
സംഘര്‍ഷമേഖലകളില്‍ സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന നിയമം പുനഃപരിശോധിക്കണമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം നടപ്പാക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയാണാവശ്യം. ഇന്നത്തെ സാഹചര്യത്തില്‍ യുപിഎ സര്‍ക്കാറിന് ഇമ്മാതിരി വിഷയങ്ങളില്‍ എന്ത് തീരുമാനമെടുക്കാനാണ് കഴിയുക എന്ന് കണ്ടറിയുക തന്നെ വേണം. യുവരാജാവായി രാഹുലിനെ വാഴ്ത്തി ഹരം കേറി നില്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ദല്‍ഹിയില്‍ നിഷ്ഠുരമായ സംഭവം നടന്നതിനെത്തുടര്‍ന്ന് രാജ്യമാകെ ഞെട്ടിത്തരിച്ചുനിന്ന ദിവസങ്ങളില്‍ ഒരക്ഷരം പോലും അതിനെക്കുറിച്ച് ഉരിയാടാന്‍ മെനക്കെടാത്ത നേതാവാണ് കോണ്‍ഗ്രസിന്റെ പുതിയ ഉപാധ്യക്ഷനായി നിയോഗിക്കപ്പെട്ട രാഹുല്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപോലും തെരുവിലിറങ്ങാന്‍ തോന്നിപ്പിച്ച സമരങ്ങളുടെ വേലിയേറ്റത്തില്പ്പോലും രാഹുല്‍ എന്ന നേതാവിനെ ജനങ്ങള്‍ക്ക് കാണാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുപിഎ സര്‍ക്കാരിനെയും രാഹുല്‍ നയിക്കുന്ന സാഹചര്യത്തില്‍ കമ്മീഷന് എന്ത് നിര്‍ദ്ദേശിച്ചാലും അതിന് കടലാസിന്റെ വിലക്കപ്പുറം എന്തെങ്കിലും പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ കല്‍പ്പിക്കുമോ എന്ന സംശയം സ്വാഭാവികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: