പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ബിജെപിയില്‍ പ്രതിസന്ധി പൊട്ടിത്തെറിയായി പരിണമിക്കുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. അങ്ങനെ വിശ്വസിച്ച് ആശ്വാസംകൊണ്ട പ്രതിയോഗികളുമുണ്ട്. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ബിജെപി അതിന്റെ വ്യക്തിത്വം തെളിയിച്ചിരിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനമെന്ന സത്യത്തിന് അടിവരയിട്ടുകൊണ്ടാണ് രാജ്നാഥ് സിംഗിനെ ബിജെപി പ്രസിഡന്റായി തെരഞ്ഞെടുത്തത്. വീണ്ടും മത്സരിക്കാനോ പ്രസിഡന്റ് പദവി വഹിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന നിതിന്‍ ഗഡ്കരിയുടെ നിലപാടിനെത്തുടര്‍ന്ന് പാര്ലമെന്ററിബോര്ഡിന്റെ തീരുമാനപ്രകാരമാണ് രാജ്നാഥ്സിംഗ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് നാമനിര്ദ്ദേശപത്രികകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്നാഥ് സിംഗ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നുവര്‍ഷം പ്രസിഡന്റായിരുന്ന നിതിന്‍ ഗഡ്കരിയെ അനാവശ്യമായി വേട്ടയാടാനും അതുവഴി ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംഘടിതനീക്കവും ഗൂഢാലോചനയുമാണ് ഗഡ്കരി ഒഴിയുകയും രാജ്നാഥ്സിംഗ് പ്രസിഡന്റാവുകയും ചെയ്തതോടെ തകര്‍ന്നുവീണത്. അഴിമതിയില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുകയാണ് കോണ്‍ഗ്രസ്. അവരെപോലെയാണ് ബിജെപിയും എന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. ലക്ഷക്കണക്കിന് കോടിയുടെ പൊതുമുതല്‍ കൊള്ളയടിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും. എന്നാല്‍ ഗഡ്കരിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അതുപോലുള്ള കൊള്ളയല്ല. ആദായനികുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഗഡ്കരിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരിശോധിപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുവരുന്നത്. ഇതുവരെയും ഒരുനയാപൈസയുടെ ക്രമക്കേട് തെളിഞ്ഞിട്ടില്ല. എന്നിട്ടും ബിജെപി പ്രസിഡന്റും അഴിമതി നടത്തിയെന്ന് പ്രചരിപ്പിക്കാനാണ് ബോധപൂര്‍വം ശ്രമിച്ചത്. പാര്‍ട്ടിക്ക് ദുഷ്പേരുണ്ടാകാതിരിക്കാന്‍ പ്രസിഡന്റ് പദത്തില്‍ തുടരുന്നില്ലെന്നാണ് ഗഡ്കരിയുടെ നിലപാട്.
ഇതോടെ കോണ്‍ഗ്രസ്സിന്റെ പ്രചരണായുധത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. ഗര്‍ഭപാത്രത്തിന്റെയോ തറവാട്ടിന്റെയോ മഹിമകൊണ്ടല്ല, രാജ്നാഥ്സിംഗ് ഏറ്റവുംവലിയ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി വീണ്ടും നിയമിതനായിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ താഴേക്കിടയിലുള്ള കര്‍ഷകകുടുംബത്തില്‍ ജനിച്ച രാജ്നാഥ് സ്ഥിരോത്സാഹംകൊണ്ടും കഠിപ്രയത്നത്തിലൂടെയുമാണ് ഉയര്‍ന്നുവന്നത്. ഊര്ജതന്ത്രത്തില് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയശേഷം അദ്ധ്യാപകനായി. ഇരുപത്തിനാലാം വയസ്സില്‍ ഭാരതീയ ജനസംഘത്തിന്റെ ജില്ലാപ്രസിഡന്റായി. രണ്ടുവര്‍ഷത്തിനുശേഷം 1977 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടതുമുതല്‍ അതിന്റെ സജീവപ്രവര്‍ത്തകനും നേതാവുമായ രാജ്നാഥ്സിംഗ് യുവമോര്‍ച്ചയുടെ സംസ്ഥാനപ്രസിഡന്റും ദേശീയ ജനറല്‍സെക്രട്ടറിയും പ്രസിഡന്റുമായി. യുപി നിയമസഭാ കൗണ്‍സിലിലും അംഗമായിരുന്നിട്ടുണ്ട്. 1991 ല്‍ കല്യാണ്‍സിംഗിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ഭരണനൈപുണ്യം തെളിയിച്ച രാജ്നാഥ്സിംഗ് പാഠ്യപദ്ധതയില്‍ വേദഗണിതം ഉള്‍പ്പെടുത്തിയത് വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കുന്നു എന്ന മുറവിളി ഉയര്‍ത്താന്‍ പ്രതിപക്ഷം തയ്യാറായി. അതൊന്നും കൂസാതെ വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1997 ല്‍ ബിജെപി ഉത്തര്‍പ്രദേശ് പ്രസിഡന്റായി. 2000 ല്‍ മുഖ്യമന്ത്രിയുമായി. വാജ്പേയി മന്ത്രിസഭയില്‍ ഉപരിതല ഗതാഗതവകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ച് അദ്ദേഹം മികവ് പ്രകടിപ്പിച്ചു. 2005 ഡിസംബര്‍ 24ന് എല്‍.കെ.അദ്വാനി പ്രസിഡന്റ് പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. എന്‍ഡിഎ ഭരണം അവസാനിച്ചതോടെ ബിജെപി ക്ഷീണിച്ചു എന്ന് പ്രചരിപ്പിക്കാന്‍ മുതിര്‍ന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു രാജ്നാഥ് സിംഗിന്റെ നേതൃത്വം.
രാജ്നാഥ്സിംഗ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴാണ് ബിജെപി ഒരു കുതിച്ചുചാട്ടത്തിന് സജ്ജമായത്. വിജയത്തിന്റെ ഊര്‍ജതന്ത്രം അദ്ദേഹം നന്നായി പ്രയോഗിച്ചു. ഉത്തരാഖണ്ഡിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായി. ദക്ഷിണേന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് രാജ്നാഥ് സിംഗ് പ്രസിഡന്റായപ്പോഴാണ്. ദല്‍ഹി, ചണ്ഡിഗഢ്, മഹാരാഷ്ട്ര നഗരസഭകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിയുടെ വിജയപതാക പാറിച്ചതും രാജ്നാഥ്സിംഗിന്റെ കാലത്തുതന്നെ. ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വിജയം ആവര്‍ത്തിച്ചതിലും മികവിന്റെ തൂവല്‍ രാജ്നാഥ്സിംഗിന് നല്‍കാം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് എത്തുകയാണ്. പക്വതയോ പ്രവര്‍ത്തന പാരമ്പര്യമോ അവകാശപ്പെടാനില്ലാതെ കുടുംബപ്പെരുമ മുതലാക്കി കോണ്‍ഗ്രസ് പുതിയ തേരാളിയെ അരിയിട്ട് വാഴ്ച നടത്തി വായ്ക്കുരവയിട്ടുകൊണ്ടിരിക്കെയാണ് രാജ്നാഥ്സിംഗ് മുഖ്യപ്രതിപക്ഷപാര്‍ട്ടിയുടെ അധ്യക്ഷപദവിയിലെത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന രാജ്നാഥ്സിംഗിന്റെ ആദ്യപ്രതികരണം തന്നെ എതിരാളികളില്‍ അമ്പരപ്പു സൃഷ്ടിച്ചിട്ടുണ്ട്. പതിമൂന്നാം വയസ്സില്‍ ആര്‍എസ്എസിലൂടെ സാമൂഹ്യപ്രവര്‍ത്തനത്തിലും ഇരുപതാം വയസ്സില്‍ രാഷ്ട്രീയത്തിലുമെത്തിയ ഈ അറുപത്തൊന്നുകാരന് വിജയത്തിന്റെ കണക്കേ നിരത്താനുള്ളൂ. അത് ആവര്‍ത്തിക്കാനാകും അദ്ദേഹത്തിന്റെ നിയോഗം. അതിനുള്ള കഴിവും കരുത്തും പ്രയോഗിക്കാനാവശ്യമായ സഹകരണം പാര്‍ട്ടിക്കകത്തും അദ്ദേഹത്തിന് ലഭിക്കും. ബീഹാര്‍മുഖ്യമന്ത്രി നിതീഷ്കുമാര്‍ അടക്കമുള്ള എന്‍ഡിഎ നേതാക്കളുടെ പ്രതികരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: