കേരളം ഇന്ന് രോഗഗ്രസ്തമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത വിവിധ തരം പനികളാണ് നമ്മെ ബാധിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് തികച്ചും ആരോഗ്യവതിയായ എന്നെ ആ കാലത്ത് വരാറുള്ള എല്ലാ രോഗങ്ങളും ബാധിച്ചിരുന്നു. പണ്ടുകാലത്തെ രോഗങ്ങള്‍ അപ്രത്യക്ഷമായി എന്നായിരുന്നു കേരളത്തിന്റെ ആത്മപ്രശംസ. എന്നാല്‍ ഇന്ന് അവ തിരിച്ചുവരുന്നു എന്നു മാത്രമല്ല, ഡെങ്കിപ്പനി, പക്ഷിപ്പനി മുതലായ പുതിയ അവതാരങ്ങളുമുണ്ടാകുന്നു. അടുത്തയിടെ വിമാനത്താവളത്തില്‍നിന്ന് പുറത്തുവരാന്‍ ഒരു പ്രവാസിക്ക് അനുമതി നിഷേധിച്ചത് തനിക്ക് ഏതോ ഒരു പനിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതിനാലായിരുന്നല്ലോ.
പണ്ട് വരാറുള്ള രോഗങ്ങളില്‍ ഒന്ന് മുണ്ടിനീരായിരുന്നു. കവിളുകള്‍ നീരുവന്ന് കഠിനമായ വേദന തന്നിരുന്ന മുണ്ടിനീര് എനിക്ക് വന്നിട്ടുണ്ട്. അതൊഴികെ അന്ന് കണ്ടിരുന്ന അഞ്ചാംപനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, നിമോണിയ എല്ലാം ഇന്ന് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം നമ്മുടെ മാലിന്യ നിര്‍മാര്‍ജ്ജന സംസ്ക്കാരം (സംസ്ക്കാരം എന്നതിനെ വിശേഷിപ്പിക്കുന്നത് സംസ്ക്കാരം എന്ന വാക്കിന് അപമാനമാണ്) അല്ലെങ്കില്‍ സംസ്ക്കാര ശൂന്യതയാണ്. ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖികയായിരുന്നപ്പോള്‍ ഞാന്‍ വിനോദസഞ്ചാര വികസനത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഞാന്‍ അഭിമുഖം എടുത്ത പല വിദേശികളും നമ്മുടെ കുളിച്ച് വെടിപ്പായ വസ്ത്രധാരണ രീതിയെപ്പറ്റിയും വൃത്തിയെപ്പറ്റിയും ജനങ്ങളോട് ഇംഗ്ലീഷില്‍ സംവദിക്കാന്‍ സാധിക്കുന്നതിനെപ്പറ്റിയും ഇവിടുത്തെ ഹരിതമനോഹാരിതയെപ്പറ്റിയും മറ്റും വാചാലരാകാറുണ്ട്. അമര്‍ത്യ സെന്‍ പോലും കേരളം മാതൃകാസംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചത് കേരളത്തിലെ ആരോഗ്യവികസന സൂചികകളും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും മറ്റും പരിഗണിച്ചായിരുന്നല്ലോ.
കേരളം അതില്‍നിന്നെല്ലാം വ്യതിചലിച്ചു കഴിഞ്ഞു. ഇന്ന് നമ്മള് കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സായ പെരിയാറില്‍ പോലും നിക്ഷേപിക്കുന്ന ഹീനമനഃസ്ഥിതിയുടെ ഉടമകളാണ്. കേരളത്തില്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളം ക്വാറികളില്‍ നിന്നും ശേഖരിക്കുന്നതാണെന്ന് ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു. ഇന്ന് കേരളത്തില്‍ ശുദ്ധജലം എവിടെ ? പൈപ്പ് ജലത്തില്‍ പോലും പുഴുക്കളെ കാണുക സാധാരണമാണ്. അതുകൊണ്ട് തന്നെ ജലജന്യരോഗങ്ങള്‍ പടരുകയാണ്. മലയാളി സ്വന്തം വീടും പരിസരവും ശുചിയാക്കുമ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നത് അയല്ക്കാരന്റെ പറമ്പിലും റോഡിലും ഒഴുക്ക് നിലച്ച കൈതോടുകളിലും മറ്റുമാണ്. ഇതുകാരണം ഇവിടെ വളരുന്നത് കൊതുകു പടയാണ്. കൊതുകുകള്‍ പരത്തുന്ന രോഗങ്ങളാണ് അധികം. കുടിവെള്ളം മലിനപ്പെട്ട് നേര്യമംഗലത്തും മറ്റും മഞ്ഞപ്പിത്തം പടരുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
പണ്ട് ക്ഷയരോഗം വന്നാല്‍ അന്ത്യം എന്നായിരുന്നു സങ്കല്‍പ്പം; ഇന്ന് കാന്‍സര്‍ എന്നാല്‍ മരണം എന്ന് വിചാരിക്കുന്നപോലെ. പക്ഷേ കാന്‍സര്‍ തരണം ചെയ്യാവുന്ന രോഗമാണെന്ന് ഞാനും പ്രസിദ്ധ കഥാകാരി ചന്ദ്രമതിയും മറ്റനേകം പേരും തെളിയിച്ചു കഴിഞ്ഞു.
കേരളത്തില്‍ ഇന്ന് എയ്ഡ്സ് എന്ന മാരക രോഗത്തിന്റെ ഭീഷണി നിലനില്ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തലസ്ഥാനമായ തിരുവനന്തപുരം എച്ച്ഐവി-എയ്ഡ്സിന്റെ തലസ്ഥാനംകൂടിയാണ്. 2126 പുരുഷന്മാരിലും 1489 സ്ത്രീകളിലും എയ്ഡ്സ് ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിലും തിരുവനന്തപുരം തന്നെ മുമ്പില്‍. 106 ആണ്‍കുട്ടികളിലും 79 പെണ്‍കുട്ടികളിലും എച്ച്ഐവി ബാധയുണ്ട്. കേരളത്തിലാകെ 10969 പുരുഷന്മാരിലും 7823 സ്ത്രീകളിലും (18469 കേസുകള്‍) ഉള്ളതായാണറിവ്. കുട്ടികളില്‍ 526 പെണ്‍കുട്ടികളും 586 ആണ്‍കുട്ടികളും എച്ച്ഐവി ബാധിതരാണ്. തിരുവനന്തപുരത്ത് 4160 ലൈംഗിക തൊഴിലാളികളുണ്ട്. എറണാകുളത്ത് 2600 ഉം കോഴിക്കോട് 2375 ഉം ലൈംഗിക തൊഴിലാളികളുണ്ട്. ലൈംഗിക തൊഴിലാളികളില്‍ 0.40 ശതമാനമാണ് എച്ച്ഐവി ബാധ. ഈ കണക്കുകള്‍ വിവരാവകാശ പ്രവര്ത്തകന് ഡി.ബി.ബിനുവിന്റേതാണ്.
കേരളത്തില്‍ 128 കൗണ്‍സലിംഗ് സെന്ററുകളും ആറ് ആന്റി-റിട്രോവൈറല്‍ തെറാപ്പി ക്ലിനിക്കുകളുണ്ട്. കെഎസ്എസിഎസ് കണക്കുപ്രകാരം കേരളത്തില്‍ 55167 എച്ച്ഐവി കേസുണ്ട്. ഇതില്‍ അധികവും സാധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ്.
കേരളത്തില്‍ ക്ഷയരോഗ നിയന്ത്രണത്തിനും എയ്ഡ്സ് നിയന്ത്രണത്തിനും കണ്‍ട്രോളിനും ആഗോള ഫണ്ട് ലഭിയ്ക്കുന്നുണ്ട്. കേരളം ഫണ്ട് ലഭിയ്ക്കുന്ന സബ് സെന്റര്‍ ആണ്. സബ്-സബ് സെന്റര്‍ എംജി യൂണിവേഴ്സിറ്റിയാണ്.എയ്ഡ്സ് നിയന്ത്രണത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം വിജയകരമാണെന്നും നടപടികള്‍ കര്‍ശനമായി എടുക്കുന്നു എന്നും അഭിപ്രായപ്പെടുന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സൊസൈറ്റിയാണ് ഫണ്ട് വിതരണം ചെയ്യുന്നത്.
ഞാന്‍ കോട്ടയം ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയായിരുന്നപ്പോഴാണ് ആദ്യത്തെ എച്ച്ഐവി ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും ഡോക്ടര്‍മാരുടെ ഒരു ടീം വന്ന് ബോധവത്കരണം നടത്തുകയുണ്ടായി.
പക്ഷേ ഇന്ന് രക്തപരിശോധനയില്‍ എച്ച്ഐവി ബാധ പരിശോധിക്കുന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കാറില്ല. ഓപ്പറേഷന് വേണ്ടിവരുന്ന കേസുകളില്‍ മാത്രമാണ് ഈ മുന്‍കരുതലെടുക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ എയ്ഡ്സ് ബാധ തിരിച്ചറിഞ്ഞാലും അത് റിപ്പോര്‍ട്ട് ചെയ്യാറില്ലത്രെ. എയ്ഡ്സ് കൗണ്‍സലിംഗ് സെന്ററുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും നൂതന മരുന്നുകളും ലഭ്യമാക്കേണ്ടതാണ്. പക്ഷേ സര്‍ക്കാര്‍ ആശുപത്രികളെയല്ല സ്വകാര്യ ആശുപത്രികളെയാണ് രോഗികള്‍ സമീപിക്കുന്നതത്രെ.
എച്ച്ഐവി-എയ്ഡ്സ് നിയന്ത്രണത്തില്‍ ഏറ്റവും ആവശ്യമായത് രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ്. പക്ഷെ പരിശോധനക്ക് രോഗികള്‍ വൈമനസ്യം പ്രകടിപ്പിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. പ്രസവ കേസുകളിലും ഈ പരിശോധന ആവശ്യമാണ്. എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും എയ്ഡ്സ് പരിശോധന നിര്‍ബന്ധമാക്കേണ്ടതാണ്.
എയ്ഡ്സ് ബാധയെപ്പറ്റി ഇന്ന് കേരളത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കുറവാണ്. അതിനാലാണ് ഇവിടെ എയ്ഡ്സ് ബാധ കുറഞ്ഞു എന്ന പ്രതീതി ഉളവാകുന്നത്. എയ്ഡ്സ് എന്ന മാരകരോഗത്തെ 80 കളില്‍ തിരിച്ചറിഞ്ഞതാണെങ്കിലും ആ രോഗബാധ ഉളവാക്കുന്ന ഒറ്റപ്പെടല്‍ ഇന്നും അത് ഗോപ്യമായി സൂക്ഷിക്കാന്‍ പ്രേരണ നല്കുന്നു. എയ്ഡ്സ് പകരുന്നത് രക്തത്തില്ക്കൂടിയോ ബീജത്തില്ക്കൂടിയോ ആണെങ്കിലും ഒരു കുട്ടി എയ്ഡ്സ് ബാധിതനായാല്‍ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ പിടിഎകള്പോലും വിസമ്മതിക്കുന്നു. തൊട്ടാല്‍ പകരുന്ന രോഗമല്ല എയ്ഡ്സ്. പക്ഷേ കളിക്കിടയില്‍ മുറിവുപറ്റി വരുന്ന ചോരയില്‍ കൂടി പകരാം എന്നാണ് രക്ഷിതാക്കളുടെ വാദം. എയ്ഡ്സ് രോഗബാധ കൂടി വരുന്നു എങ്കിലും ഇതേക്കുറിച്ച് വാര്‍ത്തകള്‍ വരാത്ത കാരണം ഈ വിഷയം ഇന്നും നുണപ്പുറത്ത് തന്നെയാണ്. അതിന് കാരണം അത് ക്ഷണിച്ചുവരുത്തുന്ന കളങ്കമാണ്. നുണപ്പുറത്ത് ആയുസ്സ് ചെലവഴിക്കാതെ യഥാസമയം പരിശോധനാ വിധേയമാകാനാണ്. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള മലയാളി തയ്യാറാകേണ്ടത്. എച്ച്ഐവി പരിശോധന സൗജന്യമാക്കിയാല്‍ ഒരുപക്ഷെ കൂടുതല്‍ പേര് അതിന് തയ്യാറായേക്കാം.
സംസ്ഥാനത്ത് ഇന്ന് പരിശോധനാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും താഴ്ന്ന വരുമാനക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നത്. പരിശോധന നടത്തി എയ്ഡ്സ് ബാധ സ്ഥിരീകരിച്ചാല്‍ പോലും മലയാളികള്‍ ചികിത്സ തേടി കര്‍ണാടകത്തില്‍ പോകുന്നതും ഇത് ഉളവാക്കുന്ന കളങ്കം പേടിച്ചാണ്. കര്‍ണാടകയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ എയ്ഡ്സ് ബാധയുള്ളതത്രെ.
അഭ്യസ്തവിദ്യരാണ് മലയാളികളെങ്കിലും യാഥാര്‍ത്ഥ്യബോധവും സഹതാപവും സഹാനുഭൂതിയും നമുക്ക് കുറവാണ്. അല്ലെങ്കില്‍ എയ്ഡ്സ് ബാധിതരെ കളങ്കിതരാക്കി ഒറ്റപ്പെടുത്തുകയില്ലല്ലോ. പലപ്പോഴും മയക്കുമരുന്നുപയോഗിക്കുന്നവര്‍ക്ക് കുത്തിവയ്ക്കുന്ന സൂചി പരസ്പ്പരം കൈമാറുന്നതുകൊണ്ടാണ് എച്ച്ഐവി പകരുന്നത്. സ്വവര്‍ഗ്ഗാനുരാഗികളിലും എയ്ഡ്സ് വ്യാപനം കൂടുതലാണ്.
കേരളമാണ് ആദ്യം ആന്റി റിട്രോ വൈറല്‍ തെറാപ്പി എയ്ഡ്സ് ബാധിതര്‍ക്ക് ഫ്രീ ആയി നല്‍കിയത്. പിന്നീടാണ് കേന്ദ്രസര്‍ക്കാര്‍ ഇത് രാജ്യവ്യാപകമാക്കിയത്. എയ്ഡ്സ് ബോധവല്‍ക്കരണം ഇന്ത്യയില്‍ കാര്യമായി നടക്കുന്നത് എയ്ഡ്സ് വിരുദ്ധ സന്ദേശവുമായി റെഡ് റിബണ്‍ എക്സ്പ്രസ് ലോക എയ്ഡ്സ് ദിനത്തില്‍ സഞ്ചരിക്കുന്നതുകൊണ്ടാണ്. എയ്ഡ്സ് ബാധിതരെ കളങ്കിതരാക്കി കുറ്റപ്പെടുത്തുന്നതിന് പകരം ഇതിനെപ്പറ്റി കൂടുതല്‍ അവബോധമുണ്ടാക്കി സഹായമെത്തിക്കുകയാണ് വേണ്ടത്.
- ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: