“ആര്‍എസ്എസ് മേധാവിയെ സുപ്രീംകോടതി പ്രഹരിയ്ക്കുന്നു”, “ഹേമന്ത് കാര്‍ക്കറെയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ആര്‍എസ്എസ് മേധാവിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം” എന്നൊക്കെയാണ് 2012 ഫെബ്രുവരി 29 ന് ചില ചാനലുകള്‍ ഫ്ലാഷ് ചെയ്ത വാര്‍ത്ത. ഭാഗവതിന്റെ അഭിപ്രായത്തോട് രൂക്ഷമായി വിയോജിച്ച സുപ്രീംകോടതി അതിനെ ‘അനാവശ്യ’മെന്ന് വിശേഷിപ്പിച്ചു എന്നും ഈ വാര്‍ത്ത വിശദീകരിച്ചു. എന്നാല്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ ഒരു കുപ്രചാരണമായിരുന്നു ഇത്. സംഭവിച്ചത് ഇതാണ്. “ചില സംഘടനകളെ കേസില്‍ ഉള്‍പ്പെടുത്താന്‍ തനിയ്ക്കുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കറെ തന്നോട് പറഞ്ഞുവെന്ന് ഒരു ദിനപത്രത്തില്‍ ഭാഗവതിന്റെതായി അഭിമുഖം വന്നിട്ടുണ്ട്” എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ “ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ല” എന്നായിരുന്നു ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, അനില്‍ ആര്, ദവെ എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. ആര്‍എസ്എസ് എന്നോ മോഹന്‍ഭാഗവത് എന്നോ രണ്ടംഗ ബെഞ്ച് ഉച്ചരിക്കുകപോലുമുണ്ടായില്ല. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ‘വാര്‍ത്ത’ പിന്‍വലിക്കാന്‍ ചാനലുകള്‍ നിര്‍ബന്ധിതമായി. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതാണ് എന്ന് വിശദീകരിക്കാന്‍ ചാനലുകള്‍ക്ക് ബാധ്യതയുണ്ടായിട്ടും അവരത് ചെയ്തില്ല.
“വസ്തുതകള്‍ പാവനവും വ്യാഖ്യാനങ്ങള്‍ സ്വതന്ത്രവുമാണ്” എന്നത് വാര്‍ത്തയെഴുത്തിലെ അംഗീകൃത തത്വമാണ്. ബ്രിട്ടീഷുകാരനായ മാധ്യമപ്രവര്ത്തകന് സി.പി.സ്കോട്ടാണ് ഇത് പറഞ്ഞതെങ്കിലും ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നിരന്തരം അവഗണിക്കുന്ന ഒരു തത്വമാണിത്. വ്യാഖ്യാനങ്ങള്‍ സ്വതന്ത്രമാണ് എന്നു പറയുമ്പോള്‍ വസ്തുതകളെ മാനിച്ചുകൊണ്ടുവേണം അത് ചെയ്യാനെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, സാമാന്യബുദ്ധിയുള്ളവര്‍ക്കും അറിയാം. തങ്ങള്‍ക്ക് ഇത് ബാധമല്ലെന്നാണ് സി.പി.സ്കോട്ടിന്റെ ഭാഷയില്‍ വിലസുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ പലരും കരുതുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടിവരുന്നത് ആര്എസ്എസിനെക്കുറിച്ചാവുമ്പോള് ഇക്കൂട്ടര്‍ മാധ്യമ സദാചാരത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നു. ഇതിനുദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാണിച്ച ‘റിപ്പോര്‍ട്ടിംഗ്.’ പരമോന്നത നീതിപീഠവുമായി ബന്ധപ്പെട്ട ഒരു കാര്യമായിരുന്നിട്ടുപോലും പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ മടിച്ചില്ല. കോടതി വിലക്കിയിട്ടും അവര്‍ തെറ്റ് തിരുത്തിയില്ല.
ആര്‍എസ്എസിനെതിരെ ഈ കുത്സിത പ്രവൃത്തി ചില മാധ്യമങ്ങള്‍ തുടരുക തന്നെയാണ്. ഇതിന് തെളിവാണ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഏറ്റവുമൊടുവില്‍ വന്ന ചില വാര്‍ത്തകള്‍. മോഹന്‍ ഭാഗവത് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ മാത്രമല്ല, അദ്ദേഹം പറയുകയോ ചിന്തിക്കുകയോ സങ്കല്‍പ്പിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ വാര്‍ത്തകളായി അവതരിപ്പിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങള്‍.
ആസ്സാമിലെ സില്‍ച്ചറില്‍ നടന്ന ഒരു യോഗത്തില്‍ സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയുമ്പോള്‍ സര്‍സംഘചാലക് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ അത്യന്തം അപകടകരമാണ്. ഇത് നടക്കുന്നത് ‘ഇന്ത്യ’യിലാണ്. എവിടെയാണോ ‘ഇന്ത്യ’ഇല്ലാത്തത്, ഭാരതം മാത്രം നിലകൊള്ളുന്നത് അവിടെ ഇത്തരം സംഭവങ്ങളില്ല. എവിടെയാണോ ഭാരതവുമായി ബന്ധം വിഛേദിച്ചിരിക്കുന്നത് അവിടെയാണ് ഇത്തരം സംഭവങ്ങളുള്ളത്.
പാശ്ചാത്യ പരിഷ്ക്കാരത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ട് ഭാരതീയ സാംസ്ക്കാരിക മൂല്യങ്ങളില്‍നിന്ന് ജനങ്ങള്‍ അകന്നുപോകുന്നിടത്താണ് സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഭാവനാത്മകമായി പറയുകയാണ് സര് സംഘചാലക് ചെയ്തത്. ‘ഇന്ത്യ ദറ്റെസ് ഭാരത്’ എന്നാണ് ഭരണഘടനയില്‍ ഉള്ളതെങ്കിലും ‘ഇന്ത്യ’യും ഭാരതവും തമ്മിലുള്ള സാംസ്ക്കാരിക വിടവ് സാമൂഹ്യചിന്തകര്ക്ക് സുപരിചിതമാണ്. ഇന്ത്യ എന്നു പറയുന്നതിലെ ഭൂമിശാസ്ത്രപരമായ അസ്തിത്വമല്ല ‘ഭാരതം’ എന്നതിലെ സാംസ്ക്കാരികമായ അസ്തിത്വത്തിനുള്ളത്. ഈ സത്യം ആവര്‍ത്തിക്കുക മാത്രമാണ് സര്‍സംഘചാലക് ചെയ്തത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്ന ഒരു വരിയോ വാക്കോ പോലും സില്‍ച്ചറിലെ യോഗത്തില്‍ സര്‍സംഘചാലകിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, സ്ത്രീകളെ പുരുഷന്റെ ഭോഗവസ്തുവായി കാണുന്ന സമീപനത്തെ നിശിതമായി വിമര്‍ശിക്കുകയാണ് അദ്ദേഹം ചെയ്തത്. ” ഭാരതീയ സങ്കല്‍പ്പത്തിനനുസരിച്ച് സ്ത്രീ ജഗജ്ജനനിയാണ്. ഉത്തരേന്ത്യയില്‍ കന്യകയുടെ കാലുതൊട്ട് വന്ദിക്കാന്‍ വരെ വലിയ നേതാക്കള്‍ തയ്യാറാവുന്നു. കന്യകമാരെ നമസ്ക്കരിക്കുന്നു. ഈ നേതാക്കള്‍ ഹിന്ദുത്വവാദികളായതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. മറിച്ച് അത് സംസ്ക്കാരത്തിന്റെ ഭാഗമാണ്”- എന്നും സ്ത്രീത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സര്‍സംഘചാലക് പറയുകയുണ്ടായി.
സ്ത്രീകള്‍ക്കെതിരെ ഇന്ന് നടക്കുന്ന വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ക്ക് വലിയൊരളവ് കാരണം പാശ്ചാത്യ സംസ്ക്കാരത്തിന്റെ ദുഃസ്വാധീനമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു സര്‍സംഘചാലക്. “പട്ടണങ്ങളില്‍ മാനുഷിക ബന്ധങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു. സാംസ്ക്കാരികമായ പിന്ബലമുണ്ടെങ്കിലെ നിയമത്തിന് സ്വാധീനമുണ്ടാകൂ… സ്ത്രീകള്‍ ഭോഗവസ്തുവല്ല, ദേവിയാണ്. പ്രകൃതിയുടെ നിര്‍മാതാവാണ്. നമ്മുടെയെല്ലാം ചേതനയുടെ പ്രേരകശക്തിയാണ്. സമസ്തവും നമുക്കരുളുന്ന മാതാവാണ്. ഈ കാഴ്ചപ്പാട് സ്വീകരിക്കപ്പെടുന്നതുവരെ ഇത്തരം ചെയ്തികള്‍ (സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍) തടയുക പ്രയാസമാണ്. നിയമനിര്‍മാണം കൊണ്ടുമാത്രമായില്ല നിയമം വേണം, അതിനൊപ്പം സാംസ്ക്കാരിക ബോധവുമുണ്ടാകണം.” മാനഭംഗത്തിന് വധശിക്ഷ നല്‍കണമെന്ന അഭിപ്രായങ്ങളോട് അദ്ദേഹം യോജിക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കുകയെന്ന അനീതിയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. “ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി, ബലാല്‍സംഗം നടക്കുന്ന ഇന്ത്യയിലാണ്, ഭാരതത്തിലല്ല” എന്നാണ് പ്രമുഖ വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്ചെയ്തത്. ആര്‍എസ്എസിനെതിരെ അവസരം പാര്‍ത്തിരുന്ന മറ്റ് പത്ര-ദൃശ്യമാധ്യമങ്ങള്‍ ഈ ‘വാര്‍ത്ത’ ഏറ്റെടുത്ത് കുപ്രചാരണം നടത്തുകയായിരുന്നു. നിരുത്തരവാദപരമായ തലക്കെട്ട് നല്കിയ പിടിഐയുടെ വാര്‍ത്തയില്‍തന്നെ സര്‍സംഘചാലക് ഇങ്ങനെ അഭിപ്രായപ്പെട്ടതായി പറയുന്നുണ്ട്: “ഇന്ത്യന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അപമാനകരമാണ്. ഇതൊരു ആപല്‍ക്കരമായ പ്രവണതയാണ്. എന്നാല്‍ ഇത്തരം കുറ്റങ്ങള്‍ ഭാരതത്തിലോ ഗ്രാമീണപ്രദേശങ്ങളിലോ നടക്കുന്നില്ല. നിങ്ങള്‍ ഗ്രാമങ്ങളിലോ വനാന്തരങ്ങളിലോ ചെന്ന് നോക്കൂ. കൂട്ടബലാല്‍സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ പോലുള്ള സംഭവങ്ങള്‍ അവിടെയില്ല. എവിടെയാണോ പാശ്ചാത്യസംസ്ക്കാരത്തിന്റെ സ്വാധീനഫലമായി ‘ഭാരതം’ ‘ഇന്ത്യ’യാകുന്നത് അവിടെ ഇത്തരം സംഭവങ്ങളുണ്ടാകുന്നു. സ്ത്രീകളെ മാതാവായി കാണുന്ന യഥാര്‍ത്ഥ ഭാരതീയ മൂല്യങ്ങളും സംസ്ക്കാരവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പുലരണം.”
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറെയുംനടക്കുന്നത് വന്‍നഗരങ്ങളിലാണെന്ന് പറഞ്ഞ സര്‍സംഘചാലക് പറഞ്ഞതിനര്‍ത്ഥം അവിടെ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നല്ല. എന്നാല്‍ ഇങ്ങനെയൊരു അനാവശ്യമായ ഊന്നല്‍ പിടിഐ ലേഖകന്‍ നല്‍കുകയായിരുന്നു. അപ്പോള്‍ പോലും ‘ആര്‍എസ്എസ് മേധാവി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നു” എന്ന് വ്യാഖ്യാനിക്കുന്നത് കടന്നകയ്യാണ്.
സ്ത്രീപീഡനങ്ങളിലധികവും നഗരപ്രദേശങ്ങളിലാണ് നടക്കുന്നതെന്ന് സര്‍സംഘചാലക് അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമായിരുന്നില്ല. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ ഇത് വ്യക്തമാണ്. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ മാത്രം 2012 ല്‍ 661 ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ വെളിപ്പെടുത്തിയത്. 2011 ല്‍ ഇത് 564 ആയിരുന്നു. ഒറ്റവര്‍ഷം കൊണ്ട് 17 ശതമാനം വര്‍ധന. 2010 ല്‍ 489 ഉം 2009 ല്‍ 489 ഉം 2008 466 ഉം ആയിരുന്നു ദല്‍ഹിയിലെ ബലാല്‍സംഗക്കേസുകള്‍. 2012 ല്‍ 661 എന്നത് ഔദ്യോഗികമായി കേസെടുത്ത സംഭവം മാത്രമാണ്. യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയായിരിക്കും. ഇത്തരം സംഭവങ്ങള്‍ ദല്‍ഹിക്ക് ‘ലൈംഗിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനം’ എന്ന കുപ്രസിദ്ധി നേടിക്കൊടുത്തിരിക്കുകയാണ്. എന്നിട്ടും ലൈംഗികാതിക്രമങ്ങള്‍ ഏറെയും നഗരത്തിലാണ് നടക്കുന്നതെന്ന സര്‍സംഘചാലകിന്റെ അഭിപ്രായം വിവാദമാക്കിയവരാണ് സ്ത്രീകളെ അപമാനിച്ചത്.
വസ്തുതാവിരുദ്ധമായ കാര്യമാണ് ‘വാര്‍ത്ത’യായി പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടും യാതൊരു വിശദീകരണവും നല്‍കാതെ തെറ്റ് ആവര്‍ത്തിക്കുകയാണ് ചില മാധ്യമങ്ങള്‍ പിന്നീടും ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍സംഘചാലക് ചെയ്ത പ്രസംഗമാണ് ഇതിന് കരുവാക്കിയത്. “ആര്‍എസ്എസ് മേധാവി വീണ്ടും, സ്ത്രീകള്‍ വീട്ടുവേല ചെയ്താല്‍ മതി”, “സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് മോഹന്‍ ഭാഗവത്; ആര്‍എസ്എസിനെ പിന്തുണച്ച് ബിജെപിയും വിഎച്ച്പിയും”, “സ്ത്രീകള്‍ വീട്ടുവേല ചെയ്യേണ്ടവര്‍: ആര്‍എസ്എസ് മേധാവി വീണ്ടും ഞെട്ടിക്കുന്നു” എന്നൊക്കെയുള്ള തലവാചകങ്ങളുമായാണ് ചില ചാനലുകളും പത്രങ്ങളും ആര്‍എസ്എസിനെതിരെ പ്രചാരവേല തുടര്‍ന്നത്.
ആദ്യത്തെ സംഭവത്തെ അപേക്ഷിച്ച് സര്‍സംഘചാലക് പറഞ്ഞതിന് കടകവിരുദ്ധമായ ‘വാര്‍ത്ത’ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ രണ്ടാമത് ചെയ്തത്. പാശ്ചാത്യ രാജ്യത്ത് ഭാര്യാഭര്‍തൃബന്ധം ചില കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞതിന് നേര്‍ക്ക് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടക്കുകയായിരുന്നു. “ഇതിനെ വിവാഹസംസ്ക്കാരമെന്ന് പറയുന്നുണ്ടാവാം. എന്നാല്‍ അത് ഒരു കരാറാണ്. നീ എന്റെ വീട് പരിപാലിക്കൂ. എനിയ്ക്ക് സുഖം നല്‍കൂ. ഞാന്‍ നിനയ്ക്ക് ആഹാരവും മറ്റും എത്തിക്കാം. ഒപ്പം നിന്നെ സുരക്ഷിതയാക്കാം. അതിനാല്‍ ഭാര്യ ഇതുപ്രകാരം ജീവിക്കുന്നു. ഭാര്യ ഇതൊക്കെ ചെയ്യുന്നിടത്തോളം ഭര്‍ത്താവ് കരാര്‍ പ്രകാരം അവളെ പരിപാലിക്കുന്നു. ഭാര്യ ഈ കരാര്‍ ലംഘിച്ചാല്‍ അവളെ ഉപേക്ഷിക്കാം. കരാര്‍ പൂര്‍ത്തിയാക്കാനാവാത്തത് ഭര്‍ത്താവിനാണെങ്കില്‍ ഭാര്യക്ക് അയാളെ ഉപേക്ഷിച്ച് മറ്റൊരാളെ തേടാം.” ‘സോഷ്യല്‍ കോണ്‍ട്രാക്ട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പാശ്ചാത്യ രീതിയല്ല നാം പിന്തുടരേണ്ടതെന്നാണ് സര്‍സംഘചാലക് ഇന്‍ഡോറില്‍ സുവ്യക്തമായി അഭിപ്രായപ്പെട്ടത്. ഇതാണ് ഭാരതത്തില്‍ സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് മോഹന്‍ഭാഗവത് പറഞ്ഞതായി മാധ്യമങ്ങള്‍ ചിത്രീകരിച്ചത്! മാധ്യമത്തെമ്മാടിത്തം എന്നല്ലാതെ മേറ്റ്ന്താണ് ഇതിനെക്കുറിച്ച് പറയുക.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: