കൊളംബോ: മനുഷ്യാവകാശ സംഘടനകളുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും എതിര്‍പ്പിനിടെ ശ്രീലങ്കയിലെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസിനെ ഇംപീച്ച്മെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയത്തില്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസ് ശിരാണി ബന്താരനായകയെ ഇംപീച്ച്ചെയ്തുകൊണ്ടുള്ള പ്രമേയത്തില്‍ ഇന്നലെ പ്രസിഡന്റ് ഒപ്പുവെച്ചതായി അദ്ദേഹത്തിന്റെ വക്താവ് മോഹന്‍ സമരനായകെ അറിയിച്ചു. ഇതോടെ രാജ്യത്തെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നീക്കം ചെയ്തു. പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് സെക്രട്ടറി വഴി ബന്താരനായകയ്ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി ആരോപണം നേരിടുന്ന ബന്താരനായക്കെതിരായ പ്രമേയം കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയിരുന്നു.
എന്നാല്‍ തനിക്ക് നീതിപൂര്‍ണമായ വിചാരണ പാര്‍ലമെന്റില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ബന്താരനായകെ പരാതിപ്പെട്ടു. ഇംപീച്ച്മെന്റിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബന്താരനായകക്കു പകരം നിയമിക്കുന്ന ജഡ്ജിയെ അംഗീകരിക്കില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. എന്നാല്‍ ഒരു ഭാഗത്ത് ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നവര്‍ ആഘോഷ പ്രകടനം നടത്തുകയാണ്.ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ക്കായുള്ള പ്രമേയത്തെ 155 വോട്ടുകള്‍ക്കാണ് 255 അംഗ പാര്‍ലെമെന്റ് വോട്ട് ചെയ്തത്. 49 പേര് പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച്മെന്റ് ചെയ്ത് വിവരം ചൂണ്ടിക്കാട്ടി ശ്രീലങ്കയിലുടനീളം പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ബന്താരനായകയ്ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇംപീച്ച്മെന്റ് നടപടികള്‍ ശ്രീലങ്കന്‍ കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ശിരാണി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇംപീച്ച്മെന്റിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ബന്താരനായകയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിയാണെന്ന് സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നടപടി ആരംഭിച്ചത്. . ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമാണ് ശിരാണിക്കെതിരായ ആരോപണം. ശിരാണിക്കെതിരെ ഉയര്‍ന്ന 14 ആരോപണങ്ങളില്‍ സ്വത്തുവകകള്‍ പ്രഖ്യാപിച്ചില്ലെന്നതുള്‍പ്പെടെ മൂന്ന് ആരോപണങ്ങള്‍ ശരിയാണെന്ന് സമിതി കണ്ടെത്തുകയായിരുന്നു.
സര്‍ക്കാര്‍ ബില്ലുകള്‍ അവര്‍ തിരിച്ചയച്ചതാണ് പ്രസിഡന്റ് മഹീന്ദ രജപക്സയെ ചൊടിപ്പിച്ചത്. രജപക്സയുടെ സഹോദരനും മന്ത്രിയുമായ ബാസില്‍ രജപക്സെയുടെ സാമ്പത്തിക വികസന വകുപ്പിന് കൂടുതല്‍ അധികാരം നല്‍കുമെന്ന ബില്ലും ഇതില്‍ ഉള്‍പ്പെടും. അനധികൃത വസ്തുകൈമാറ്റവും ബാങ്ക് അക്കൗണ്ടുകള്‍ രഹസ്യമാക്കിവെച്ചതും ഇതില്‍പ്പെടും. ശിരാണിയുടെ ഭര്‍ത്താവിനെതിരെയുള്ള അഴിമതിക്കേസിലും അവര്‍ പങ്കാളിയാണെന്ന് ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: