മാനവരാശിക്കുമുന്നില്‍ നിത്യപ്രകാശമായി ജ്വലിച്ചു നില്ക്കുന്ന സ്വാമിവിവേകാനന്ദന്റെ ജന്മദിനം രാജ്യമാസകലം ദേശീയ യുവജനദിനമായി ആചരിക്കുന്നതാണ്. സ്വാമിജിയുടെ നൂറ്റിഅമ്പതാം ജന്മവാര്ഷികദിനത്തില് ഈ വിശ്വവിജയിയുടെ ദിവ്യവചസ്സുകള്‍ ലോകമെമ്പാടും ഊര്‍ജ്ജസ്രോതസ്സായി ഉള്‍ക്കൊള്ളുകയാണ്. നമ്മുടെ നാടിന്റെ കര്‍മ്മവഴികളില്‍ ഉത്തമ മാതൃകയായി സ്വാമിജി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ അറിയണം എന്ന് ഉദ്ഘോഷിച്ച മഹാകവി രവീന്ദ്രനാഥ ടാഗോര്‍ മുതല്‍ വിവേകാനന്ദകൃതികള്‍ ആഴത്തില്‍ സ്വാധീനിച്ച ടോള്‍സ്റ്റോയിയും ഗാന്ധിജിയും വരെ സ്വാമിജിയെ നന്മയുടെ പ്രകാശഗോപുരമായി കണ്ട് സ്വാംശീകരിച്ചവരാണ്. വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന്റെ പ്രാധാന്യം നമ്മുടെ മാധ്യമലോകം മൊത്തത്തില്‍ ഉള്‍ക്കൊണ്ടു എന്നുള്ളത് തികച്ചും ആഹ്ലാദകരമാണ്.
എന്നാല്‍ കേരളത്തില്‍ ‘ദേശാഭിമാനി’യുള്‍പ്പെടെ ആറു മലയാളപത്രങ്ങള്‍ വിവേകാനന്ദനെയും ദേശീയ യുവജനദിനത്തെയും തമസ്ക്കരിച്ചത് ബോധപൂര്‍വ്വം തന്നെയാണ്. മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള ചന്ദ്രികയും വര്‍ത്തമാനവും ചെറിയ കോളങ്ങളില്‍ വിവേകാനന്ദദിനാചരണ വാര്‍ത്തയെങ്കിലും നല്കിയപ്പോള് ദേശാഭിമാനിയില്‍ അതുപോലുമുണ്ടായില്ല. വിവേകാനന്ദനെയും സ്മാരകനിര്മ്മാണത്തെയും എതിര്‍ത്തവര്‍ ഇന്ന് ഡിവൈഎഫ്ഐ ബാനറുകളില്‍ വിവേകാനന്ദനെ പ്രദര്‍ശന വസ്തുവാക്കിയിട്ടുള്ളത് കേവലം കച്ചവടതാല്പര്യത്തോടെയാണെന്നും യഥാര്‍ത്ഥത്തില്‍ യാതൊരുവിധ മാനസാന്തരവും ഇക്കൂട്ടര്ക്കുണ്ടായിട്ടില്ലെന്നും ഇതിലൂടെ ‘ദേശാഭിമാനി’ തെളിയിച്ചിരിക്കുന്നു.
ഭാരതീയമായ എല്ലാത്തിന്റെയും മര്‍മ്മം ഗ്രഹിച്ചു വ്യാഖ്യാനിക്കുകയായിരുന്നു സ്വാമി വിവേകാനന്ദന് ചെയ്തത്. മാനവരാശിയുടെ മോചനത്തിന് ഭാരതത്തിന്റെവഴിയാണ് കരണീയമെന്ന് അദ്ദേഹം സ്ഥാപിച്ചു. ഭാരതീയതയോടുള്ള കടുത്ത പ്രതിപത്തിയും അഭാരതീയതയോടുള്ള വിപ്രതിപത്തി ഇല്ലായ്മയും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ‘ആനോ ഭദ്രകൃതവോ എന്ത വിശ്വന്തഃ’ എന്ന കാഴ്ചപ്പാടില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള അറിവ് കടന്നുവരട്ടെ അതില്‍ കൊള്ളവുന്നതിനെ സ്വാംശീകരിക്കാം എന്നതായിരുന്നു സ്വാമിജിയുടെ നിലപാട്. അടിമത്തത്തില്‍ ആണ്ടുകിടന്ന നാട്ടുകാരോട് ദേശാഭിമാനത്തിന്റെ ലഹരി കയറി ഭ്രാന്തുപിടിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്താന്‍ കഴിയുമെങ്കില്‍ അതാണിന്നാവശ്യം എന്നായിരുന്നു സ്വാമിജി ഉദ്ബോധിപ്പിച്ചത്. ഇതിനപ്പുറം ദേശീയതയേയും സ്വാതന്ത്ര്യബോധത്തേയും തട്ടിയുണര്‍ത്തിയ മറ്റൊരു മഹാനും നമുക്കിടയില്‍ ഉണ്ടായിട്ടില്ല. ജനങ്ങളുടെ സിരകളില്‍ സ്വാതന്ത്രിബോധത്തിന്റെ അഗ്നി ആളിക്കത്തിക്കുന്നതില്‍ വിവകാനന്ദനോളം വിജയിച്ച മറ്റൊരു ചിന്തകനും ഇന്ത്യയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഗാന്ധിജി വിവേകാനന്ദസാഹിത്യത്തിന് മുഖവുരയോ അവതാരികയോ ആവശ്യമില്ലെന്ന് തുറന്നുപറഞ്ഞത്.
ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ സിരാതന്തുക്കളുമുള്ള യുവതലമുറയ്ക്കായി ആഹ്വാനം ചെയ്ത സ്വാമിജി സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതാംബയുടെ ലോകഗുരുസ്ഥാനമാണ് അഭിലഷിച്ചത്. അതിനായിട്ടാണ് അദ്ദേഹം പ്രസംഗിച്ചതും എഴുതിയതും സന്യാസമാര്ഗ്ഗത്തിലൂടെ ലോകമംഗളം ഉദ്ഘോഷിച്ചതും. ഭാരതീയ ദേശീയതയില്‍ അല്പംപോലും വെള്ളം ചേര്‍ക്കാനും വിട്ടുവീഴ്ചെയ്യാനും സ്വാമിജി തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യസമരഘട്ടത്തില്‍ കമ്യൂണിസ്റ്റുകാരും ജിന്നയുമൊക്കെ ഈ കാഴ്ചപ്പാടിന്റെ നേര് എതിര്ദിശയിലാണുണ്ടായിരുന്നത്. ലോകാദരണീയനായ ഈ വിശ്വപൗരന്റെ പേരില്‍ ഇക്കൂട്ടര്‍ മനസ്സില്‍ തട്ടി ഒരിക്കല്‍പോലും അഭിമാനിച്ചിട്ടുമില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യഥാര്ത്ഥശില്പിയും സംവിധായകനുമായി സ്വാമിവിവേകാനന്ദനെ കരുതാവുന്നതാണ്. ലോകമാന്യ ബാലഗംഗാധര തിലകന്റെ ചിന്തകളുടെ അടിവേരുകള്‍ സ്വാമിയുടെ പ്രബോധനങ്ങളിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്. ഇരുള് നിറഞ്ഞ ലോകത്ത് ദുരിതക്കയങ്ങളില്‍ ആണ്ടുകൊണ്ടിരുന്ന ജനങ്ങള്‍ക്ക് അത്താണിയും ആശ്വാസവുമായിരുന്നു സ്വാമിജി. വിവേകാനന്ദവചനങ്ങള് അമൃതവാണിയായി ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളകളിലേക്ക് എടുത്തുചാടിയ ഭാരതീയര്‍ അസംഖ്യമാണ്. വേദാന്തത്തെ ലോകസിദ്ധാന്തമാക്കി ഉയര്‍ത്തിയതോടൊപ്പം ഹിന്ദുധര്‍മ്മത്തെ മതങ്ങളുടെ മാതാവായി പ്രതിഷ്ഠിക്കാനും ഈ നവോത്ഥാന നായകനു കഴിഞ്ഞിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍ ജനറല്‍ സി.രാജഗോപാലാചാരി, സ്വാമി വിവേകാനന്ദന് ഹിന്ദു മതത്തേയും ഭാരതത്തേയും രക്ഷിച്ചു എന്നും അദ്ദേഹമുണ്ടായിരുന്നില്ലെങ്കില്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ ദേശീയതയെ അന്ധമായി എതിര്‍ക്കാനുള്ള തത്രപ്പാടില്‍ സമനില തെറ്റിയ സമീപനമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ജിന്നയുടെ പാക്കിസ്ഥാന് വാദത്തെയും രാഷ്ട്രവിഭജനത്തെയും കമ്മ്യൂണിസറ്റ്പാര്ട്ടി അനുകൂലിച്ചതും ഭാരതീയ ദേശീയതയെ എതിര്‍ക്കുക എന്ന അവരുടെ നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ രൂപപ്പെടാന്‍ പോകുന്ന ഭാരതത്തിന്റെ രൂപമെന്തായിരിക്കുമെന്നറിയാന് ഇന്ത്യയിലേക്ക് വന്ന കേബിനറ്റ് മിഷന്റെ മുമ്പാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയ മെമ്മോറാണ്ടത്തില്‍ ഇന്ത്യയെ നിരവധി സ്വയംഭരണാവകാശമുള്ള റിപ്പബ്ലിക്കുകളായി വിഭജിക്കണമെന്നും അതിനായി ബ്രിട്ടീഷുകാര്‍ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യസമരത്തില്‍ ഭാരത്മാതാക്കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് ജിന്നയും കമ്മ്യൂണിസ്റ്റുകാരും ശഠിച്ചിരുന്നു. ഭാരതീയതയുടെ ശക്തി സ്രോതസ്സ് ഭാരതാംബ എന്ന കാഴ്ചപ്പാടാണ്. ഇത് സ്വാമിജി ആഴത്തിലറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും ദേശീയതയോടുള്ള ശക്തമായ പ്രതിബദ്ധത വിളംബരം ചെയ്യുന്നവയാണ്. സ്വാമി വിവേകാനന്ദന് ഉയര്‍ത്തിക്കാട്ടിയ ചിന്താധാരയുടെ മര്‍മ്മം സനാതന ധര്‍മ്മത്തിലും ഹിന്ദുത്വ ദേശീയതയിലും അധിഷ്ഠിതമായിരുന്നു. ഇതിനെ ചെറുത്തുതോല്‍പ്പിക്കാനാണ് മുഹമ്മദലി ജിന്നയുടെ സര്‍വ്വേന്ത്യാലീഗും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജിന്നാലീഗിന്റെ പ്രേതം ഉള്ളില്‍ കുടിയിരിക്കുന്നതുകൊണ്ടാകാം ചില മാധ്യമങ്ങള്‍ സ്വാമി വിവേകാനന്ദനെ മറക്കാനിടയായത്. കാലത്തെ അതിജീവിക്കുന്ന ദീപസ്തംഭമായി വിശ്വവിജയി വിവേകാനന്ദന് പ്രകാശം ചൊരിയുന്നു. വിവേകാനന്ദന്റെ വചനങ്ങള്‍ക്കായി മാനവരാശി ഒന്നടങ്കം കാതോര്‍ത്തിരിക്കുന്ന കാലമാണിത്. സ്വാമിജിയുടെ 150-ാം ജന്മവാര്ഷിക ദിനം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ വിജയ വിളംബമായി മാറട്ടെ!
** അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: