ഭാസ്കര്‍ റാവുജിയുടെ ഭൗതിക സാന്നിദ്ധ്യം ഇല്ലാതായിട്ട് ഇന്നേയ്ക്ക് പത്ത് വര്‍ഷം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ കയ്പ്പിനേക്കാള്‍ ഇപ്പോള്‍ വിലയിരുത്തപ്പെടേണ്ടത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചവര്‍ ആസ്വദിച്ച മാധുര്യമണെന്ന് തോന്നുന്നു. ഒപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ ചിലര്‍ക്ക് അദ്ദേഹം ഗുരുനാഥനായിരുന്നെങ്കില് മറ്റുചിലര്‍ക്ക് പിതൃതുല്യനായിരുന്നു. വളരെയേറെ പേര് പറഞ്ഞിട്ടുള്ളത് അദ്ദേഹം അവര്‍ക്ക് അമ്മയെപ്പോലെ ആയിരുന്നു എന്നാണ്. അദ്ദേഹം തന്റെ പ്രാന്തപ്രചാരകനായിരുന്നു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു പ്രചാരകന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാതൃകയാണ്.
പൂജനീയ ഗുരുജി വളര്‍ത്തിയെടുത്ത് വികസിപ്പിച്ച സമ്പ്രദായമാണല്ലോ സംഘത്തിലെ പ്രചാരക പദ്ധതി. ഭാസ്കര്‍റാവുജിയില്‍ ഗുരുവിനേയും പിതാവിനേയും മാതാവിനേയും കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം അദ്ദേഹത്തില്‍ ജ്വലിച്ചുനിന്ന പ്രചാരകനാണ്. കീര്ത്തിപരാങ്മുഖനായി, സദാ തിരശ്ശീലയ്ക്ക് പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന, സ്വയം നേതാവാകാതെ നിരവധി നേതാക്കളെ സൃഷ്ടിക്കുന്ന, മാധ്യമങ്ങളില്‍ മുഖം കാണിക്കാതെ മറ്റുള്ളവരെ മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരുന്ന, പ്രവര്‍ത്തകരെ വളര്‍ത്തുന്നത് വഴി സംഘടനയെ വളര്‍ത്തുന്ന, അനിര്‍വചനീയമായ പ്രവര്‍ത്തന രീതിയാണ് പ്രചാരകന്റേത്. ഇവിടെ സൂചിപ്പിച്ച പ്രവര്‍ത്തന സമ്പ്രാദയത്തിലൂടെ സഫലജീവിതം നയിച്ച മഹദ് വ്യക്തിയാണ് തീര്‍ച്ചയായും ഭാസ്കര്‍ റാവു.
ഒരു വ്യക്തിയുടെ സ്ഥായിയായ സ്വഭാവം സമൂഹം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനശൈലിയിലൂടെയാണ്. അത്തരമൊരു വൈയക്തിക അനുഭവം: 1977 മെയ് 12. സ്ഥലം കൊച്ചിയിലെ വില്ലിംഗ്ടണ്‍ ഐലന്റിലുള്ള പഴയ വിമാനത്താവളം. അടിയന്തരാവസ്ഥയും സംഘനിരോധനവും കഴിഞ്ഞ് പൂജനീയ സര് സംഘചാലക് ബാലാസാഹേബ് ദേവറസ് കേരളത്തിലെത്തുന്നു; ഭാരതമാസകലമുള്ള സ്വീകരണങ്ങളുടെ ഭാഗമായി.
വിമാനത്താവളത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സ്വയംസേവകരും കുടുംബങ്ങളും. സര്‍സംഘചാലകിനെ പ്രാന്തകാര്യാലയത്തിലേയ്ക്ക് മോട്ടോര്ക്കേഡായി ആനയിക്കാന്‍ നിരവധി വാഹനങ്ങള്‍. പുഷ്പാലംകൃതമായ വാഹനത്തില്‍ ദേവറസ്ജി. പ്രാന്തകാര്യവാഹ് ടി.പി.അനന്തേട്ടനെയും പ്രാന്തസംഘചാലക് എന്‍.ഗോവിന്ദമേനോനെയും ഭാസ്കര്‍റാവു നിര്‍ബന്ധിച്ച് ആ വാഹനത്തില്‍ ഇരുത്തുന്നു. നൂറോളം വരുന്ന കാറുകളില്‍ ആരെല്ലാം ഇരിയ്ക്കണമെന്ന് തീരുമാനിക്കുന്നതും മൊത്തം പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നതുമെല്ലാം അദ്ദേഹം തന്നെ. അദ്ദേഹം നിര്‍ദ്ദേശിച്ച കാറില്‍ സഞ്ചരിക്കുന്നതിനേക്കാള് എനിക്ക് താല്‍പ്പര്യം തോന്നിയത് മാറിനിന്ന് മോട്ടോര്‍കേഡിന്റെ സൗന്ദര്യം കാണാനാണ്. ദേവറസ്ജി സഞ്ചരിക്കുന്ന കാറില്‍ ഇരിയ്ക്കാന്‍ ഏറ്റവും യോഗ്യനായ ഭാസ്കര്‍ റാവുജി സഞ്ചരിച്ചത് ഏറ്റവും പുറകിലുള്ള ഒരു സ്കൂട്ടറിന്റെ പിന്‍സീറ്റില്‍! കൗമാരം കഷ്ടിച്ച് പിന്നിട്ട എന്നെ അത് തികച്ചും അത്ഭുതപ്പെടുത്തി.
പക്ഷെ അത്ഭുതത്തിനെന്തവകാശം? അദ്ദേഹത്തിന്റെ ജീവിതമെന്നാല്‍ ഇത്തരം സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയല്ലേ! അടിയന്തരാവസ്ഥ കത്തിനില്‍ക്കുന്ന 1976 ലെ സപ്തംബര്‍. താലൂക്ക് പ്രചാരകനായ എനിയ്ക്ക് കടുത്ത പനി. തല്‍ഫലമായി താലൂക്കിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ പ്രചാരകിന് കൊടുക്കാന്‍ കഴിഞ്ഞില്ല. ഒരുദിവസം രാവിലെ ഭാസ്കര്‍ റാവുജി എന്റെ “അസുഖ മെത്ത”യ്ക്കരികില്‍! അസുഖം തീര്‍ത്തും മാറാതെ യാത്ര ചെയ്യരുത് എന്ന് ഉപദേശിച്ച പ്രാന്തപ്രചാരക് എന്നില്‍നിന്ന് താലൂക്ക് റിപ്പോര്‍ട്ടും ശേഖരിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക്. ലക്ഷ്യം ഏതോ സംസ്ഥാനത്ത് നടക്കുന്ന പ്രാന്തപ്രചാരക് ബൈഠക്. വരവിന്റെ ഉദ്ദേശ്യം വ്യക്തം. 1) ഒരു ജൂനിയര്‍ പ്രചാരകന്റെ അസുഖം അന്വേഷിക്കുക, ആശ്വസിപ്പിക്കുക 2) കൂട്ടത്തില്‍ ജില്ലാ പ്രചാരകനെ ബുദ്ധിമുട്ടിക്കാതെ താലൂക്ക് റിപ്പോര്‍ട്ട് ശേഖരിയ്ക്കുക. 3) പ്രാന്തീയ റിപ്പോര്‍ട്ട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ പൂര്‍ത്തിയാക്കുക. എത്രയോ ഉദാത്തമായ പ്രചാരക ദൗത്യം!
പ്രാന്തപ്രചാരകനായിരിക്കുമ്പോഴും പിന്നീട് വനവാസി കല്യാണാശ്രമത്തിന്റെ അഖിലഭാരത ചുമതല വഹിയ്ക്കുമ്പോഴും ഭാസ്കര്‍ റാവു കഠിനമായി ദേഷ്യപ്പെടുന്നത് ആരും കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സ്നേഹം ചോരാത്ത “കഠിനശാസന”കള്‍ രോഷത്തേക്കാള്‍ തീക്ഷ്ണമായിരുന്നു. അത്തരം ശാസനകള്‍ക്ക് മുഖം നോക്കാറേയില്ല. സംസ്ഥാന ചുമതലക്കാരനായാലും ശാഖാ ശിക്ഷകായാലും അദ്ദേഹത്തിന് അത് പ്രശ്നമല്ലായിരുന്നു.
മനുഷ്യത്വത്തെ അടിസ്ഥാനശിലയാക്കിയ സംഘടനാ പ്രവര്‍ത്തനമായിരുന്നു ഭാസ്കര്‍റാവുവിന്റെ വജ്രായുധം. അതുകൊണ്ടുതന്നെ വീട്ടിലെ പ്രശ്നങ്ങളോ സാമ്പത്തിക ക്ലേശങ്ങളോ മൂലം വിഷമിക്കുന്ന എത്രയോ പ്രവര്‍ത്തകരോട് അദ്ദേഹം തല്‍ക്കാലത്തേക്കെങ്കിലും ചുമതലയില്‍നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വയം നീല വെളിച്ചത്തില്നിന്നകന്നുനിന്ന് പ്രതിഭാശാലികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടനയെ വളര്‍ത്തുക എന്ന ശൈലി അനുകരണീയമാണെങ്കിലും പ്രായോഗികമായി ദുഷ്ക്കരമാണ് ഒരു ഹെര്‍ക്യൂലിയന്‍ ടാസ്ക്. അവിടെയാണ് ഭാസ്കര്‍ റാവുവിന്റെ അനുപമമായ വിജയം.
ഒരിയ്ക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു: “നോക്കൂ, നല്ല ബൗദ്ധിക് വേണമെങ്കില്‍ ഞാന്‍ മാധവ്ജിയേയോ പരമേശ്വര്ജിയേയോ ഹരിയേട്ടനെയോ നിയോഗിക്കും. നല്ല പാട്ട് വേണമെങ്കില്‍ ഭട്ട്ജിയേയോ സനല്കുമാറിനേയോ അയയ്ക്കും. നല്ല ശാരീരിക് വര്‍ഗ് വേണമെന്നാണെങ്കില്‍ ഭട്ട്ജിയും സേതുവുമുണ്ട്. ഞാനിതിലൊന്നും വിദഗ്ദ്ധനല്ല. എന്നാല്‍ ഇവരുടെയെല്ലാം ടാലന്റിനെ കോഡിനേറ്റ് ചെയ്യലാണ് എന്റെ ജോലി. അതില്‍ വിജയിച്ചത് കൊണ്ടാണല്ലോ കേന്ദ്ര നേതൃത്വം എന്നെ പ്രാന്ത പ്രചാരകായി നിലനിര്‍ത്തുന്നത്.” ഇവിടെ ഈഗോയില്ല, അസൂയയില്ല, വെറുപ്പില്ല, അതിമോഹമില്ല. ഇത്തരം ഗുണങ്ങളല്ലേ ഭാസ്കര്‍ റാവു എന്ന പ്രചാരകന്റെ ജീവിതത്തെ സഫലമാക്കിയത്.
ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെയല്ലേ പൂജനീയ ഡോക്ടര്‍ കേശവബലി റാമിന്റെയും ജീവിതത്തില്‍ ഉണ്ടായിരുന്നത്. ഈ സാമ്യങ്ങളല്ലേ ഭാസ്കര്‍റാവുജിയെ കേരളത്തിന്റെ ഡോക്ടര്ജിയാക്കിയത്. മറ്റുള്ളവരുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തുവെക്കുക, അപരന്റെ വേദന തന്റെ വേദനയായി സ്വീകരിക്കുക, സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കെല്ലാം തന്നോടാണ് ഏറ്റവും സ്നേഹം എന്ന് തോന്നിപ്പിക്കുന്ന മാസ്മരിക ശക്തി, താനാരുമല്ല, ഒരു സാധാരണക്കാരന് മാത്രം എന്ന ഭാവം ഉള്‍ക്കൊണ്ടുകൊണ്ട് മുഴുവന്‍ ലോകത്തിന്റേയും ആദരവ് നേടുന്ന അത്ഭുത വ്യക്തിത്വം, സ്നേഹവും ബഹുമാനവും ഡിമാന്റ് ചെയ്യാതെ കമാന്‍ഡ് ചെയ്യുന്ന മാനേജ്മെന്റ് വൈദഗ്ദ്ധ്യം… ഇതെല്ലാം ഒത്തു ചേര്‍ന്നാല്‍ അത് തന്നെ ഭാസ്കര്‍ റാവു-കേരളത്തിന്റെ ഡോക്ടര്‍ജി!
** ടി. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: