ഈ വര്‍ഷം ജനങ്ങള്‍ക്ക് കടുത്ത പൊള്ളലേല്‍ക്കുമെന്നാണ് തോന്നുന്നത്. ആ വഴിക്കുള്ള നീക്കമാണ് നടക്കുന്നത്. കൊച്ചിയിലെ അമ്പലമുകളിലുള്ള ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിങ്ങ് തന്നെയാണ് ഇങ്ങനെയൊരു കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രിയുടേത് തീ കോരിയിടുന്ന പ്രസ്താവനയാണ്. ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തുചെയ്യേണ്ടൂ എന്നറിയാതെ നട്ടം തിരിയുകയാണ് ജനങ്ങള്‍. അത്തരമൊരു അന്തരീക്ഷത്തിലാണ് ഇന്ധനവില ഇനിയും കൂടും എന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
രാജ്യത്തിന്റെ സുസ്ഥിരവികസനം ഉറപ്പാക്കാനാണ് ഇന്ധനവില പടിപടിയായി ഉയര്ത്തുന്നതത്രേ. ആഗോള നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കണമെങ്കില്‍ ഇന്ധനമുള്പ്പെടെയുള്ളവയ്ക്ക് അന്താരാഷ്ട്ര വിലനിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നാണ് മന്‍മോഹന്‍സിങ്ങിന്റെ അഭിപ്രായം . പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതി വാതകം എന്നിവയുടെ വില രാജ്യാന്തര വിലയേക്കാള്‍ ഏറെതാഴെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇങ്ങനെ വില കുറച്ചുകൊടുത്താല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരമദയനീയമാവും. വികസന രംഗത്ത് മുന്നേറാന്‍ ഇന്ധനസബ്സിഡി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഇനിയുള്ള കാലം നേരെ ചൊവ്വേ ജീവിക്കാന്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും കഴിയില്ലെന്ന് വ്യക്തം. മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയവയ്ക്കുള്ള സബ്സിഡിയും ഘട്ടം ഘട്ടമായി എടുത്തുമാറ്റിയാല്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ സ്ഥിതിയെന്താവുമെന്നതിനെക്കുറിച്ച് ധനകാര്യത്തില്‍ ആഴത്തിലും പരപ്പിലും അവഗാഹമുള്ള മന്‍മോഹന്‍സിങ് മിണ്ടുന്നില്ല. അല്ലെങ്കിലും യുപിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാധാരണക്കാരന് അവരുടെ പരിഗണനയേ അര്‍ഹിക്കുന്നില്ല. വോട്ടുകുത്തിയിടാനുള്ള ഒരു യന്ത്രം എന്നതിലുപരി സാധാരണ ഇന്ത്യക്കാരുടെ മാനസിക നിലവാരത്തെക്കുറിച്ച് തരിമ്പും ബോധവാന്മാരാകുന്നില്ല അവര്‍. ഘട്ടംഘട്ടമായി പൊതു വിതരണസമ്പ്രദായം തകര്‍ക്കുക, സബ്സിഡി ഇല്ലാതാക്കുക തുടങ്ങിയവ ഏറെ ഉത്സാഹത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതുവഴി ഗ്രാമീണഭാരതീയനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് അവര്‍ക്കുള്ളത്. നഗരകേന്ദ്രീകൃതമായ വികസനവും അതു സംബന്ധിച്ച തുടര്‍നടപടികളും ഏറെ താല്പര്യത്തോടെ നടപ്പില്‍ വരുത്തുന്നു. ഇന്ത്യയുടെ തുടിപ്പ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞ ഗാന്ധിജിയെപോലും തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴിമറഞ്ഞുപോവുന്നു.
അല്ലെങ്കിലും ദശകോടികള്‍ കയ്യടക്കാനുള്ള തത്രപ്പാടില്‍ ഒന്നും ചിന്തിക്കാതെ നടക്കുന്നവരെ സംരക്ഷിക്കാനാണല്ലോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള പാക്കേജുകള്‍ക്കൊന്നും ഒരുടവും തട്ടുന്നില്ല. ഇന്ത്യയില്‍ പാവങ്ങള്‍ എന്നൊരു വിഭാഗമേ ഉണ്ടാവരുതെന്ന താല്പര്യമാണ് സര്‍ക്കാരിനുള്ളത്. അതിനുള്ള എളുപ്പമാര്‍ഗം അത്തരക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളൊക്കെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുകയാണ്. ഒടുവില്‍ മന്‍മോഹന്‍സിംഗിനും യുപിഎ സര്‍ക്കാരിനും വേണ്ടപ്പെട്ട വിഭാഗങ്ങള്‍ മാത്രം അവശേഷിക്കുന്ന ഒരു ഇന്ത്യയാവും ഉണ്ടാവുക. അതിന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ട അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാവാം. എന്നാല്‍ ഭാരതത്തിന്റെ അസ്തിത്വവും അസ്മിതയും കുടികൊള്ളുന്ന ഒരു സംസ്കാരധാര അത്തരമൊരു ഇന്ത്യയ്ക്കുണ്ടാവുമോ? നമ്മുടെ പ്രപിതാമഹന്മാര് വിഭാവനം ചെയ്ത ഒരു രാഷ്ട്രമായിരിക്കുമോ അത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മന്‍മോഹന്‍സിംഗിനും അദ്ദേഹത്തെ നയിക്കുന്ന രാഷ്ട്രീയകക്ഷിക്കും മറുപടിയുണ്ടാവില്ല. ലോക രാജ്യങ്ങള്‍ക്കൊപ്പം എത്താന്‍ മത്സരിക്കുമ്പോള്‍ കൈമോശംവരുന്ന കാര്യങ്ങളെക്കുറിച്ച് ഇത്തിരിയെങ്കിലും ചിന്തിക്കാനുള്ള സമയം ഇത്തരക്കാര്‍ കണ്ടെത്തിയേ തീരൂ.
പട്ടിണിപ്പാവങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നവര്‍ എന്തുകൊണ്ട് ദശകോടികളുടെ കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവിടുത്തെ കള്ളപ്പണക്കാര്‍ വിദേശബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ പത്തുശതമാനമെങ്കിലും ഇങ്ങോട്ടെത്തിക്കാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല. അത്തരക്കാരുടെ പേരുവിവരങ്ങള്‍ പോലും പരസ്യപ്പെടുത്താതിരിക്കുകയല്ലേ? അങ്ങനെയുള്ള ഭരണകൂടം ജനങ്ങളുടെ തലയില്‍ കനല്‍കോരിയിടാന്‍ തിടുക്കപ്പെടുന്നതിന്റെ പിന്നാമ്പുറത്തെന്താണ്? അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായ തരത്തില്‍ സബ്സിഡി ഉള്‍പ്പെടെയുള്ളവ എത്തിച്ചുകൊടുക്കാനാണ് ജനാഭിമുഖ്യമുള്ള ഒരു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മറിച്ച് അത്തരക്കാരെ മുച്ചൂടും നശിപ്പിക്കുന്ന തരത്തിലേക്ക് ഒരടിപോലും വെക്കാന്‍ തുനിയരുത്. അങ്ങനെ തുനിഞ്ഞാല്‍ അത് മാനവികതയെ തന്നെ നശിപ്പിക്കലാവും.
മാധ്യമധിക്കാരം
ഒരു വിഭാഗം മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവെച്ചും വളച്ചൊടിച്ചും റിപ്പോര്‍ട്ടു ചെയ്യുന്നത് എത്ര മാത്രം നീചവും നിന്ദ്യവുമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത രീതി. ന്യൂദല്‍ഹിയിലെ ക്രൂര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരുപരിപാടിയില്‍ സംസാരിക്കവെ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്ക് മൊത്തം അപമാനം വരുത്തി എന്ന തരത്തിലായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്താണ് വസ്തുതയെന്നറിയാതെ എല്ലാവരും അതേറ്റുപിടിച്ചപ്പോള് നിജസ്ഥിതി അറിയുന്നവര്‍ അല്‍ഭുതപ്പെട്ടു. പൊതുവെ ആര്‍എസ്എസ്സിനെതിരെയും അതിന്റെ കുടുംബസംഘടനകള്ക്കെതിരെയും കിട്ടുന്ന ആയുധങ്ങളൊക്കെ പ്രയോഗിക്കുക എന്നത് മാധ്യമങ്ങളുടെ പൊതുശൈലിയായിട്ടുണ്ട്.സംഘകുടുംബത്തിലെ ഏത് നേതാവുസംസാരിച്ചാലും അതില്തങ്ങളുടെ അജണ്ട ചേര്‍ത്ത് വായനക്കാരിലെത്തിക്കുക എന്നതാണ് ശൈലി. ഇവിടെയും അങ്ങനെസംഭവിച്ചു.
എന്നാല്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ സിഎന്‍എന്‍- ഐ ബിഎന്‍ ചാനല്‍ ഉടനെ തന്നെ ഖേദം പ്രകടിപ്പിച്ചു. ഖേദപ്രകടനം അതിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ സാഗരികഘോഷ് ട്വിറ്ററില്‍ രേഖപ്പെടുത്തുകയുംചെയ്തു. ഈചാനലിനെ കൂട്ടുപിടിച്ച് വാര്‍ത്ത ചമയ്ക്കുകയും ചര്‍ച്ചയും വിശകലനവും നടത്തുകയും ചെയ്തവര്‍ അവരുടെ സ്ഥിരം മര്യാദകേട് തുടരുകയും ചെയ്യുന്നു. പ്രബുദ്ധകേരളത്തിലെ മാധ്യമങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തരല്ല. നുണ കാതങ്ങള്‍ സഞ്ചരിച്ചശേഷമാവും സത്യം ചെരിപ്പിടാന്‍ തുടങ്ങുകയെന്ന് പറയാറുണ്ട്. അവാസ്തവ പ്രസ്താവനകള്‍ വഴി ഒരുസംഘടനയ്ക്കും അതിന്റെ നേതാവിനും കൊടിയ അവമതിപ്പുണ്ടാക്കുന്നതിനെ മാധ്യമ പ്രവര്‍ത്തനം എന്നു പറയാനാവില്ല. അത്തരക്കാര്‍ക്ക് മറ്റ് പണികള്വേണ്ടുവോളമുണ്ട്. ഏത് പണിയെടുക്കുമ്പോഴും പക്ഷേ, സത്യസന്ധത പുലര്ത്താന്തയ്യാറാവണം. പഠിച്ചതേ പാടൂ എന്ന നിലപാടിന് ദീര്‍ഘായുസ്സ് ഉണ്ടാവില്ല; തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: