“പറയുകയാണെങ്കില്‍ ഞാന്‍ സത്യമേ പറയൂ. ചിലപ്പോള്‍ ഞാന്‍ മൗനം പാലിക്കും.” സത്യം മാത്രം പറയാനുള്ള നിര്‍ബന്ധ ബുദ്ധിയായും അപ്രിയ സത്യങ്ങള്‍ പറയാതിരിക്കാനുള്ള അടവുനയമായും ഈ പ്രസ്താവനയെ വ്യാഖ്യാനിക്കാം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാമനായി അറിയപ്പെടുന്ന പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണിയുടേതാണ് ഈ വാക്കുകള്‍. അടവുനയം എന്ന വാക്ക് കണ്ടുപിടിച്ചത് സിപിഎം നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടല്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തെപ്പോലെ ഈ വാക്ക് പ്രചരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത മറ്റൊരാളുണ്ട് എന്ന് തോന്നുന്നില്ല. എന്നാല്‍ അപൂര്‍വം ചിലപ്പോള്‍ മാത്രമേ ഇഎംഎസിന്റെ അടവുനയങ്ങള്‍ വിജയം കണ്ടിട്ടുള്ളൂ. പലപ്പോഴും അത് ‘സെല്‍ഫ് ഗോളുകള്‍’ ആയി. അടവുനയത്തിന്റെ കാര്യത്തില്‍ ഇക്കാര്യത്തില്‍ ഇഎംഎസിനെ കടത്തിവെട്ടുകയാണോ എ.കെ.ആന്റണി?
ആന്റണി തന്റെ ‘അടവുനയം’ ഒരിയ്ക്കല്‍ കൂടി പുറത്തെടുത്തിരിക്കുന്നു. ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അത്. “കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത കുറഞ്ഞു. അത് വീണ്ടെടുക്കാന്‍ സമുദായ നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണം. ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിന് ഏറ്റവും പേര് കേട്ട സംസ്ഥാനം കേരളമായിരുന്നു. ഇന്ന് എല്ലാം കുറഞ്ഞു, എല്ലാം നശിച്ചു എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞു. അവിശ്വാസവും സ്പര്‍ധയും വര്‍ധിച്ചുവരുന്നു. ഇങ്ങനെപോയാല്‍ പണ്ട് സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ കേരളം ഭ്രാന്താലയമായി മാറും. ഇത് തീകൊണ്ടുള്ള കളിയാണ്. ഇതവസാനിക്കണം. ഞാന്‍ യാഥാര്‍ത്ഥ്യബോധമുള്ളയാളാണ്. മന്ത്രംപോലെ സമുദായ സൗഹാര്‍ദ്ദം എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. സമുഹത്തിന്റെ താക്കോല്സ്ഥാനങ്ങളിലിരിക്കുന്നവര് ആത്മാര്‍ത്ഥമായി ശ്രമിച്ച് എല്ലാ രംഗത്തും സമുദായ നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണം.”
ആന്റണി ആദ്യമായല്ല ഇങ്ങനെ പറയുന്നത്. 2003 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവി അദ്ദേഹത്തിന് നഷ്ടപ്പെടാനിടയായതെന്ന് ചിലരെങ്കിലും കരുതുന്ന വിവാദപ്രസ്താവന ഇങ്ങനെയായിരുന്നു: “കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്മെന്റില്നിന്ന് ആനുകൂല്യം നേടുന്നു, കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്ക്കുന്നു. ആ സത്യം ആരും വിസ്മരിക്കരുത്. അതോടൊപ്പം തന്നെ ഗള്‍ഫിലേയ്ക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തിന്റേയും അമേരിക്ക, യൂറോപ്പ് ഇവിടേയ്ക്കുള്ള കുടിയേറ്റത്തിന്റെയും ആനുകൂല്യങ്ങള്‍ കൂടുതലുണ്ടായത്, കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുണ്ട്. കേരളത്തിലെ പട്ടണങ്ങളിലുണ്ട്. ഈ യാഥാര്‍ത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെ ഒരു കൂട്ടത്തിലാണ് രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെ മുതലെടുപ്പുകള്‍. ഇതെല്ലാം കാണാന്‍ ഇവിടുത്തെ ന്യൂനപക്ഷ നേതാക്കള്‍ തയ്യാറാകണം. സംഘടിതശക്തി ഉണ്ടെന്നതിന്റെ പേരില്‍ ഗവണ്മെന്റിനെക്കൊണ്ട് എന്തു ചെയ്യിച്ചു കളയാം എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തില്‍ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്നവനാണ് ഞാന്‍.”
മാറാട് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ആന്റണി ഇങ്ങനെ പറയുന്നതിനും പത്ത് വര്‍ഷംമുമ്പ് 1993 ല്‍ നടത്തിയ മത്തായി മാഞ്ഞൂരാന് സ്മാരക പ്രഭാഷണത്തില്‍ സമാനമായ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. “ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കണം” എന്നായിരുന്നു അന്ന് ആന്റണി പറഞ്ഞതിന്റെ കാതല്‍. എന്നാല്‍ മുഖ്യമന്ത്രിയല്ലാതിരുന്നതുകൊണ്ട് ഇത് അധികം വിവാദമായില്ലെന്ന് മാത്രം.
തീര്‍ച്ചയായും ആന്റണി പറയുന്നത് അപ്രിയസത്യങ്ങളാണ്. കോണ്‍ഗ്രസിന്റെ ഒരു നേതാവ്, അതും ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്ന ഒരാള്‍ക്ക് ഇങ്ങനെ പറയാന്‍ അസാമാന്യമായ ധീരത വേണം. ഹിന്ദുവാണെന്നതിന് തനിയ്ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ധാര്‍ഷ്ട്യം കൊണ്ടുനടക്കുന്ന വയലാര്‍ രവിയോ, എല്ലാകാലത്തും ‘ഹിന്ദുവോട്ട് ബാങ്കി’ന്റെ ആനുകൂല്യംകൊണ്ട് കെപിസിസി അധ്യക്ഷനും എംഎല്‍എയുമൊക്കെയായി വിലസുന്ന രമേശ് ചെന്നിത്തലയോ സ്വകാര്യ സംഭാഷണത്തില്‍പ്പോലും പറയാന്‍ മനസ്സോ ധൈര്യമോ കാണിക്കാത്ത കാര്യമാണ് ആന്റണി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി കെ.വി.തോമസിന്റെയും മറ്റും ‘സുവിശേഷ രാഷ്ട്രീയം’ കണക്കിലെടുക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ശൈലി കടമെടുത്ത് പറഞ്ഞാല്‍ ആന്റണി ക്രൈസ്തവ സഭകള്‍ക്ക് ഒരു ‘വര്ഗവഞ്ചകന്’ തന്നെയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ആന്റണിയോട് വിയോജിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കാം. ആന്റണിയുടെ ജീവിതം പോലെ ലളിതമാണ് അതിന്റെ കാരണവും. സംഘടിത മതന്യൂനപക്ഷത്തിന്റെ തിന്മകള്ക്കെതിരെ 1993 ല്‍ മത്തായി മാഞ്ഞൂരാന് പ്രഭാഷണത്തില്‍ ആദ്യം തുറന്നടിച്ച ശേഷം പത്ത് വര്‍ഷമായപ്പോഴാണ് 2003 ല്‍ വിട്ടുവീഴ്ചയില്ലാത്ത ആ വിമര്‍ശനം ആന്റണി ആവര്‍ത്തിച്ചത്. പിന്നെയും ഒരു പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് 2013 ല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പെരുന്നയിലെത്തി അദ്ദേഹം ഒരിയ്ക്കല്‍കൂടി വ്യക്തമാക്കിയിരിക്കുന്നത്. ആന്റണിയുടെ വിമര്‍ശനത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്നര്‍ത്ഥം. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ദീര്‍ഘമായ ഒരു കാലയളവാണിത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആന്റണി ചൂണ്ടിക്കാട്ടിയ അവസ്ഥയ്ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ ഗുരുതരമായ സ്വഭാവമാര്ജ്ജിച്ചിരിക്കുകയുമാണ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആന്റണിയ്ക്ക് തന്റെ വിമര്‍ശനം ആവര്ത്തിക്കേണ്ടിവരുന്നതുതന്നെ ഇതുകൊണ്ടാണ്. മന്ത്രംപോലെ സമുദായസൗഹാര്‍ദ്ദം എന്ന് പറഞ്ഞുകൊണ്ടിരുന്നാല്പ്പോരെന്നും താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും ആന്റണി പറയുന്നുണ്ടല്ലോ. എന്നിട്ടും സ്വന്തം നിലയ്ക്ക് ആന്റണി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാത്തത്?
നാല് പതിറ്റാണ്ടിലേറെക്കാലമായി ആന്റണി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. താക്കോല്‍ സ്ഥാനങ്ങളിലിരുന്നിട്ടും ന്യൂനപക്ഷ കടന്നാക്രമണങ്ങളെ ചെറുത്ത് സാമൂഹ്യനീതിയും സാമുദായിക നീതിയും ഭൂരിപക്ഷ സമുദായത്തിന് നേടിക്കൊടുക്കാന്‍ ആന്റണിയ്ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്? ഉദാഹരണത്തിന് ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 2002 മെയ് രണ്ടിന് മാറാട് കൂട്ടക്കൊല നടന്നത്. എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികളെയാണ് സംഘടിതമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കാര്യത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹൈന്ദവ സംഘടനകള്‍ മാത്രമല്ല, ആന്റണിയുടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു പുറമെ ഹൈക്കോടതിയും നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നിട്ടും അത് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതിരുന്ന ആന്റണി പില്ക്കാലത്ത് ഈ ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ അനുകൂലമായി പ്രതികരിക്കാന്‍ പോലും തയ്യാറായതുമില്ല. ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ് എന്നെങ്കിലും ഹിന്ദുസമൂഹത്തോട് ആന്റണിക്ക് പറയാമായിരുന്നില്ലേ?
ന്യൂനപക്ഷങ്ങള്‍ ഗവണ്മെന്റുകളോട് വിലപേശി അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന് ഉത്തമബോധ്യമുള്ള ആന്റണിയുടെ കണ്മുന്നിലാണ് യുഡിഎഫ് സര്‍ക്കാരിലെ അഞ്ചാംമന്ത്രി സ്ഥാനം മുസ്ലീംലീഗ് പിടിച്ചുവാങ്ങിയത്. ലീഗിന്റെ ആവശ്യത്തെ പൊതുസമൂഹവും കോണ്‍ഗ്രസില്‍ തന്നെ വലിയൊരു വിഭാഗവും എതിര്‍ത്തപ്പോള്‍ ആന്റണി ഇടപെട്ട് ഈ അനീതിയ്ക്ക് തടയിടുമെന്ന് പലരും കരുതി. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, അഞ്ചാം മന്ത്രി വിവാദം കത്തിനില്‍ക്കെ പല പ്രാവശ്യം കേരളത്തില്‍ വന്ന ആന്റണി അതിനോട് പ്രതികരിക്കുകപോലും ചെയ്തില്ല. ആന്റണി ഇടപെട്ടിരുന്നെങ്കില്‍ അഞ്ചാം മന്ത്രി സ്ഥാനം തങ്ങളുടെ ജന്മാവകാശമാണ് അത് നേടിയെടുക്കുക തന്നെ ചെയ്യും എന്ന മുസ്ലീംലീഗിന്റെ ധാര്‍ഷ്ട്യം വിജയിക്കില്ലായിരുന്നു.
മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ഈ അമിത പ്രാതിനിധ്യത്തിന്റെ പ്രശ്നം ആന്റണി മന്ത്രിയായിരിക്കുന്ന യുപിഎ മന്ത്രിസഭയിലുമില്ലേ? 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.34 ദശലക്ഷമാണ്. അതായത് മൊത്തം ജനസംഖ്യയുടെ 2.5 ശതമാനം പോലും വരില്ല ഇത്. എന്നിട്ടും രാജ്യത്തെ ഉന്നതപദവികളില്‍ 30 ശതമാനം വഹിക്കുന്നത് ക്രൈസ്തവരാണ്. ഏറ്റവും ഒടുവിലത്തെ പുനഃസംഘടനയ്ക്കുമുമ്പ് കേന്ദ്രമന്ത്രിസഭയില്‍ ആന്റണിയുള്‍പ്പെടെ കുറഞ്ഞത് അഞ്ച് മന്ത്രിമാര്‍ ക്രൈസ്തവരായിരുന്നു. അംബികാ സോണിയെപ്പോലെ പേരുകൊണ്ട് തിരിച്ചറിയാനാവാത്തവര്‍ വേറെയുമുണ്ടാവാം. നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അംബികാ സോണി ഒരു കത്തോലിക്കാ മതക്കാരി ആണെന്ന് അറിയുന്നവര്‍ ചുരുങ്ങും. ഒരര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യ ഭരിയ്ക്കുന്നത് തന്നെ സോണിയാഗാന്ധിയുടെ വിശ്വസ്തരായ ഒരുപറ്റം ക്രൈസ്തവരാണെന്ന് പറയാം. കോണ്‍ഗ്രസിലും കേന്ദ്രസര്‍ക്കാരിലും ഇത്തരക്കാര്‍ക്ക് നിര്‍ണായക പദവികള്‍ ലഭിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. മാര്‍ഗരറ്റ് ആല്‍വ, ഓസ്കര് ഫെര്‍ണാണ്ടസ്, വി.ജോര്‍ജ്ജ്, ടോം വടക്കന്‍ എന്നിങ്ങനെ നീളുന്നതാണ് ഇവരുടെ നിര. ഇവിടെയും ദിഗ് വിജയ്സിംഗ്, അജിത് ജോഗി എന്നിവരെപ്പോലെ പേരുകൊണ്ട് ഹിന്ദുക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്. ഇതൊന്നും എ.കെ.ആന്റണിക്ക് മാത്രം അറിയില്ലെന്ന് വരുമോ?
ആന്റണിയെപ്പോലുള്ളവര്‍ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതികരിക്കുമ്പോള്‍ മറ്റൊരു ദുര്യോഗം കൂടി സംഭവിക്കുന്നുണ്ട്. കോണ്‍ഗ്രസ് ആന്റണിയെപ്പോലുള്ളവരുടെ പാര്‍ട്ടി കൂടിയാണല്ലോ എന്ന് ശുദ്ധഗതിക്കാരായ ഹിന്ദുക്കള്‍ കരുതിപ്പോകും. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഹിന്ദുവിരുദ്ധനെന്ന് ഒരു നിലയ്ക്കും പറയാനാവാത്ത ആന്റണി മന്ത്രിയായിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണല്ലോ കുപ്രസിദ്ധമായ ന്യൂനപക്ഷ പ്രീണനംകൊണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ഇടം നേടിയത്. മുസ്ലീങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പ്രത്യേകാവകാശങ്ങള്‍ നല്കാന് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ കമ്മീഷനായി നിയമിച്ച് ശുപാര്‍ശകള്‍ അംഗീകരിച്ചത്, രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് പ്രധാനമന്ത്രി മന്മോഹന്സിംഗുതന്നെ പ്രഖ്യാപിച്ചത്, പട്ടികജാതിക്കാരായ ഹിന്ദുക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ക്രൈസ്തവര്‍ക്ക് നല്കാന് ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് സ്വീകരിച്ചത്, ഭൂരിപക്ഷസമുദായത്തെ ശത്രുക്കളായി മുദ്രകുത്തി അവര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ‘വര്‍ഗീയ കലാപ വിരുദ്ധ ബില്‍’ കൊണ്ടുവന്നത്. ഇങ്ങനെ എണ്ണിപ്പറയാവുന്ന നിരവധി കാര്യങ്ങളുണ്ട്. കേരളത്തിലെ ഭൂരിപക്ഷ ജനവിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ആന്റണി താന്‍ പങ്കാളിയായ ഒരു ഭരണകൂടം ചെയ്തുകൂട്ടിയിട്ടുള്ള ഇത്തരം നടപടികളെ എതിര്‍ക്കുകയോ അവയോട് വിയോജിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ സംഘടിത ന്യൂനപക്ഷത്തെക്കുറിച്ച് ആന്റണി പറയുന്നത് മുഖവിലക്കെടുക്കാനാവൂ.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: