രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സംരംഭങ്ങളെയുംകാള് എത്രയോ ഇരട്ടിയോ അതിലേറെയോ ആണ് ഇന്ത്യ ഭരിച്ച ഒരുഡസനിലേറെ പ്രധാനമന്ത്രിമാരില്‍ ഒരാളായ രാജീവ് ഗാന്ധിയുടെ പേരിലുള്ളത്. രാജീവിന്റെ അമ്മയും അപ്പൂപ്പനും ഒട്ടേറെക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്നു. അവരുടെയൊന്നും പേരില്‍ ഇത്രയധികം സ്ഥാപനങ്ങളില്ല. മറ്റ് പ്രധാനമന്ത്രിമാരുടെ കാര്യം പറയാനുമില്ല.
അവരുടെ ആരുടെയെങ്കിലും സ്മാരകമായി ഒരു സര്‍ക്കാര്‍ സ്ഥാപനമോ സംരംഭമോ ഉണ്ടോ എന്നതും സംശയമാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇരുന്നൂറിലധികം സര്‍ക്കാര്‍ സംരംഭങ്ങളാണ് രാജീവ് ഗാന്ധിയുടെ പേരിലുള്ളത്. നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗം എന്ന നിലയ്ക്കാണ് രാജീവും ഇന്ദിരയും ഇപ്പോള്‍ രാഹുലും സോണിയയും അറിയപ്പെടുന്നതെങ്കിലും ഇവര്‍ക്കാര്‍ക്കും മഹാത്മാഗാന്ധിയുടെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്നത് ഇന്ത്യയ്ക്ക് പുറത്ത് അധികം ആര്‍ക്കും അറിയില്ല. ഇന്ദിരയുടേയും രാജീവിന്റേയും, പില്ക്കാലത്ത് സോണിയയുടേയും മക്കളുടേയും പേരിനൊപ്പം ‘ഗാന്ധി’ വന്നതിന് കാരണക്കാരന്‍ ഫിറോസ് ഗാന്ധിയാണ്. ഇന്ദിരയുടെ ഭര്‍ത്താവും രാജീവിന്റേയും സഞ്ജയന്റേയും പിതാവുമായ പാഴ്സി വംശജനായിരുന്ന ഫിറോസ് യഥാര്‍ത്ഥത്തില്‍ ‘ഗാന്റി’ ആയിരുന്നെന്നും ‘ഗാന്ധി’ ആയതോ ആക്കിയതോ ആണെന്നും ആരോപണമുണ്ട്. ഫിറോസിന്റെ അച്ഛന് ഒരു മുസല്മാന് ആയിരുന്നെന്നും (ജഹാംഗീര്‍ ഖാന്) അതിനാല്‍ ഇന്ദിരയുടെ മക്കളുടേയും മരുമകളുടേയും ചെറുമക്കളുടെയുമൊക്കെ ഗാന്ധി നാമത്തിന് കാരണക്കാരനായ ഫിറോസ് ഗാന്ധി ഒരു ഹിന്ദുവോ പൂര്‍ണമായി ഒരു പാഴ്സിപോലുമോ ആയിരുന്നില്ലെന്ന് ദീര്‍ഘകാലം ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറി പദവി വഹിച്ച എം.ഒ.മത്തായി ‘റെമിനിസണ്സ് ഓഫ് നെഹ്റു’വില്‍ പറയുന്നുവെന്നത് മറ്റൊരു കാര്യം. അത്തരം ആരോപണങ്ങള്‍ അവിടെ നില്ക്കട്ടെ. അതിശയകരമായുള്ളത്, ഗാന്ധിയായാലും ഗാന്റിയായാലും, അദ്ദേഹത്തിന്റെ മതമേതായാലും, ഫിറോസിനെ രാഷ്ട്രം മാത്രമല്ല അദ്ദേഹത്തിന്റെ മരുമകളും ചെറുമക്കളുമൊക്കെ മറന്നുവെന്നതാണ്. ഷേക്സ്പീരിയന്‍ ശൈലി കടമെടുത്താല്‍ വാഴ്ത്തപ്പെടാതെ, വിലപിക്കപ്പെടാതെ, ആദരിക്കപ്പെടാതെ കടന്നുപോയി ഫിറോസ് ഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ പോലും ആകെ രണ്ടോ മൂന്നോ മാത്രമാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ഇംഗ്ലീഷില്‍ കുല്‍ദീപ് നയ്യാറുടേയും യൂസഫ് അഹമ്മദ് അന്‍സാരിയുടെയും മലയാളത്തില്‍ രണ്‍ജി പണിക്കറുടേയും മാത്രം. ജന്മശതാബ്ദി വര്‍ഷത്തില്‍ പോലും ഫിറോസിന്റെ പേരില്‍ ഒരു കൈത്തിരി കൊളുത്താനോ ഒരു പുഷ്പം അര്‍പ്പിക്കാനോ രാജീവിന്റെ വിധവയോ മക്കളോ കോണ്‍ഗ്രസുകാരോ മിനക്കെട്ടില്ല. രാജീവിന്റെ ഘാതകയെ ജയിലില്‍ സന്ദര്‍ശിച്ച് സുഖമന്വേഷിച്ച പ്രിയങ്കയും തന്റെ മുത്തച്ഛനെ ഓര്‍ത്തില്ല. കോണ്‍ഗ്രസ് പ്രസിദ്ധീകരണങ്ങളില്‍ ഫിറോസിനെപ്പറ്റി ഒരു പരാമര്‍ശവും ഉണ്ടായില്ല. അലഹബാദിലെ പാഴ്സി ശ്മശാനത്തില്‍ ഫിറോസിന്റെ ഓര്‍മ്മയ്ക്കായി ആറടി നീളത്തില്‍ ഒരു കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമെങ്കിലും കെട്ടി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷം മുമ്പ് ചില പാഴ്സികള്‍ സോണിയയ്ക്ക് നല്കിയ നിവേദനം, അദ്ദേഹത്തെ അടക്കിയയിടംപോലെ പൊടിപിടിച്ച് മറഞ്ഞുപോയി. നെഹ്റുവിനും ഇന്ദിരയ്ക്കും രാജീവിനും സഞ്ജയിനുമുണ്ട് ദല്‍ഹിയുടെ ഹൃദയഭാഗത്ത് വിശാലമായ പ്രദേശത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത ‘സമാധി’ മണ്ഡപങ്ങള്‍.
രാജീവ്-സോണിയ ദമ്പതിമാരുടെ മരുമകന് റോബര്‍ട്ട് വധേര പണ്ഡിറ്റ് നെഹ്റുവിന്റെ മരുമകന് ഫിറോസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ കുപ്രസിദ്ധനായി എന്നതും അങ്ങനെ മാധ്യമങ്ങളില്‍ ഇടം പിടിച്ചെന്നതും വിധിവൈപരീത്യമാവാം. ഭൂമി കുംഭകോണങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന മരുമകനെ ന്യായീകരിക്കാനും വാഴ്ത്താനും സോണിയ ഭക്തരായ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രമന്ത്രിമാരടക്കം അഹമഹമിഹയാ മത്സരിക്കുകയായിരുന്നു.
സഹസ്രകോടികളുടെ സ്വത്തും സമ്പാദ്യവുമാണ് രാജീവിന്റെ മകളുടെ ഭര്‍ത്താവ് അവിഹിതമായി സ്വന്തമാക്കിയത്. വദേരയ്ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത ഹരിയാനയിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ന്നിരുന്നു.
പണ്ഡിറ്റ് നെഹ്റുവിന്റെ മരുമകന് ഫിറോസ് യാതൊന്നും സമ്പാദിക്കുകയോ സ്വന്തമാക്കുകയോ ചെയ്തില്ല. ദല്‍ഹിയിലെ രാജേന്ദ്രപ്രസാദ് റോഡില്‍ ഒരു ചെറിയ വീട്ടില്‍ ഏകാകിയായി അദ്ദേഹം കഴിഞ്ഞു. പണ്ഡിറ്റ് നെഹ്റുവിന്റെ പ്രതാപകാലത്ത്, ഇന്ത്യയുടെ അധികാരക്കുത്തക കോണ്ഗ്രസിനായിരുന്ന കാലത്ത്, അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ആഞ്ഞടിച്ച കോണ്ഗ്രസുകാരന് എന്ന നിലയിലാണ് ഫിറോസ് ശ്രദ്ധിക്കപ്പെട്ടത്. ലോക്സഭയില്‍ തന്റെ മരുമകന് സംസാരിക്കാന്‍ എഴുന്നേല്ക്കുമ്പോള് പ്രധാനമന്ത്രി നെഹ്റു ശ്വാസമടക്കിപ്പിടിച്ചിരിക്കുയായിരുന്നുവത്രെ. അതുകൊണ്ടുതന്നെ നെഹ്റുവിന് ഫിറോസിനെ ഇഷ്ടമായിരുന്നില്ല. പില്ക്കാലത്ത് ഇന്ദിരയ്ക്കും. ഇന്ദിരയും ഫിറോസും പിന്നീട് വഴിപിരിഞ്ഞപ്പോള്‍ അത് നെഹ്റുവിന് ആശ്വാസമായി എന്നും രേഖപ്പെടുത്തിയവരുണ്ട്. ഫിറോസ്-ഇന്ദിര പ്രണയബന്ധത്തെ നെഹ്റു എതിര്‍ത്തിരുന്നു. ഇന്ദിരയെ പിന്തിരിപ്പിക്കാന് മഹാത്മാഗാന്ധിയെ പോലും നെഹ്റു സമീപിച്ചു. മറ്റു മാര്‍ഗമില്ലാതെയാണ് ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം നെഹ്റു നടത്തിക്കൊടുത്തത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി പഠിത്തത്തില്‍ ശ്രദ്ധിക്കാതിരുന്ന ഫിറോസിനെ ഉപദേശിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ മഹാത്മജിയോട് ഒരിക്കലപേക്ഷിച്ചു. “അവനൊരു വിപ്ലവകാരിയാണ്.
അവനെപ്പോലെ ഏഴുപേരെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രയായേനെ” എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന ഫിറോസ് പതിനെട്ടാമത്തെ വയസ്സില്‍ ജയിലിലായി. പത്തൊമ്പത് മാസക്കാലം നീണ്ട ജയില്‍ വാസത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഉണ്ടായിരുന്നു ഫിറോസിനൊപ്പം.
പണ്ട് ഇന്ദിരയുടേയും പിന്നെ രാജീവിന്റേയും ഇന്ന് സോണിയയുടേയും നിയോജകമണ്ഡലമായ റായ് ബറേലിയെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യം പ്രതിനിധാനം ചെയ്തത് ഫിറോസ് ജഹാംഗീര്‍ ഗാന്ധിയാണ്, അമ്പതുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച ആദ്യ യുവതുര്‍ക്കി പ്രധാനമന്ത്രിയുടെ മരുമകനും കോണ്‍ഗ്രസ് അധ്യക്ഷയുടെ ഭര്‍ത്താവുമായ ഫിറോസ് തന്നെ. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു ധനമന്ത്രിയുടെ രാജിയില്‍ കലാശിച്ച ആദ്യത്തെ കുംഭകോണം-മുണ്ട്രാ കുംഭകോണം-ലോക്സഭയില്‍ ഉന്നയിച്ച് നെഹ്റുഭരണത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് ഫിറോസാണ്. ഹരിദാസ് മുണ്ട്ര എന്ന വ്യവസായിയുടെ സ്ഥാപനവും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തമ്മില്‍ നടന്ന അവിഹിത ഇടപാടുകള്‍ ഫിറോസ് രേഖാമൂലമായ തെളിവുകളോടെ ലോക്സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി പുറത്താക്കപ്പെട്ടു; ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായി. മുണ്ട്ര ജയിലഴികള്‍ക്കുള്ളിലുമായി.
കോര്‍പ്പറേറ്റ് മേധാവികളും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഇടപാടുകള്‍ക്കെതിരെയുള്ള കുരിശുയുദ്ധമായിരുന്നു ഫിറോസിന്റേത്. പൊതുപണം കൈക്കലാക്കാന്‍ ശ്രമിച്ച നിരവധി വ്യവസായികളെ അദ്ദേഹം തുറന്നു കാട്ടി. തന്റെ സമുദായത്തില്‍പ്പെട്ട ടാറ്റയ്ക്കെതിരെ വരെ ഫിറോസ് ഒരവസരത്തില്‍ നിറയൊഴിച്ചു. വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയ ചില പത്രമുതലാളിമാരെയും അദ്ദേഹം വെറുതെ വിട്ടില്ല. ഫിറോസ് ഒരു പത്രപ്രവര്ത്തകന് കൂടി ആയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപസമിതിയില്‍ അദ്ദേഹം അല്‍പ്പകാലം അംഗമായിരുന്നു. അതിനുശേഷമാണ് ഫിറോസ് ഗാന്ധി ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച ‘നാഷണല്‍ ഹെറാള്‍ഡി’ന്റെ മാനേജിംഗ് എഡിറ്ററായത്. ബാങ്ക് ദേശസാല്‍ക്കരണത്തെപ്പറ്റി ഇന്ദിരാഗാന്ധി ആലോചിക്കുന്നതിനൊക്കെ എത്രയോ മുമ്പെ എല്‍ഐസി, ഐഒസി എന്നിവയുടെ ദേശസാല്ക്കരണത്തില് ഫിറോസ് ഗാന്ധി നിര്‍ണായക പങ്ക് വഹിച്ചു.
‘ചുറ്റുവട്ടത്ത് മറ്റൊന്നിനേയും വളരാന്‍ അനുവദിക്കാത്ത വടവൃക്ഷം’ എന്നാണ് പണ്ഡിറ്റ് നെഹ്റുവിനെ ഒരിക്കല്‍ മൊറാര്‍ജി ദേശായി വിശേഷിപ്പിച്ചത്. ആ രാഷ്ട്രീയ വടവൃക്ഷത്തിന്റെ വീട്ടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ, ആ തണലില്ലാതെ വളരുകയും പടരുകയും ചെയ്യവേയാണ് ഫിറോസിനെ അവിടെ നിന്ന് ആദ്യം സ്വന്തം പ്രിയതമ ഇന്ദിരയും പിന്നീട് ഭൂതലത്തില്‍നിന്ന് കാലവും എന്നെന്നേയ്ക്കുമായി വെട്ടി മാറ്റിയത്. ഫിറോസ് ഗാന്ധിയുടെ സംസ്കാരത്തിന് തടിച്ചുകൂടിയ ജനാവലിയെ കണ്ട് അത്ഭുതപ്പെട്ട ജവഹര്‍ലാല്‍ നെഹ്റുവിന്റെ പരാമര്‍ശം “ഫിറോസ് ഇത്ര ജനപ്രീതിയുള്ളവനാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല” എന്നായിരുന്നു.
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: