പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ് കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതി തുടങ്ങിയവ ഉദാഹരണം. അക്കൂട്ടത്തില്‍പ്പെട്ട ഒരു പദ്ധതിയാണ് “ചുരണ്ടുക, നേടുക പദ്ധതി” മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാത്തതുകൊണ്ട് ഈ പദ്ധതി അറിയപ്പെടുന്നത് ‘സ്ക്രാച്ച് ആന്റ് വിന് സ്കീം’ എന്നാണ്.
അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത് എന്ന് വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക് അത് ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക് ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ് പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക് തള്ളിക്കേറ്റുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന് ബാധകമല്ലെന്നതാണ് എഫ്ഡിഐയില്‍ നാം കണ്ടത്. എഫ്ഡിഐക്ക് അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്.
ഏഷ്യന്‍ പെയിന്റ്സ് എന്ന മൂന്നാംകിട പെയിന്റ് കമ്പനിയുണ്ട്. അവരുടെ ഉല്‍പ്പന്നം എന്തുകൊണ്ട് ജനം വാങ്ങാതിരിക്കണം എന്നു ബോധ്യപ്പെടുത്തുന്നതാണ് അവരുടെ ‘ടെഫ്ലോണ്‍ റോയാലെ’ പരസ്യം. ഒരു വായ്നോക്കി ഭാര്യയുടെ പിന്‍ഭാഗം നോക്കി ‘മനോഹരം’ എന്നുപറയുന്നത് കണ്ടാല്‍ ഒരുത്തനും ഏഷ്യന്‍ പെയിന്റ് വാങ്ങില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുദ്ധിമാന്ദ്യം ബാധിച്ചവരെ വെച്ചുള്ള പരസ്യമാണ് മറ്റൊരു അറുബോറന്‍ പരസ്യം. പരസ്യങ്ങളില്‍ കഥാനായകന്മാര് ചോദിക്കുന്ന ചോദ്യം എസ്ബിഐ ലൈഫില്‍ നിക്ഷേപം നടത്തിയവരുടെ യോഗ്യത വ്യക്തമാക്കുന്നതാണ്. രണ്ടുവര്‍ഷംമുമ്പ് ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവന് തുക ഒരു ലക്ഷത്തില്‍ താഴെയാക്കി തിരികെ നല്കുന്ന എസ്ബിഐ ബുദ്ധി അവരുടെ പരസ്യങ്ങളിലും വ്യക്തം. എസ്ബിഐ ലൈഫില്‍ വീണ്ടും നിക്ഷേപിക്കാനാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ബുദ്ധിമാന്ദ്യമുള്ളവര്‍ക്കല്ലേ അത് പറ്റൂ-ബാങ്ക് അത് മനസ്സിലാക്കുന്നു.
മറ്റൊരു പരമബോറന്‍ പരസ്യമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കച്ചോട പരസ്യം. നാട്ടുകാരെ മുഴുവന്‍ കുത്തുപാളയെടുപ്പിച്ചേയടങ്ങൂ എന്ന ലക്ഷ്യത്തില്‍ പരസ്യപേക്കൂത്താണ് ടിവിയില്‍. ഏതുതരം ഭാഷയാണ് ജികെഎസ്എഫ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചോദിച്ചാല്‍ മലയാളിയെ ഇന്‍സള്‍ട്ടു ചെയ്യാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗ്ഗം വേറെയില്ലെന്ന് ഉത്തരം. വ്യവസായവും ധനകാര്യവും തന്റെ വകുപ്പില്‍പ്പെട്ടതല്ലെങ്കിലും മന്ത്രി അനില്‍കുമാറാണ് ജികെഎസ്എഫിന്റെ പൂര്‍ണ ചുമതലയുള്ള സംസ്ഥാന മന്ത്രി ജികെഎസ്എഫിന്റെ ആറാം സീസണാണ് കണ്ണൂരില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുക. 101 കിലോ സ്വര്‍ണമാണ് സമ്മാന വാഗ്ദാനം.
കഴിഞ്ഞവര്‍ഷവും ഇതേപോലെ കുറച്ചധികം കിലോ സ്വര്‍ണം സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. എത്രകിലോ കൊടുത്തു, എത്ര കിലോ കിട്ടിയെന്നും ഒരു മന്ത്രിയും വ്യക്തമാക്കിയതായി കണ്ടില്ല. കടം കേറി മുടിഞ്ഞ, തലയ്ക്കു തീരെ മൂളയില്ലാത്തവനെ കയര്‍ക്കുടുക്കില്‍ തലകടത്താന്‍ പ്രേരിപ്പിക്കുകയാണ് മന്ത്രിയും കൂട്ടരും. പ്രേരണാകുറ്റത്തിന് എന്താണാവോ ശിക്ഷ?
ഡിസൈനര്‍ താടിയും കളര്‍ഫുള്‍ കുര്‍ത്തയുമായി ആലപ്പുഴയിലും പരിസരത്തും ശാസ്ത്രസാഹിത്യ പരിഷത്ത് ദമ്പതികളുടെ മാരകേളി ഉദ്ഘോഷിച്ചു നടക്കുന്ന തോമസ് ജി ഐസക്ജിയായിരുന്നു സെയില്‍ടാക്സ് പിരിവിലെ തുഗ്ലക് മോഡലായ സ്ക്രാച്ച് ആന്റ് വിന് പദ്ധതി കൊണ്ടുവന്നത്. കടകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ജികെഎസ്എഫിന്റെ ഭാഗ്യമായി വ്യാപകമായി നല്‍കാനാണ് പ്ലാന്‍. സ്ക്രാച്ച് ആന്റ് വിന്-ചുരണ്ടുക, നേടുക അതാണ് ജികെഎസ്എഫിന്റെയും കേരള സര്‍ക്കാരിന്റേയും പദ്ധതി. മുന്‍കാലങ്ങളില്‍ സമ്മാനം പണമായാണ് നല്കിയതെങ്കില് ഇത്തവണ കരകൗശല വസ്തുക്കളായാണ് സമ്മാനം. എന്നുവെച്ചാല്‍ മുസരിസ് ബിനാലെയ്ക്കുശേഷം ബാക്കി വരുന്ന അമ്മിക്കല്ലും പിള്ളക്കല്ലും വെറുതെ കളയില്ല, ജികെഎസ്എഫ് സമ്മാനപദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യും.
>> കെ.എ. സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: