ന്യൂദല്‍ഹി: മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് പാക് ജുഡീഷല്‍ കമ്മീഷന് ജനുവരി അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും. നാല് കേസിലെ സാക്ഷികളെ ചോദ്യം ചെയ്യാനാണ് കമ്മീഷന് എത്തുന്നത്. മുംബൈ ഹൈക്കോടതിയുടെ അനുവാദത്തോടെയാകും പാക് സമിതിയുടെ ചോദ്യം ചെയ്യല്‍. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ഡിസംബര്‍ 25നാണ് ധാരണയായത്.
പാക്കിസ്ഥാന് ജുഡീഷല്‍ സമിതിയുടെ രണ്ടാമെത്തെ വരവാകും ഇത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികും ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സിക്ക് പാക്കിസ്ഥാന് സന്ദര്‍ശിക്കാമെന്നും അന്ന് മാലിക് അറിയിച്ചിരുന്നു. സാങ്കേതികവും നിയമപരവുമായി പല പ്രശ്നങ്ങളുള്ളതിനാല്‍ നിരവധി തവണ ചര്‍ച്ചചെയ്തതിനുശേഷമാണ് സന്ദര്‍ശനത്തിന് ധാരണയായത്.
സാക്ഷികളെ ചോദ്യം ചെയ്യുന്നതിന് ബോംബെ ഹൈക്കോടതിയുടെ അനുവാദത്തിനായി ആഭ്യന്തര മന്ത്രാലയം കോടതിയെ സമീപിക്കും. അജ്മല്‍ കസബിന്റെ പ്രസ്താവന രേഖപ്പെടുത്തിയ മെട്രോ പൊളിറ്റന്‍ ജഡ്ജി രാമ വിജയ് സാവന്ത് വഗുലെ, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് രമേഷ് മഹേല, ഒമ്പത് ഭീകരവാദികളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ എന്നിവരാണ് സാക്ഷികള്‍.
മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് റാവല്‍പിണ്ടി കോടതിയില്‍ നടക്കുന്ന കേസിന്റെ അന്തിമ വിധിയ്ക്കു വേണ്ടിയാണ് പാക് ജുഡീഷല്‍ സമിതിയുടെ ചോദ്യംചെയ്യല്‍. സക്കിയുര്‍ റഹ്മാന് ലഖ്വി ഉള്‍പ്പടെ ഏഴ് ഭീകരരുടെ മേല്‍ മുംബൈ ആക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റം ചുമത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക്ക് അന്വേഷണക്കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്ക് കോടതിയല്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക് നിയമസാധുത ഇല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാമതൊരുവട്ടം കൂടി ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പാക്ക് അധികൃതര്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: