ന്യൂദല്‍ഹി: . പ്രതിരോധ മേഖലയിലെ ആധുനിക വല്ക്കരണത്തിനുവേണ്ടിയുള്ള ഫണ്ടില്‍ നിന്നും 10000 കോടി വെട്ടിക്കുറച്ചത് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈനയും, പാക്കിസ്ഥാനും വിലമതിപ്പുള്ള പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുമ്പോള്‍ പുതിയ സംവിധാനങ്ങള്‍ക്കുവേണ്ടി നീക്കിവെച്ച തുക വെട്ടിക്കുറച്ച നടപടി കടുത്ത വിമര്ശനങ്ങളിലേക്കായിരിക്കും നയിക്കുക.
പാക്കിസ്ഥാന്റെയും, ചൈനയുടേയും പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യക്ക് ഭീഷണയാണെന്നിരിക്കെ, ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങളും, യുദ്ധോപകരണങ്ങളും വാങ്ങുവാന്‍ ബജറ്റ് ഉയര്‍ത്തുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഫണ്ട് വെട്ടിക്കുറക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
വാര്‍ഷിക ഫണ്ടില്‍ നിന്നും പതിനായിരം കോടി വെട്ടിക്കുറക്കാന്‍ ധനകാര്യമന്ത്രാലയമാണ് തീരുമാനിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ അനിവാര്യമാണെന്നാണ് അധികൃതരുടെ വാദം. വ്യോമസേനക്കും, നാവികസേനയ്ക്കുമുള്ള ഫണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആധുനികവല്‍ക്കരണ പദ്ധതികളിലും ധനമന്ത്രാലയത്തിന്റെ നടപടി ബാധകമാകും. യുദ്ധവിമാനങ്ങളും വിമാനങ്ങളും വാങ്ങുന്നതിന് നീക്കിവെച്ചിരിക്കുന്ന തുകയേയും ഇത് ബാധിക്കും.
ഫണ്ട് വെട്ടിക്കുറച്ചതലൂടെ 20ബില്യണ്‍ ഡോളറിന്റെ മീഡിയം മള്‍ട്ടി റോള്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമുണ്ടാകുമെന്നാണ് സൈന്യം പറയുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന 126 യുദ്ധവിമനാങ്ങള് മാര്‍ച്ച് 31ന് മുമ്പ് വാങ്ങാനാവില്ലെന്നും സൈന്യം അറിയിച്ചു.
വ്യോമസേനയുടെ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട് പതിനായിരം കോടിയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ഇത് വെട്ടിച്ചുരുക്കാനാണ് നീക്കം. പാക്കിസ്ഥാനും, ചൈനയും പ്രതിരോധ സംവിധാനങ്ങള്‍ വിപുലീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 1,93408 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം നീക്കിവച്ചത്. 2012-2013 ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ എ.കെ ആന്റണിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സൈന്യം മുന്നോട്ട് വച്ച പദ്ധതികള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഓരോ വര്‍ഷവും സൈന്യം ആവശ്യപ്പെടുന്ന തുകയില്‍ നിന്നും ഏറ്റവും കുറവാണ് ഇക്കൊല്ലം ലഭിച്ചിരിക്കുന്നത്. ഇതിലൂടെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. 2,39123 കോടി രൂപയാണ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി സൈന്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 1,93,408 കോടിയാണ് സൈന്യത്തിന് ലഭിച്ചത്.
അതേസമയം, ധനമന്ത്രാലയത്തിന്റെ നടപടിയെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 12-ാം പഞ്ചവത്സര പദ്ധതിയില്‍ 10 കോടി രൂപയുടെ സൈന്യം ആവശ്യപ്പെടുക. എന്തായാലും, ധനമന്ത്രാലയത്തിന്റെ നടപടി വരും ദിനങ്ങളില്‍ വലിയ വിവാദങ്ങളിലേക്കായിരിക്കും നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: