ന്യൂദല്‍ഹി: രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ 5,000 എടിഎമ്മുകള്‍ കൂടി തുറക്കുന്നു. നേരിട്ടുള്ള പണം കൈമാറ്റ പദ്ധതി പ്രകാരമാണ് കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 51 ജില്ലകളിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഈ സൗകര്യം ലഭ്യമാകുന്നത്. 34 ഓളം ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സബ്സിഡികള്‍ കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും പണത്തിന്റെ ചോര്‍ച്ച തടയുന്നതിനും ഇതിലൂടെ സാധിക്കും. ഇന്ന് മുതലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നേരിട്ട് പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഇത് ബാങ്കുകളുടെ തൊഴില്‍ ഭാരം കൂട്ടും. പണം പിന്‍വലിക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ബാങ്കിനെ കൂടുതല്‍ ആശ്രയിക്കുന്നതിനാലാണിത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എടിഎം സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ബാങ്കുകളുടെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് ധനകാര്യ മന്ത്രാലയം അധികൃതര്‍ പറയുന്നു.
സപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 34,916 എടിഎമ്മുകളാണ് പൊതുമേഖലാ ബാങ്കുകളുടേതായി പ്രവര്‍ത്തിക്കുന്നത്. പേയ്മെന്റുകള്‍ നടപ്പാക്കുന്നതിന് നിലവിലുള്ള രീതിതന്നെ തുടരുമെന്നും അധികൃതര്‍ പറയുന്നു.
ആധാര്‍ ഐഡന്റിറ്റി കാര്‍ഡ് ഇഷ്യു ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയ്ക്ക് 10 ദശലക്ഷം മൈക്രോ എടിഎമ്മുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. 1,500 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. നിലവില്‍ 58.7 ശതമാനം ഇന്ത്യന്‍ ഭവനങ്ങളിലാണ് ബാങ്കിംഗ് മേഖലയുടെ പ്രയോജനം ലഭിക്കുന്നത്. ഒരു ഗ്രാമത്തില്‍ ഒരു ബാങ്ക് ശാഖയെങ്കിലും വേണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: