ദമാസ്കസ്: സിറിയയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെ അന്തിമ പരിഹാരം കാണണമെന്ന് യുഎന്‍ അറബിളെഗ് സമാധാന ദൂതന് ലഖ്ദര്‍ ബ്രാഹ്മി ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ വൈകിയാല്‍ സിറിയ നരകതുല്ല്യമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷമാണ് അദ്ദേഹം സിറിയയിലെത്തിയത്. എന്നാല്‍ ചര്‍ച്ചകളുടെ സമയം അവസാനിച്ചെന്നും സിറിയന്‍ ഭരണകൂടത്തിനെതിരെ സത്വര നടപടിയാണാവശ്യമെന്നും വിമതര്‍ ആവശ്യപ്പെട്ടു.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രാഹ്മി യുടെ പ്രതികരണമുണ്ടായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ക്രിയാത്മക ചര്‍ച്ചകളിലൂടെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 21 മാസമായി തുടരുന്ന രക്തച്ചൊരിച്ചില്‍ ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയന്‍ നഗരങ്ങള്‍ നരകതുല്ല്യമായി മാറും. ഇരുപക്ഷവുമായി ചര്‍ച്ചകള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും ബ്രാഹ്മി ആവശ്യപ്പെട്ടു. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ ഒറ്റപ്പെടുത്തി പുറത്താക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോര് പറഞ്ഞു.
പശ്ചിമേഷ്യയില്‍ അസ്ഥിരത ആഗ്രഹിക്കുന്നവരാണ് വിമതര്‍ക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സിറിയന്‍ ജനതയ്ക്ക് ശാശ്വത സമാധാനം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും സെര്‍ജി ലാവ്റോര് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായുള്ള ആഹ്വാനത്തെ പ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കോ അലീഷന്‍ നിരാകരിച്ചു. അസദിന്റെ രാജിയില്‍ കുറഞ്ഞതൊന്നും പരിഹാരമാവില്ലെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, സിറിയയില്‍ രണ്ട് ദിവസമായി തുടരുന്ന രക്തച്ചൊരിച്ചിലില്‍ നാന്നൂറോളം പേര് കൊല്ലപ്പെട്ടതായി ലോക്കല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി അവകാശപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: