ന്യൂദല്‍ഹി: വ്യത്യസ്ത പ്രതിഷേധങ്ങള്‍, ഒരേ പ്രതികരണം. മന്മോഹന് സിംഗ് ഭരണകൂടം തണുത്തുറയുന്നു. അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും ബാബാ രാംദേവും നടത്തിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം വീണ്ടും ജനരോഷം ആളിക്കത്തിയ കാഴ്ചയായിരുന്നു ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് 23കാരി ഇരായായതാണ് ജനങ്ങളെ രോഷാകുലരാക്കിയത്. ഹസാരെയുടെ സമരം അഴിമതിക്കെതിരെയായിരുന്നുവെങ്കില് സ്ത്രീകളുടെ സുരക്ഷയും നീതിയും ആവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ പ്രതിഷേധ സമരം. ഇരുസമരങ്ങളിലും പ്രതിഷേധം തടയുകയും ജനവികാരത്തിനെതിരെ പ്രതികരിക്കുകയും മാത്രമായിരുന്നു യുപിഎ സര്‍ക്കാരിലെ ഓരോ നേതാക്കളും ചെയ്തത്. എന്നാല്‍ ഇത്തരത്തിലൊരു പ്രതിഷേധത്തിന് പിന്നിലെ യഥാര്‍ത്ഥകാരണം വിലയിരുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഡിസംബര്‍ 16ലെ സംഭവത്തിനുശേഷം ദല്‍ഹിയില്‍ വലിയൊരു വിപ്ലവമാണ് ഉണ്ടായത്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ ആഭ്യന്തരസെക്രട്ടറി ആര്.കെ സിംഗും, ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറും രംഗത്തെത്തി. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്കി. എന്നാല്‍ ദല്‍ഹി പോലീസിന്റെ അന്വേഷണത്തെ പുകഴ്ത്തുകയല്ലാതെ അവര്‍ക്കുപറ്റിയ വീഴ്ച്ചയെക്കുറിച്ച് പറയാന്‍ ആരും തയ്യാറായില്ല.
ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ ഇളക്കിമറിച്ച് യുവാക്കള്‍ നടത്തിയ പ്രതിഷേധം അട്ടിമറിക്കാനായിരുന്നു ആദ്യം സര്‍ക്കാരിന്റെ ശ്രമം. സാമൂഹിക വിരുദ്ധരാണ് പ്രതിഷേധകര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ഹസാരെ സമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ദല്‍ഹിയില്‍ അരങ്ങേറിയത്. അതുവരെ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി അന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. പ്രതിഷേധം അണപൊട്ടിയപ്പോള്‍ പോലീസിനേയും സൈന്യത്തേയും വിന്യസിച്ചതല്ലാതെ കേന്ദ്ര നേതാക്കളാരും പ്രതിഷേധക്കാരോട് ചര്‍ച്ചയ്ക്ക് തയ്യാറായില്ല.
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞെങ്കിലും അദ്ദേഹവും സമരക്കാര്‍ക്ക് മുന്നില്‍ എത്തിയില്ല. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ മാത്രമാണ് ഷിന്‍ഡെ തയ്യാറായത്. നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണം, കുറ്റക്കാരെ തൂക്കിലേറ്റണം തുടങ്ങി സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ത്യയില്‍ മറ്റാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും യുവാക്കള്‍ ഒരേസ്വരത്തില്‍ പറഞ്ഞു. എന്നാല്‍ യുവപ്രക്ഷോഭകരെ മാവോയിസ്റ്റുകളോട് ഉപമിച്ച് ഷിന്‍ഡെ കൂടുതല്‍ വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ ഏകദിന ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ദല്‍ഹിയിലെ സംഭവവികാസങ്ങള്‍. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാതെ പുടിനുമായി ചര്‍ച്ചക്ക് തയ്യാറായതും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുവാനുള്ള മാര്‍ഗങ്ങളുടെ അഭാവവും രാഷ്ട്രീയ അധികൃതരുടെ അനാസ്ഥയും ദല്‍ഹി പ്രക്ഷോഭത്തില്‍ പ്രകടമായിരുന്നു.
ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പോലീസ് കമ്മീഷണര്‍ നീരജ് കുമാറും തമ്മിലുള്ള ശണ്ഠയും പ്രശ്നം കൂടുതല്‍ വഷളാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്പോരുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായി കേന്ദ്രമന്ത്രിസഭയില്‍ നിന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൊഴി ശേഖരിക്കുന്നതില്‍ പാകപ്പിഴകളുണ്ടായതായും ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയും പോലീസ് കമ്മീഷണറും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഴി ശേഖരിച്ചതില്‍ അപാകതകളുണ്ടെന്ന് മജിസ്ട്രേറ്റും ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായത്.
ഹസാരെയുടേയും രാംദേവിന്റെയും സമരങ്ങള്‍ യുപിഎ സര്‍ക്കാരിനെ പാഠം പഠിപ്പിച്ചിട്ടില്ലെന്നുവേണം പറയാന്‍. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്ന അവസ്ഥയില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയത് ശരിയായില്ലെന്നും, മറ്റ് ഡോക്ടര്‍മാരോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നുമുള്ള ആരോപണം നിലനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ തിടുക്കത്തില്‍ മാറ്റാനുളള കാരണമെന്തായിരുന്നു എന്നതിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇത്തരം വിവാദങ്ങളൊക്കെയും യുപിഎ സര്‍ക്കാരിനെ വരും ദിനങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: