ലക്നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് സര്‍ക്കാരിന് മായാവതിയുടെ രൂക്ഷ വിമര്‍ശനം. ദല്‍ഹിയില്‍ ബസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് മായാവതി അഖിലേഷിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ മായാവതി പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും പറഞ്ഞു. പീഡനത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുകയാണ് വേണ്ടതെന്നും മായാവതി കുറ്റപ്പെടുത്തി.
എസ് പി ഭരണത്തിലേറിയതിനുശേഷം കഴിഞ്ഞ ഒമ്പത് മാസത്തിനിടയ്ക്ക് 1500 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് സര്‍ക്കാരാണ് ഉത്തരവാദികളെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഭാവമാണ് ഇത്തരം സംഭവം വര്‍ധിക്കാന്‍ കാരണമെന്നും മായാവതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ജോലിയും മറ്റ് പാരിതോഷികങ്ങളും പ്രഖ്യാപിക്കുന്നതിലും വലുത് അവര്‍ക്ക് മതിയായ സുരക്ഷയും നീതിയും നടപ്പിലാക്കുക എന്നതാണെന്നും മായാവതി ഓര്‍മ്മിപ്പിച്ചു. ദല്‍ഹിയിലെ സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പൊതുവികാരം ഇതു തന്നെയാണ് ആവശ്യപ്പെടുന്നതെന്നും സ്ത്രീകള്‍ അര്‍ഹിക്കുന്ന നീതിയാണ് അവര്‍ക്ക് ഉറപ്പാക്കേണ്ടതെന്നും മായാവതി പറഞ്ഞു.
ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ജോലിയും പാരിതോഷികവും അഖിലേഷ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അഖിലേഷ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും മായാവതി കുറ്റപ്പെടുത്തി. പല പീഡനക്കേസുകളിലേയും കുറ്റക്കാരെ വെറുതെ വിട്ടുവെന്നും പലര്‍ക്കും നീതി ലഭിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു.
പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് പാരിതോഷികം നല്കിയതുകൊണ്ടോ, ജോലി നല്കിയതുകൊണ്ടോ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ പ്രത്യേകം സമിതിയെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ല. ഇതില്‍ രാജ്യത്തെ ജനങ്ങള്‍ പ്രകോപിതരാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മായാവതി ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: