മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റ ബിസിനസ് ലോകത്തോട് വിട പറഞ്ഞു. അരനൂറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച ടാറ്റ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമജീവിതത്തിനായി വിട പറഞ്ഞത്. 21 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് ചടങ്ങുകളൊന്നും സംഘടിപ്പിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍.
വിപണിയിലെ മോശം സമയത്തും പ്രതിസന്ധിഘട്ടങ്ങളിലും ജീവനക്കാരും ടാറ്റ ഗ്രൂപ്പ് കമ്പനികളും ഒറ്റക്കെട്ടായി നിന്നത് അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്ന് വിടവാങ്ങല്‍ കത്തില്‍ രത്തന്‍ ടാറ്റ ഓര്‍മ്മിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഗ്രൂപ്പിനും സൈറസിനും വിജയമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. എല്ലാവര്ക്കും പുതുവത്സാരംശസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു കത്തിന്റെ തുടക്കം. സാമ്പത്തിക പ്രതിസന്ധി വരുംവര്‍ഷവും തുടരുമെന്നും ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡിനെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറി കടക്കാന്‍ കടം കുറച്ച് മാര്‍ജിന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും രത്തന്‍ ടാറ്റ ജീവനക്കാരെ ഉപദേശിച്ചു.
ടാറ്റ ഗ്രൂപ്പിനെ ആഗോള ബിസിനസ് ശക്തിയാക്കിയ വ്യക്തിയായിരുന്നു രത്തന്‍ടാറ്റ. ചെയര്മാന് സ്ഥാനം ഒഴിഞ്ഞാലും ടാറ്റ സണ്‍സിന്റെ ഓഹരികളില്‍ 66 ശതമാനവും അദ്ദേഹത്തിന് സ്വന്തമാണ്. പതിനായിരം കോടി രൂപയുടെ ആസ്തിയിലായിരുന്ന കമ്പനിയെ നാലേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ആസ്തിയിലെത്തിച്ചാണ് രത്തന്‍ ടാറ്റ പടിയിറങ്ങുന്നത്. 1991 ല്‍ ജെആര്‍ഡി ടാറ്റയില്‍ നിന്നായിരുന്നു അദ്ദേഹം ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്മാന് സ്ഥാനം ഏറ്റുവാങ്ങിയത്.
നാല്‍പ്പത്തി നാലുകാരനായ സൈറസ് മിസ്ത്രിയാണ് ഇനി ടാറ്റ ഗ്രൂപ്പിനെ നയിക്കുന്നത്. മുംബൈയില്‍ ഇന്നലെ ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സൈറസ് മിസ്ത്രി ചെയര്‍മാനായി ചുമതലയേറ്റു. ടാറ്റ ഗ്രൂപ്പിലെ ടാറ്റ സണ്‍സില്‍ 18 ശതമാനം ഓഹരിയുള്ള പുല്ലോല്ജി മിസ്ത്രിയുടെ മകനാണ് സൈറസ്. ടാറ്റ ഗ്രൂപ്പ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റാ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് സൈറസ് . ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയായിരുന്നു മുമ്പ് ഈ സ്ഥാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: