ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ ചേര്‍ന്നത് അവസാനത്തെ സര്വ്വകക്ഷിയോഗമാണെന്നും ഈ വിഷയത്തില്‍ ഒരുമാസത്തിനകം തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.സംസ്ഥാനം വിഭജിക്കണമെന്ന ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. തെലുങ്കാന രാഷ്ട്രസമിതി, ബിജെപി,സിപിഐ എന്നി പാര്‍ട്ടികള്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. അതേസമയം കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടിയും വൈ എസ് ആര് കോണ്‍ഗ്രസും വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.നാല്പതിലധികം വര്‍ഷമായി നടക്കുന്ന തെലുങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. എട്ട് പാര്‍ട്ടികളില്‍ നിന്നായി രണ്ട് പ്രതിനിധികള്‍ വീതമാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രത്യേക സംസ്ഥാന രൂപീകരണത്തെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. 1956 നവംബര്‍ ഒന്നിനാണ് ആന്ധ്രയും തെലുങ്കാനയും സംയോജിപ്പിച്ച് ആന്ധ്രാപ്രദേശ് ഉണ്ടാകുന്നത്.
രണ്ടിടങ്ങളിലെയും നേതാക്കന്മാര് തമ്മില്‍ ഒപ്പ് വെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ഉടമ്പടിയുടെ ലംഘനമാണ് ഇപ്പോള്‍ തെലുങ്കാന സംസ്ഥാനത്തിനായി ശബ്ദം ഉയര്‍ത്തുന്നവര്‍ ഉയര്‍ത്തി കാട്ടുന്ന പ്രശ്നം.1969ല്‍ തെലുങ്കാന പ്രജാസമിതി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പുതിയ സംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കം. അദിലാബാദ്,ഹൈദരാബാദ്,ഖമ്മം, കരിംനഗര്‍, മെഹബൂബ് നഗര്‍ ,മോദക്, നിസാമാബാദ്,രംഗറെഡി, വാറംഗല്‍ എന്നി ജില്ലകള്‍ ഉള്‍പ്പെട്ടതാണ് തെലുങ്കാന. ഈ പ്രദേശങ്ങള്‍ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണെന്നാണെന്നാണ് തെലുങ്കാന സംസ്ഥാനരൂപികരണത്തിനായ ആവശ്യം ഉന്നയിക്കുന്നവര്‍ പറയുന്നത്.
അതേസമയം തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗം തീരുമാനമാകതെ പിരിഞ്ഞ സാഹചര്യത്തില്‍ നാളെ തെലുങ്കാന മേഖലയില്‍ ബന്ദ് നടത്താന്‍ ടിആര്‍എസ് ആഹ്വാനം ചെയ്തു.യോഗം നിരാശജനകമാണെന്ന് ടി ആര് എസ് ചന്ദ്രശേഖര്‍ റാവു.കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളാണ് ഇതെന്നും പ്രതിക്ഷേധവുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: