തൃപ്പൂണിത്തുറ: പറ ഉത്സവത്തോടനുബന്ധിച്ച് പൂര്ണത്രയീശന് എഴുന്നള്ളത്ത് നടത്തുവാന്‍ ഉപയോഗിക്കുന്ന പൂര്‍ണ്ണാനദിയുടെ കിഴക്കേതോണിക്കടവ് ജനകീയമായി സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി മഹോത്സവങ്ങളുടെ ഭാഗമായി നടന്ന പ്രതിജ്ഞാദിനത്തില് ഭാഗവതാചാര്യന്‍ ഇളമന ഹരി തുളസീപൂജയോടെയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൃപ്പൂണിത്തുറയുടെ സാംസ്ക്കാരികവും വാണിജ്യപരവുമായ മേഖലകളില്‍ പൂര്ണാനദിയും തോണിക്കടവും ആഭിവാജ്യഘടകങ്ങളായിരുന്നുവെന്നും അവ സംരക്ഷിക്കുവാന്‍ ജനങ്ങളും ബന്ധപ്പെട്ട അധികൃതരും ഒരുപോലെ തയാറാകണമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വര്‍ഷത്തില്‍ കിഴക്കേതോണിക്കടവ് പൊതുജനങ്ങളുടെയും ബന്ധപ്പെട്ട അധികൃതരുടെയും സഹകരണത്തോടെ നവീകരിച്ചു സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബാലഗോകുലം നേതൃത്വം നല്‍കുമെന്ന് ബാലഗോകുലം ജില്ലാ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മേലേത്ത് രാധാകൃഷ്ണന്, കവി വൈക്കം രാമചന്ദ്രന്, രാജീവ് നാരായണന്, ഉണ്ണികൃഷ്ണന്, ആര്.നാരായണന്, മനോജ് കൃഷ്ണന്, ഗോപകുമാര്‍, പി.സോമനാഥന്, എം.ഗോപിനാഥന്, വിജയന് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: